Tuesday, July 22, 2008

സിങ്ങ്‌ പരിവാറും സംഘപരിവാറും

ആപത്തുകാലത്ത്‌ ഐ.സി.യുവില്‍ കിടക്കുന്ന കൂടപ്പിറപ്പിനെക്കാളും നമ്പാന്‍ പറ്റുക ജയിലില്‍കിടക്കുന്ന ശത്രുവിനെയാണെന്ന്‌ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ കോണ്‍ഗ്രസുകാര്‍ക്കുണ്ട്‌. അതു ലേശം കൂടുതല്‍ മനസ്സിലായിപ്പോയതുകൊണ്ടാണ്‌ നോട്ടുകെട്ടുകള്‍ നടുത്തളത്തില്‍ നടനമാടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സ്‌ പാതാളത്തോളം ഉയര്‍ത്തിയത്‌.

സര്‍ദാര്‍ജിയുടെ അന്നത്തിലല്ലേ പാറ്റവീഴുന്നത്‌, പോയാല്‍ പോട്ടെ എന്നൊരു ചിന്തയായിരുന്നു ആദ്യം മാഡത്തിന്‌. സായിപ്പ്‌ അടയാളപ്പെടുത്തിയ സ്ഥലത്ത്‌ അസ്സലൊരൊപ്പ്‌ വച്ചുകൊടുക്കണം എന്നൊരു കാര്യത്തില്‍മാത്രമേ മന്‍മോഹനും ലാല്‍കൃഷ്‌ണനും മനസാ യോജിപ്പുള്ളൂ. സിങ്ങുപരിവാറിന്റെ കൈകൊണ്ടായിക്കോട്ടേ ആ ഉദകക്രിയ എന്നൊരു അഭിപ്രായം സംഘപരിവാറിനുണ്ടായിരുന്നു എന്നുമാത്രം.

പണ്ടത്തെ അഭിപ്രായം സര്‍ക്കാര്‍ വീഴണം എന്നുതന്നെയായിരുന്നു. എന്നാലോ അതിനുമുമ്പേ കരാറൊപ്പിടണം. അത്രയേ ഉള്ളൂ അദ്വാനിയുടെ മനസ്സിലിരിപ്പ്‌. ഇടതുപക്ഷം എന്ന കുരുടനാണ്‌ സര്‍ക്കാരിന്റെ മികച്ച വഴികാട്ടി. രാവിലെ മുഖത്ത്‌ ഫിറ്റുചെയ്യുന്ന ആ ഫിക്‌സഡ്‌ സ്‌മൈലും തലേക്കെട്ടുമായി സര്‍ദാര്‍ജി അവര്‍ തെളിക്കുന്ന വഴിയേ നടക്കുകയായിരുന്നു പതിവ്‌.

അമേരിക്കയുമായുള്ള ഇടപാട്‌ സര്‍ദാര്‍ജിയുടെ തനിസ്വരൂപം കാട്ടിക്കൊടുത്തു. പിന്നെ സര്‍ദാര്‍ജി തെളിക്കുന്നതിലൂടെ കാരാട്ടും കൂട്ടരും നടക്കുകയായിരുന്നു. സര്‍ദാര്‍ കൂട്ടിക്കൊണ്ടുപോകുന്നത്‌ അവരവരുടെ ലക്ഷ്വറികുഴിമാടത്തിലേക്കാണെന്ന കാര്യം ബോദ്ധ്യപ്പെട്ടത്‌ ഇപ്പോഴാണ്‌. അതായത്‌ അമേരിക്ക, യാങ്കി, സി.ഐ.എ, തുടങ്ങിയ നിഴലിനോടേറ്റുമുട്ടി കളരിഗുരിക്കളായതാണ്‌ നമ്മുടെ ചരിത്രം. ആ നിഴലില്ലാണ്ടായാല്‍ പിന്നെ ഭാവിജീവിതം കട്ടപ്പൊക. ആ നിഴലിനോടേറ്റുമുട്ടിയതുകൊണ്ടുമാത്രമായിരന്നു റഷ്യ എഴുപത്തഞ്ചു വയസ്സുവരെ ജീവിച്ചത്‌. അതുകൂടിയില്ലായിരുന്നെങ്കില്‍ ബാലടീവി പിടിപെട്ടാകുമായിരുന്നു അന്ത്യം.

അപ്പോള്‍ പിന്നെ ഒരു മാര്‍ഗമേയുള്ളൂ. നമ്മുടെ പഴേ അടവ്‌. കോണ്‍ഗ്രസിനെ തോല്‌പിക്കാന്‍ ഏത്‌ ചെകുത്താനെയും കൂട്ടുപിടിക്കുക. ചെകുത്താനല്ല എന്നൊരഭിപ്രായം അവരവരെക്കുറിച്ച്‌ അവരവര്‍ക്കുതന്നെയില്ലാത്ത രണ്ടുകൂട്ടരാണ്‌ മാര്‍ക്‌സിസ്റ്റുകാരും സംഘപരിവാരങ്ങളും. ഗുജറാത്തും ബംഗാളും അവരുടെ സ്ഥിരോത്സാഹത്തിനുകിട്ടിയ അവാര്‍ഡുകളാണ്‌.

അങ്ങിനെ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവില്ല. അതു കറന്‍സി പോലെയാണ്‌. ഉടമസ്ഥന്‍ മാറിക്കൊണ്ടേയിരിക്കും. ഇന്നലെ അമരസിംഹന്റെ കോടികള്‍ ഇന്ന്‌ അശോക്‌ അര്‍ഗലിന്റേതാകും. അതേ കോടികള്‍ നാളെ ശതകോടികളായി അമരസിംഹനുതന്നെ തിരിച്ചെത്തും. അതുപോലെതന്നെയാണ്‌ ശത്രുതയും. നോട്ടുകെട്ടിന്‌ മാറ്റാന്‍ പറ്റാത്ത ശത്രുതയുണ്ടോ നാട്ടില്‍.

നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരു
സെക്യുലര്‍ ഗാനവും ഗണ്യമല്ലേതുമേ എന്നല്ലേ

അങ്ങു ദില്ലിയില്‍ ഇപ്പോള്‍ കുതിരകള്‍ ആളുകളെ കച്ചോടം ചെയ്യുകയാണോ അതോ ആളുകള്‍ കുതിരകളെ കച്ചോടം ചെയ്യുകയാണോയെന്നെന്നും കൃത്യമായി അറിയാന്‍ പറ്റുകയില്ല.

പാര്‍ലിമെന്റ്‌ എന്നുപറഞ്ഞാല്‍ മലബാറിലെ തിറപ്പറമ്പുപോലെയാണ്‌. മാന്യമാരുണ്ടാവും. മ.മ.മ. അല്ലേ വേണ്ട മത്തങ്ങാത്തലയന്‍മാരുമുണ്ടാവും. മുല്ലപ്പൂച്ചൂടിയ മലയാളി പെണ്‍കൊടികളുണ്ടാവും. കനമുള്ള മടിക്കുത്ത്‌ തേടുന്ന നിശാസുന്ദരിമാരുമുണ്ടാകും. സ്വന്തം ഭാവി രണ്ടടിവീതി മൂന്നടി നീളം ടെന്റിനകത്താണെങ്കിലും അന്ന്യന്റെ ഭാവിക്ക്‌ ആപത്തൊന്നുമില്ലാതെ നോക്കുന്ന 22 കാരാട്ട്‌ പ്രവാചകരുമുണ്ടാകും. സൈക്കിളോട്ടക്കാരനുണ്ടാകും. ഡിസ്‌കോഡാന്‍സറുമുണ്ടാകും. മുച്ചീട്ടുകളിക്കാരനുണ്ടാകും.

അവിടെ എത്ര രൂപയുടെ കച്ചവടമാണ്‌ നടക്കുകയെന്ന്‌ ആര്‍ക്കെങ്കിലുമറിയുമോ? തിറകഴിയുന്നതോടെ തിറപ്പറമ്പില്‍ തെയ്യം കെട്ടിയ മലയനൊഴിച്ച്‌ എല്ലാവരുടെയും കീശയില്‍ എന്തെങ്കിലും കാണും. കുടിച്ച്‌ വറ്റിച്ച ചാരായത്തിന്റെ കണക്ക്‌ ചോദിക്കുന്നതിനുമുന്‍പ്‌ തെയ്യം കെട്ടിയ വിദ്വാന്‍മാര്‍ ആരോടും കമാന്നൊരക്ഷരം ഉരിയാടാതെ സ്ഥലം കാലിയാക്കുകയാണ്‌ പതിവ്‌.

തെയ്യം കെട്ടുന്നവന്‌ ക്ഷേത്രത്തില്‍ ഷെയറുണ്ടാവുകയില്ല. കാരാട്ടിനുമില്ല. വൃത്തിയായൊന്ന്‌ കെട്ടിയാടി. മലയന്റെ സംതൃപ്‌തിയും അതുതന്നെയാണ്‌. പരിപൂര്‍ണ സംതൃപ്‌തിയോടെ ആടയാഭരണങ്ങളും അഴിച്ചുവച്ച്‌ കാരാട്ടും കൂട്ടരും നേരെയങ്ങുപോയി.

എന്തൊരു സുന്ദരമായ അവസ്ഥയായിരുന്നു ഇത്രനാളും. മാനത്തിന്‌ മാനം. ശമ്പളത്തിന്‌ ശമ്പളം. എ.സിയ്‌ക്ക്‌ എ.സി. ടി.എ യ്‌ക്ക്‌ ടി.എ, വാടകയ്‌ക്ക്‌ വാടക. കറക്കത്തിന്‌ കറക്കം. കമ്മിറ്റിക്ക്‌ കമ്മിറ്റി. മൃഷ്ടാന്ന ഭോജനം. എല്ലാറ്റിനുമുപരിയായി യാതൊരു ഉത്തരവാദിത്വങ്ങളുമില്ലാതെ ഇതെല്ലാം തരപ്പെടുത്തിക്കൊടുത്ത സിങ്ങിന്‌ ഇടക്കിടയ്‌ക്ക്‌ അന്ത്യശാസനവും. ലോകത്ത്‌ എവിടെയെങ്കിലുമുള്ള വിപ്ലവകാരികള്‍ക്കു കിട്ടിയിട്ടുണ്ടോ ഇത്ര ഭാഗ്യം. നേരും മര്യാദയുമുള്ള വിപ്ലവകാരികളാണെങ്കില്‍ ലോകത്തെവിടെയായാലും കാട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നെ അരമണിക്കൂര്‍ ഇടവിട്ട്‌ തല തപ്പിനോക്കേണ്ട അവസ്ഥയിലാണ്‌.

ജനിക്കുന്നുണ്ടെങ്കില്‍ വിപ്ലവകാരിയായി തന്നെ ജനിക്കണം. അങ്ങ്‌ മതേതര സൗദിയിലോ പാക്കിസ്ഥാനിലോ ഒന്നും പോയി ജനിച്ചുപോവരുത്‌. ജനിച്ചതേ ഓര്‍മ്മയുണ്ടാവുകയുള്ളൂ. ജനാധിപത്യ ഇന്ത്യയില്‍ തന്നെ ജനിക്കണം. ജനാധിപത്യത്തില്‍ ജനിച്ച്‌, ചളിക്കുണ്ടിലെ എരുമയെപ്പോലെ അതില്‍ കിടന്ന്‌ മദിച്ച്‌ ജീവിച്ച്‌ ഒരിക്കലും നടക്കുകയില്ലെന്ന്‌ അവരവര്‍ക്കറിയാവുന്ന വിപ്ലവത്തിന്റെ സാക്ഷാത്‌കാരത്തിനുവേണ്ടി ഖജനാവില്‍ നിന്നും ശമ്പളവും യാത്രപ്പടിയും പറ്റുന്ന ഏക വര്‍ഗമാണ്‌. അവരെ ഉപമിക്കാന്‍ ഈ പ്രപഞ്ചത്തില്‍ ജീവജാലങ്ങളില്ലാത്തതുകൊണ്ട്‌ സര്‍ക്കാര്‍ തുടര്‍ന്നും സംരക്ഷിക്കുക തന്നെയാണ്‌ വേണ്ടത്‌. അമേരിക്കയിലെ അമീഷുകളെപ്പോലെ ഒരു പ്രത്യേകവിഭാഗമായി സംരക്ഷിക്കേണ്ടതാണ്‌. കുലം അന്യംനിന്നുപോവരുതല്ലോ.

സിങ്ങ്‌ പരിവാരം വീണാലും കുഴപ്പമില്ല വീണില്ലേങ്കിലും കുഴപ്പമില്ലെന്നൊരു നിലപാടിലായിരുന്നു ആദ്യം സംഘപരിവാരം. കാരാട്ട്‌ മനസ്സില്‍ കാണുന്നത്‌ മാനത്ത്‌ കാണാന്‍ വേണ്ടിയാണ്‌ അടുത്തൂണ്‍ പറ്റിയ ബ്രിഗേഡിയര്‍മാരെയും ഐ.എ.എസ്സുകാരെയുമൊക്കെ ദിവസക്കൂലിക്ക്‌ നിയമിച്ചിട്ടുള്ളത്‌. അല്ലാതെ താടിനീട്ടി തൃശൂലം കൊണ്ട്‌ പുറം ചൊറിയുന്ന മഹാന്‍മാരുടെ വാക്കുകേട്ട്‌ നാളെ ഇന്ദ്രപ്രസ്ഥത്തില്‍ വാഴാമെന്ന വിശ്വാസമൊന്നും അദ്വാനിക്കില്ല.

ഇപ്പോള്‍ അദ്വാനിക്ക്‌ വേണ്ടത്‌ സിങ്ങ്‌ വീഴാതിരിക്കലാണ്‌. കാരണം ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ സ്‌നാനം കഴിഞ്ഞുവരുന്ന നമ്പൂതിരിപ്പാട്‌ കണികണ്ട കുറ്റിച്ചൂലായാണ്‌ മായാവതിയുടെ നില്‌പ്‌.

545 അംഗ സഭയില്‍ മായാവതിയുടെ സംഘബലം മധുരപ്പതിനേഴാണ്‌. അതുകൊണ്ടുതന്നെ മൂപ്പര്‍ പി.എം. ആവാന്‍ എന്തുകൊണ്ടും യോഗ്യയാണ്‌. ജനാധിപത്യത്തെപ്പറ്റി വല്ലാണ്ട്‌ ആഴത്തില്‍ പഠിച്ചതുകൊണ്ട്‌ കാരാട്ടിനും അത്‌ നല്ല നിശ്ചയമുണ്ട്‌. ഇതിനെക്കാളും നല്ലൊരു പ്രധാനമന്ത്രിയെ ഇനി കിട്ടിയെന്നും വരില്ല എന്ന്‌ സി.ബി.ഐ ക്കാരും അഭിപ്രായപ്പെട്ടതായും പറയപ്പെടുന്നു.

മായാവതിയോടൊപ്പം മായാവതിയല്ലാതെ ഒരാളെങ്കിലുമുണ്ടെങ്കില്‍ പ്രധാനമന്ത്രിസ്ഥാനം തന്നെ കൊടുക്കണമെന്നാണ്‌ നിത്യന്റെയും അഭിപ്രായം. ഇപ്പോള്‍ 17 പേരുള്ള സ്ഥിതിക്ക്‌ ചുരുങ്ങിയത്‌ അമേരിക്കന്‍ പ്രസിഡണ്ടെങ്കിലുമാക്കാനാണ്‌ കാരാട്ട്‌ ഉത്സാഹിക്കേണ്ടത്‌.

മായാവതിയുടെ മായാവലയത്തില്‍ ഇടതുപക്ഷം അകപ്പെട്ടതുകണ്ടപ്പോള്‍ അദ്വാനി കണക്കുകള്‍ മാറ്റിക്കൂട്ടി. സിങ്ങുതന്നെ ഭരിക്കട്ടെ. കരാറും ഒപ്പുവെയ്‌ക്കട്ടെ. ഇടതുപക്ഷവുമായി അടിച്ചുപിരിയുകയും ചെയ്യട്ടെ. ഇപ്പോതന്നെ ഗ്രഹണിപിടിച്ച അവറ്റകള്‍ ഇനി പട്ടിണികിടന്ന്‌ താമസിയാതെ ചത്തുകിട്ടുകയും ചെയ്യും. മായാവതിയുടെ കാറ്റും അതോടെ പോയിക്കിട്ടും. നമ്മളായിട്ട്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യേണ്ടതില്ല. അവസാനം ഒരുപിടി പച്ചമണ്ണ്‌ വാരിയിട്ട്‌ ഒരു മിനിറ്റ്‌ മൗനമാചരിക്കേണ്ട ചിലവേയുള്ളൂ. പിന്നെന്തിന്‌ പാരപണിയണം.

Saturday, July 12, 2008

കക്ഷത്തിലെ ജനാധിപത്യവും ഉത്തരത്തിലെ വിപ്ലവവും

നാട്ടില്‍ പണ്ട്‌ നിരത്തുമ്മല്‍ നാണു എന്നറിയപ്പെട്ടിരുന്ന ഒരടിക്കാരനുണ്ടായിരുന്നു. മുമ്പില്‍ എത്രവലിയ പുള്ളിയായാലും മൂപ്പരുടെ ഒരു ഡയലോഗുണ്ട്‌. "ഡാ ഞാനിങ്ങെണീറ്റാലുണ്ടല്ലോ"്‌. ഇതുകേട്ടാല്‍ തന്നെ ആളുകള്‍ വഴിമാറിപ്പോവുകയാണ്‌ പതിവ്‌. ഒരുദിവസം ഏതോ തലതിരിഞ്ഞവന്‍ തികച്ചും ഫ്രീയായി രണ്ടങ്ങുപൊട്ടിച്ചുകൊടുത്തു. അന്നാണ്‌ നിരത്തുമ്മല്‍ നാണു എണീക്കുകയില്ല എന്ന പ്രപഞ്ചസത്യം മാലോകര്‍ക്ക്‌ പിടികിട്ടിയത്‌.

ഇടതുപക്ഷത്തിന്റെ ആത്മീയാചാര്യനാവേണ്ട യോഗ്യത നാണൂനാണെന്ന സത്യം സര്‍ദാര്‍ജി ഇപ്പോള്‍ തെളിയിച്ചുകൊടുത്തു. നല്ല തഞ്ചോം ചാറ്റല്‍മഴയുമുള്ളപ്പോള്‍ വലവെയ്‌ക്കണം എന്ന തിരിച്ചറിവൊക്കെ സര്‍ദാര്‍ജിക്കുണ്ട്‌. ഇപ്പോള്‍ വലയില്‍ കിടന്ന്‌ പിടയ്‌ക്കുകയാണ്‌. ഇനി ഉപ്പുപുരട്ടുന്ന ശുഭമുഹൂര്‍ത്തം എപ്പോഴാണെന്നേ അറിയേണ്ടൂ.

ശ്‌ത്രുവിന്റെ കരുത്തു കുറച്ചുകാണാന്‍ പാടില്ല എന്ന മാവോ പഠിപ്പിച്ചതു മറന്നു. നമ്മള്‍ക്ക്‌ അപാര ബുദ്ധിയാണെന്ന ഒരു അന്ധവിശ്വാസവും പിടിപെട്ടു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

വിപ്ലവകാരികള്‍ കമ്മിറ്റികൂടി കടലാസുമായി ചെല്ലുമ്പോള്‍ മൊണാലിസയുടെ ചിരിപോലെ ഒന്ന്‌ സര്‍ദാര്‍ജി പാസാക്കും. ആചിരിയുടെ അര്‍ത്ഥം എന്തെന്നുതീരുമാനിക്കാന്‍ അടുത്തകമ്മിറ്റിയും കൊല്ലത്തെ അണ്ടിപ്പരിപ്പും പ്ലാച്ചിമടയിലെ കുപ്പിവെള്ളവും. ആദ്യത്തെ ദിവസം ഫസ്റ്റ്‌ അന്ത്യശാസനം. രണ്ടാം ദിവസം സെക്കന്റ്‌ അന്ത്യശാസനം. മൊത്തത്തില്‍ അന്ത്യശാസനത്തിന്റെ എണ്ണം പിടിക്കുവാന്‍ യെച്ചൂരിയുടെ കയ്യിലെ വിരലുമാത്രം മതിയാവില്ല, കാരാട്ടിന്റെ കാലിലെ വിരലും കൂടി വേണ്ടിവരും. എല്ലാം കൊടുത്തു സമയം ഒത്തുവന്നപ്പോള്‍ എല്ലാ അന്ത്യശാസനങ്ങള്‍ക്കും മറുപടിയായി സര്‍ദാര്‍ജി ഒടുക്കത്തെയൊരു ചിരി പാസാക്കി. സ്ഥലം വിട്ടോളാന്‍ പറഞ്ഞു.

വിപ്ലവം എന്ന സംഗതിക്ക്‌ ഇനി പ്രസക്തിയില്ലെന്ന്‌ കമ്മിറ്റികൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും വിപ്ലവകാരികള്‍ എന്നുതന്നെയാണ്‌ നമ്മളറിയപ്പെടുക. കലമില്ലെങ്കിലും കുശവന്‍ ഉള്ളതുപോലെ. ശരിക്കുപറഞ്ഞാല്‍ നമ്മുടെ മുഖ്യ ശത്രു ജനാധിപത്യമാണ്‌. ഫാസിസം എന്നുപറയുന്നത്‌ ഇരട്ടസഹോദരന്‍ തന്നെയാണ്‌. എന്നാലോ ജനാധിപത്യം പോലെ നേതാക്കള്‍ക്ക്‌ ഇത്രയും സുന്ദരമായ ഒരേര്‍പ്പാട്‌ വേറെയില്ലതാനും. ജനത്തിന്‌ കഞ്ഞികുടിക്കാന്‍ വകയില്ലെങ്കിലും ജനപ്രതിനിധിക്ക്‌ തങ്കഭസ്‌മം കൊണ്ട്‌ തുലാഭാരം തൂക്കാനുള്ള സംവിധാനമുണ്ട്‌. ശമ്പളം കൂട്ടാന്‍ ആരോടും ചോദിക്കേണ്ടതില്ല. സഭ കണ്ടാല്‍ പിന്നെ ആജീവനാന്തം പെന്‍ഷന്‍. ഇങ്ങിനെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം പേരിലെ വിപ്ലവമായതുകൊണ്ട്‌ ഒഴിവാക്കാനാകുമോ? ഇല്ല.

പക്ഷേ ഒന്നുരണ്ടു ചൊല്ലുകളെങ്കിലും ഓര്‍ക്കണമായിരുന്നു. ഒന്ന്‌ കാറ്റുള്ളപ്പോള്‍ തൂക്കണം. അതായത്‌ മുലായം മാഡത്തിന്റെ മനസ്സില്‍ കയറുന്നതിനുമുമ്പേ ഡിവോഴ്‌സ്‌ നോട്ടീസ്‌ കൊടുക്കണമായിരുന്നു. വേറൊന്ന്‌ കാതുകുത്തിയോന്‍ പോയാല്‍ കടുക്കനിട്ടോന്‍ വരും. ഇപ്പോ കണ്ടല്ലോ അത്‌.

ഇനി ശിഷ്ടകാലം ചെലവിടുവാന്‍ പറ്റിയ ഒരു മാര്‍ഗം. നേതാക്കള്‍ മൂന്നു ഷിഫ്‌റ്റായി ജോലിചെയ്യണം. രാവിലത്തെ ഷിഫ്‌റ്റുകാര്‍, ഉറക്കമുണര്‍ന്ന്‌ വിപ്ലവാചാര്യന്‍മാരെ വന്ദിച്ച്‌ നാലുകട്ടയില്‍ ഒന്നു ബലികുടീരങ്ങളേ ആലപിച്ച്‌ റോഡിലിറങ്ങി സര്‍ദാര്‍ജിയെ ചീത്തവിളിക്കുക. ഉച്ചയോടെ തുടങ്ങുന്നവര്‍ നടുറോഡിലിറങ്ങി ബുഷിന്റെ തന്തയ്‌ക്കുവിളിക്കുക. കേള്‍ക്കാതിരിക്കില്ല. രാത്രി ഷിഫ്‌റ്റുകാര്‍ സംഘപരിവാറിനെ കൊണ്ട്‌ ലോകത്ത്‌ ഇനി സംഭവിക്കാനിരിക്കുന്ന മഹാനാശങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‌ക്കരിച്ച്‌ മുന്നേറുക.

Tuesday, July 8, 2008

ഉയരട്ടങ്ങിനെ ഉയരട്ടെ സീലിങ്ങങ്ങിനെ ഉയരട്ടെ

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്‌ വേര്‍ഡ്‌ ക്ലാസസ്‌ ഒരൊന്നന്നര ശുപാര്‍ശയാണ്‌ നടത്തിയിരിക്കുന്നത്‌. ഈ ശുപാര്‍ശ അഥവാ റെക്കമന്റേഷന്‍ എന്നുപറഞ്ഞാല്‍ തന്നെ ഒരുതരം മറ്റേ പണിയാണെന്നാണു പൊതുധാരണ. ശുപാര്‍ശ ചെയ്യുന്നവന്‍ എന്ന പേര്‌ ദോഷം ഏതായാലും വന്നു. അതിലപ്പുറം ഒരു പേരുദോഷം ശുപാര്‍ശക്കുള്ളതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒ.ബി.സി ക്രീമിലേയര്‍ വരുമാനപരിധി 4.5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നേ മേമ്പ്രന്‍മാര്‍ ശുപാര്‍ശിച്ചുള്ളൂ. ആളുകള്‍ കരുതുന്നതുപോലെ തിന്ന അണ്ടിപ്പരിപ്പിന്റെ ഊക്കില്‍ ആയിപ്പോയതാണോ ആവോ?

ശുപാര്‍ശയെ വധിക്കുന്നത്‌ ദൂതനെ കൊല്ലുന്നതുപോലെയാണ്‌. ന്യായമായ ഒരു സംഗതിക്കും ശുപാര്‍ശയുടെ ആവശ്യമില്ല. നേരിട്ടുപോയി ചോദിച്ചാല്‍ അടിമാത്രമോ അതോ ചവുട്ടും കിട്ടുമോ അല്ല ഇനി രണ്ടും ചറപറാ വീഴുമോ എന്നൊക്കെ ചിന്തിക്കേണ്ടിവരുമ്പോഴാണ്‌ ദൂതനെ അയക്കുന്ന കാര്യം ആലോചിക്കുക.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായതുകൊണ്ട്‌ ഈ 4.5 ലച്ചം ശുപാര്‍ശിച്ചതിലാണ്‌ നിത്യന്റെ മനപ്രയാസം. ആ പരിധി ഒന്നുകില്‍ പരിധിയില്ലാതെ അങ്ങുയര്‍ത്തുക. അല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു 45 ലച്ചമാക്കിയെങ്കിലും ഉയര്‍ത്തുക. അതല്ലേ അതിന്റെയൊരു ന്യായം.

പ്രതിമാസം നാല്‌പതിനായിരം രൂപ വരുമാനമുള്ള പരമദരിദ്ര ഒ.ബി.സി മുതലാളിക്കും കെട്ടിയോള്‍ക്കം പിള്ളേര്‍ക്കം സര്‍ക്കാര്‍ ചിലവിനുകൊടുക്കണം എന്നുകൂടി പറയാമായിരുന്നു. ഇപ്പോള്‍ തിന്നതിന്റെ കൂടെ രണ്ടണ്ടിപ്പരിപ്പും കൂടി തിന്നാല്‍ അതിനുള്ള കരുത്തുകിട്ടുമായിരുന്നല്ലോ.

വിവരം ദാരിദ്ര്യരേഖയ്‌ക്ക്‌ ബഹുദൂരം താഴെയാവുമ്പോള്‍ വെളിപാടുകള്‍ ഇപ്പരുവത്തിലായിരിക്കും പുറത്തുവരിക. എന്നാല്‍ പിന്നെ ഈ ക്രീമിലെയര്‍ എന്ന സംഗതി അങ്ങെടുത്തുകളയാന്‍ പറഞ്ഞാല്‍ പോരായിരുന്നോ?

രാജ്യം ഇന്ത്യയാണെന്നും ഭരിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും താങ്ങുന്നവര്‍ മതേതര-വിപ്ലവ കുറുനരികളാണെന്നും വച്ച്‌ ഇങ്ങിനെയും ഒരു വഷളത്തരം എഴുന്നള്ളിച്ചുകളയാമോ? ഇന്ത്യയ്‌ക്കും പുറത്തും ഒരു ലോകമുള്ള വിവരം നമ്മള്‌ മനസ്സിലാക്കേണ്ടേ? ആ പ്രദേശത്തിനല്ലേ വിദേശം എന്നൊക്കെ പറയുക. ഇങ്ങിനെയുള്ള മന്ദബുദ്ധികളാണ്‌ ഇവിടം വാഴുന്നത്‌. അതുകൊണ്ട്‌ നമുക്ക്‌ ഇവറ്റകളെ ഒന്നും കൂടി കീഴടക്കിക്കളയാം എന്ന്‌ ആര്‍ക്കെങ്കിലും തോന്നിപ്പോയാലെന്താ ചെയ്യ്‌ക? പണ്ട്‌ മുഹമ്മദ്‌ ഘസ്‌നി 12 തവണ സോമനാഥക്ഷേത്രം കൊള്ളയടിച്ചെന്നാണ്‌ പറയപ്പെടുന്നത്‌. 12 തവണയും ഇന്ത്യയിലെ വിഡ്‌ഢികള്‍ ഘസ്‌നിയദ്ദേഹത്തിന്‌ എടുക്കാന്‍മാത്രം കാണിക്ക അതില്‍ കിറുകൃത്യമായി നിറച്ചുകൊണ്ടേയിരുന്നുവെന്നാണ്‌ ഐതിഹ്യം.

4.5ലച്ചമായല്ല സത്യമായും 45 ലക്ഷമായി ഉയര്‍ത്തണമെന്നാണ്‌ നിത്യന്‍ വാദിക്കുന്നത്‌. അല്ലെങ്കില്‍ മേലേന്ന്‌ ആ സീലിങ്ങ്‌ പറിച്ചുകളഞ്ഞ്‌ സ്‌കൈ ഈസ്‌ ദി ലിമിറ്റ്‌ എന്നൊരു ബോര്‍ഡ്‌ വെയ്‌ക്കുക.

കാരണം, മാസം നാല്‌പതിനായിരം വരുമാനമുള്ള ദരിദ്ര ഒ.ബി.സി ക്കാരന്‌ 80000 അടിച്ചുപൊളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അവന്‍ ഈസ്‌ ദരിദ്രന്‍ റ്റു ദ എക്‌റ്റന്‍ഡ്‌ ഓഫ്‌ ദ ഫോര്‍ട്ടി തൗസണ്ട്‌. അസീം പ്രേംജി കഴിഞ്ഞകൊല്ലം ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും ദരിദ്രനായ സമ്പന്നനായിരുന്നു. ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ്‌ വിലക്കെടുക്കണമെന്നാണ്‌ മൂപ്പരുടെ ആഗ്രഹം. കഴിയുന്നില്ല. എന്തുകൊണ്ടാണ്‌? ദാരിദ്ര്യം കൊണ്ട്‌. ്‌ മൂപ്പരും അത്രകണ്ട ദരിദ്രനാണ്‌.

നാല്‌പതിനായിരം നിത്യവരുമാനമുള്ള നടേശനായാലും സര്‍ക്കാര്‍ കൊടുക്കണം ഒരു ഗുമസ്‌തപ്പണി. കൊടുത്താല്‍ മാത്രം പോരാ ചില്ലറ ഭേദഗതിയും കൂടി വരുത്തണം. നാല്‌പതിനായിരം കിട്ടി ശീലിച്ചുപോയ ഒ.ബി.സിക്കാര്‍ക്ക്‌ തുടര്‍ന്നും ജീവിക്കണ്ടേ. ചെറിയൊരു ശമ്പള പരിഷ്‌കാരം.
അധോമണ്ഡല ഗുമസ്‌തന്‍ : ശമ്പളം. നാല്‌പതിനായിരം (ഒ.ബി.സിക്കുമാത്രം), 4000 (മറ്റുള്ളവര്‍ക്ക്‌). അല്ലെങ്കില്‍ പിന്നെ ജോലി കൊടുക്കുന്നത്‌ കയര്‍വാങ്ങിക്കൊടുക്കുന്നതിന്‌ സമമായിപ്പോകും.

ഏതായാലും ഇതെല്ലാം നടത്തുമ്പോള്‍, പണ്ട്‌ കുഞ്ചന്‍ പാടിയ കള്ളുകുടിപ്പാനല്ലാതൊന്നിന്‌ കൊള്ളരുതാത്തൊരു നായന്‍മാരുടെ ഗതിയുടെ ഗ്രാഫൊന്നു വരയ്‌ക്കുക. ബ്രഹ്മജ്ഞാനം സിദ്ധിച്ചപാടെ ഭൂസ്വാമിമാരായിമാറി പിന്നീട്‌ വേണ്ടസമയത്ത്‌ രാഷ്ട്രീയജ്ഞാനം സിദ്ധിക്കാത്തതുകൊണ്ട്‌ കബറടക്കാന്‍ ആറടിമണ്ണുകൂടിയില്ലാത്ത, ഇപ്പോള്‍ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത ബ്രഹ്മജ്ഞന്‍മാരുടെ തലയെണ്ണവും നടക്കട്ടെ. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത, അല്ലാഹുവും കര്‍ത്താവും സംയുക്തമായി രംഗത്തിറങ്ങിയാലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത മുസ്ലീങ്ങളുടെയും കൃസ്‌ത്യാനികളുടെയും കണക്കെടുപ്പുകള്‍ കൂടി നടക്കട്ടെ. റിസര്‍വേഷന്‍ എന്ന സംഗതി റെയില്‍വേസ്റ്റേഷനില്‍ കൂടി ഇന്നോളം കാണാനിടയില്ലാത്ത പണിയന്റെയും വേട്ടനായ്‌ക്കന്റെയും നാടിയുടെയും ....... ജീവിതത്തിന്റെ ചിത്രമെടുക്കട്ടെ.

ഇവര്‍ക്കൊന്നും റേഷന്‍കാര്‍ഡില്ലെങ്കില്‍, വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ജീവിക്കുന്നുവെന്നതിന്‌ തെളിവുണ്ടാവണമെന്നില്ല. അങ്ങിനെ വന്നാല്‍ അവര്‍ നരവംശത്തില്‍ പെടുന്ന ജീവജാലങ്ങളും നിലവില്‍ ജീവന്റെ തുടിപ്പുള്ളവരുമാണെന്ന്‌ ധര്‍മ്മാശുപത്രിയിലെ അപ്പോത്തിക്കിരിയെക്കൊണ്ട്‌ സാക്ഷ്യപ്പെടുത്താവുന്നതാണ്‌. ആയൊരൊപ്പു കിട്ടുവാന്‍ ഉള്ള കോണകം കഴിച്ചുകൊടുക്കേണ്ട്‌ ഗതിയാണെങ്കില്‍ പിന്നെ നല്ലത്‌ നേരെ അംശം അധികാരിയുടെ അടുത്തുപോയി കഴുത്തിന്‌ വെട്ടി ചോരയുണ്ടെന്ന്‌ കാണിക്കലാണ്‌. ജീവനില്ലെങ്കില്‍ ചോരവരികയില്ലല്ലോ.

അവകാശപ്പെടുന്നതുപോലെ മതേതരരാണ്‌ നമ്മളെങ്കില്‍ വേണ്ടത്‌ ഇക്കൂട്ടരെ മൊത്തം ഒരു കാലത്തും ഗുണംപിടിക്കാ മൈക്രോ ന്യൂനപക്ഷമാക്കി ജീവിക്കാനാവശ്യമായതെല്ലാം ഖജനാവില്‍ നിന്നു കൊടുക്കുകയാണ്‌. അല്ലാതെ നിലവില്‍ വലിയ വായില്‍ വെള്ളിക്കരണ്ടിയുള്ളവന്റെ അണ്ണാക്കിലേക്ക്‌ സ്വര്‍ണക്കരണ്ടി തിരുകിക്കൊടുക്കലല്ല.

Friday, July 4, 2008

ഉയരട്ടങ്ങിനെ ഉയരട്ടെ സീലിങ്ങങ്ങിനെ ഉയരട്ടെ

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്‌ വേര്‍ഡ്‌ ക്ലാസസ്‌ ഒരൊന്നന്നര ശുപാര്‍ശയാണ്‌ നടത്തിയിരിക്കുന്നത്‌. ഈ ശുപാര്‍ശ അഥവാ റെക്കമന്റേഷന്‍ എന്നുപറഞ്ഞാല്‍ തന്നെ ഒരുതരം മറ്റേ പണിയാണെന്നാണു പൊതുധാരണ. ശുപാര്‍ശ ചെയ്യുന്നവന്‍ എന്ന പേര്‌ ദോഷം ഏതായാലും വന്നു. അതിലപ്പുറം ഒരു പേരുദോഷം ശുപാര്‍ശക്കുള്ളതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒ.ബി.സി ക്രീമിലേയര്‍ വരുമാനപരിധി 4.5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നേ മേമ്പ്രന്‍മാര്‍ ശുപാര്‍ശിച്ചുള്ളൂ. ആളുകള്‍ കരുതുന്നതുപോലെ തിന്ന അണ്ടിപ്പരിപ്പിന്റെ ഊക്കില്‍ ആയിപ്പോയതാണോ ആവോ?

ശുപാര്‍ശയെ വധിക്കുന്നത്‌ ദൂതനെ കൊല്ലുന്നതുപോലെയാണ്‌. ന്യായമായ ഒരു സംഗതിക്കും ശുപാര്‍ശയുടെ ആവശ്യമില്ല. നേരിട്ടുപോയി ചോദിച്ചാല്‍ അടിമാത്രമോ അതോ ചവുട്ടും കിട്ടുമോ അല്ല ഇനി രണ്ടും ചറപറാ വീഴുമോ എന്നൊക്കെ ചിന്തിക്കേണ്ടിവരുമ്പോഴാണ്‌ ദൂതനെ അയക്കുന്ന കാര്യം ആലോചിക്കുക.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായതുകൊണ്ട്‌ ഈ 4.5 ലച്ചം ശുപാര്‍ശിച്ചതിലാണ്‌ നിത്യന്റെ മനപ്രയാസം. ആ പരിധി ഒന്നുകില്‍ പരിധിയില്ലാതെ അങ്ങുയര്‍ത്തുക. അല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു 45 ലച്ചമാക്കിയെങ്കിലും ഉയര്‍ത്തുക. അതല്ലേ അതിന്റെയൊരു ന്യായം.

പ്രതിമാസം നാല്‌പതിനായിരം രൂപ വരുമാനമുള്ള പരമദരിദ്ര ഒ.ബി.സി മുതലാളിക്കും കെട്ടിയോള്‍ക്കം പിള്ളേര്‍ക്കം സര്‍ക്കാര്‍ ചിലവിനുകൊടുക്കണം എന്നുകൂടി പറയാമായിരുന്നു. ഇപ്പോള്‍ തിന്നതിന്റെ കൂടെ രണ്ടണ്ടിപ്പരിപ്പും കൂടി തിന്നാല്‍ അതിനുള്ള കരുത്തുകിട്ടുമായിരുന്നല്ലോ.

വിവരം ദാരിദ്ര്യരേഖയ്‌ക്ക്‌ ബഹുദൂരം താഴെയാവുമ്പോള്‍ വെളിപാടുകള്‍ ഇപ്പരുവത്തിലായിരിക്കും പുറത്തുവരിക. എന്നാല്‍ പിന്നെ ഈ ക്രീമിലെയര്‍ എന്ന സംഗതി അങ്ങെടുത്തുകളയാന്‍ പറഞ്ഞാല്‍ പോരായിരുന്നോ?

രാജ്യം ഇന്ത്യയാണെന്നും ഭരിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും താങ്ങുന്നവര്‍ മതേതര-വിപ്ലവ കുറുനരികളാണെന്നും വച്ച്‌ ഇങ്ങിനെയും ഒരു വഷളത്തരം എഴുന്നള്ളിച്ചുകളയാമോ? ഇന്ത്യയ്‌ക്കും പുറത്തും ഒരു ലോകമുള്ള വിവരം നമ്മള്‌ മനസ്സിലാക്കേണ്ടേ? ആ പ്രദേശത്തിനല്ലേ വിദേശം എന്നൊക്കെ പറയുക. ഇങ്ങിനെയുള്ള മന്ദബുദ്ധികളാണ്‌ ഇവിടം വാഴുന്നത്‌. അതുകൊണ്ട്‌ നമുക്ക്‌ ഇവറ്റകളെ ഒന്നും കൂടി കീഴടക്കിക്കളയാം എന്ന്‌ ആര്‍ക്കെങ്കിലും തോന്നിപ്പോയാലെന്താ ചെയ്യ്‌ക? പണ്ട്‌ മുഹമ്മദ്‌ ഘസ്‌നി 12 തവണ സോമനാഥക്ഷേത്രം കൊള്ളയടിച്ചെന്നാണ്‌ പറയപ്പെടുന്നത്‌. 12 തവണയും ഇന്ത്യയിലെ വിഡ്‌ഢികള്‍ ഘസ്‌നിയദ്ദേഹത്തിന്‌ എടുക്കാന്‍മാത്രം കാണിക്ക അതില്‍ കിറുകൃത്യമായി നിറച്ചുകൊണ്ടേയിരുന്നുവെന്നാണ്‌ ഐതിഹ്യം.

4.5ലച്ചമായല്ല സത്യമായും 45 ലക്ഷമായി ഉയര്‍ത്തണമെന്നാണ്‌ നിത്യന്‍ വാദിക്കുന്നത്‌. അല്ലെങ്കില്‍ മേലേന്ന്‌ ആ സീലിങ്ങ്‌ പറിച്ചുകളഞ്ഞ്‌ സ്‌കൈ ഈസ്‌ ദി ലിമിറ്റ്‌ എന്നൊരു ബോര്‍ഡ്‌ വെയ്‌ക്കുക.

കാരണം, മാസം നാല്‌പതിനായിരം വരുമാനമുള്ള ദരിദ്ര ഒ.ബി.സി ക്കാരന്‌ 80000 അടിച്ചുപൊളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അവന്‍ ഈസ്‌ ദരിദ്രന്‍ റ്റു ദ എക്‌റ്റന്‍ഡ്‌ ഓഫ്‌ ദ ഫോര്‍ട്ടി തൗസണ്ട്‌. അസീം പ്രേംജി കഴിഞ്ഞകൊല്ലം ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും ദരിദ്രനായ സമ്പന്നനായിരുന്നു. ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ്‌ വിലക്കെടുക്കണമെന്നാണ്‌ മൂപ്പരുടെ ആഗ്രഹം. കഴിയുന്നില്ല. എന്തുകൊണ്ടാണ്‌? ദാരിദ്ര്യം കൊണ്ട്‌. ്‌ മൂപ്പരും അത്രകണ്ട ദരിദ്രനാണ്‌.

നാല്‌പതിനായിരം നിത്യവരുമാനമുള്ള നടേശനായാലും സര്‍ക്കാര്‍ കൊടുക്കണം ഒരു ഗുമസ്‌തപ്പണി. കൊടുത്താല്‍ മാത്രം പോരാ ചില്ലറ ഭേദഗതിയും കൂടി വരുത്തണം. നാല്‌പതിനായിരം കിട്ടി ശീലിച്ചുപോയ ഒ.ബി.സിക്കാര്‍ക്ക്‌ തുടര്‍ന്നും ജീവിക്കണ്ടേ. ചെറിയൊരു ശമ്പള പരിഷ്‌കാരം.
അധോമണ്ഡല ഗുമസ്‌തന്‍ : ശമ്പളം. നാല്‌പതിനായിരം (ഒ.ബി.സിക്കുമാത്രം), 4000 (മറ്റുള്ളവര്‍ക്ക്‌). അല്ലെങ്കില്‍ പിന്നെ ജോലി കൊടുക്കുന്നത്‌ കയര്‍വാങ്ങിക്കൊടുക്കുന്നതിന്‌ സമമായിപ്പോകും.

ഏതായാലും ഇതെല്ലാം നടത്തുമ്പോള്‍, പണ്ട്‌ കുഞ്ചന്‍ പാടിയ കള്ളുകുടിപ്പാനല്ലാതൊന്നിന്‌ കൊള്ളരുതാത്തൊരു നായന്‍മാരുടെ ഗതിയുടെ ഗ്രാഫൊന്നു വരയ്‌ക്കുക. ബ്രഹ്മജ്ഞാനം സിദ്ധിച്ചപാടെ ഭൂസ്വാമിമാരായിമാറി പിന്നീട്‌ വേണ്ടസമയത്ത്‌ രാഷ്ട്രീയജ്ഞാനം സിദ്ധിക്കാത്തതുകൊണ്ട്‌ കബറടക്കാന്‍ ആറടിമണ്ണുകൂടിയില്ലാത്ത, ഇപ്പോള്‍ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത ബ്രഹ്മജ്ഞന്‍മാരുടെ തലയെണ്ണവും നടക്കട്ടെ. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത, അല്ലാഹുവും കര്‍ത്താവും സംയുക്തമായി രംഗത്തിറങ്ങിയാലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത മുസ്ലീങ്ങളുടെയും കൃസ്‌ത്യാനികളുടെയും കണക്കെടുപ്പുകള്‍ കൂടി നടക്കട്ടെ. റിസര്‍വേഷന്‍ എന്ന സംഗതി റെയില്‍വേസ്റ്റേഷനില്‍ കൂടി ഇന്നോളം കാണാനിടയില്ലാത്ത പണിയന്റെയും വേട്ടനായ്‌ക്കന്റെയും നാടിയുടെയും ....... ജീവിതത്തിന്റെ ചിത്രമെടുക്കട്ടെ.

ഇവര്‍ക്കൊന്നും റേഷന്‍കാര്‍ഡില്ലെങ്കില്‍, വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ജീവിക്കുന്നുവെന്നതിന്‌ തെളിവുണ്ടാവണമെന്നില്ല. അങ്ങിനെ വന്നാല്‍ അവര്‍ നരവംശത്തില്‍ പെടുന്ന ജീവജാലങ്ങളും നിലവില്‍ ജീവന്റെ തുടിപ്പുള്ളവരുമാണെന്ന്‌ ധര്‍മ്മാശുപത്രിയിലെ അപ്പോത്തിക്കിരിയെക്കൊണ്ട്‌ സാക്ഷ്യപ്പെടുത്താവുന്നതാണ്‌. ആയൊരൊപ്പു കിട്ടുവാന്‍ ഉള്ള കോണകം കഴിച്ചുകൊടുക്കേണ്ട്‌ ഗതിയാണെങ്കില്‍ പിന്നെ നല്ലത്‌ നേരെ അംശം അധികാരിയുടെ അടുത്തുപോയി കഴുത്തിന്‌ വെട്ടി ചോരയുണ്ടെന്ന്‌ കാണിക്കലാണ്‌. ജീവനില്ലെങ്കില്‍ ചോരവരികയില്ലല്ലോ.

അവകാശപ്പെടുന്നതുപോലെ മതേതരരാണ്‌ നമ്മളെങ്കില്‍ വേണ്ടത്‌ ഇക്കൂട്ടരെ മൊത്തം ഒരു കാലത്തും ഗുണംപിടിക്കാ മൈക്രോ ന്യൂനപക്ഷമാക്കി ജീവിക്കാനാവശ്യമായതെല്ലാം ഖജനാവില്‍ നിന്നു കൊടുക്കുകയാണ്‌. അല്ലാതെ നിലവില്‍ വലിയ വായില്‍ വെള്ളിക്കരണ്ടിയുള്ളവന്റെ അണ്ണാക്കിലേക്ക്‌ സ്വര്‍ണക്കരണ്ടി തിരുകിക്കൊടുക്കലല്ല.

Friday, June 27, 2008

മതമില്ലാത്ത 'ജീവനും' ജീവനില്ലാത്ത മതവും

ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച്‌ തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ്‌ ചോദ്യം.

അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട്‌ മീശക്കാരും എല്ലാം ഒത്തൊരുമിച്ച്‌ ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത്‌ ഏഴാം ക്ലാസിലെ പാഠപുസ്‌്‌തകം കത്തിച്ചുകിട്ടുന്ന ചൂടാണ്‌ ഏകരക്ഷ.

ലോകത്തെവിടെയും തെരുവുപിള്ളേര്‍ കൂടി ഒരു പുസ്‌തകം റോഡില്‍ കണ്ടാല്‍ അതെടുത്തൊന്നു വായിച്ചുനോക്കുകയാണ്‌ പതിവ്‌. റോഡിലെ പുസ്‌തകവണ്ടി പിടിച്ചുവച്ച്‌ അതെല്ലാം വാരിവലിച്ച്‌ ചവുട്ടിക്കൊരട്ടി തീവെക്കാന്‍ കഴിയുന്ന യോഗ്യര്‍ താലിബാനികള്‍മാത്രമാണെന്നാണ്‌ നിത്യന്‍ കരുതിയത്‌. അതേ ജനുസ്സില്‍ പെട്ട സുമനസ്സുകളുടെ ഉടമകള്‍ മലബാറിലും ഉണ്ടെന്ന്‌ കടലാസുകാര്‍ കാട്ടിത്തന്നു.

എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നവന്റെ തലതല്ലിപ്പൊളിക്കാന്‍ ഉയരുന്ന ഏമാന്‍മാരുടെ ലാത്തികളൊന്നും അന്നവറ്റകളുടെ കാലുതല്ലിയൊടിക്കാന്‍ ഉയരാത്തത്‌ മതനിരാസ (സെക്യുലാറിസം) ത്തിനുള്ള ശരിയായ ഭീഷണിയാണ്‌.

സകല മതഭ്രാന്തന്‍മാരും ഇപ്പോള്‍ 'മതമില്ലാത്ത ജീവനെ' തല്ലിക്കൊല്ലാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. കയ്യുംകെട്ടി ഇരിക്കാന്‍ പറ്റുമോ? എഴാംക്ലാസിലെ ഈ പാഠത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയങ്ങോട്ട്‌ കൃസ്‌തുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം ഭാവി.

ഇന്നലെ വരെയെന്തായിരുന്നു പാഠപുസ്‌തം കൊണ്ടുണ്ടായ നേട്ടം എന്നാലോചിക്കണമാദ്യം. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിക്കുന്നതോടുകൂടി കുട്ടികള്‍ ഒന്നടങ്കം പലായനം ചെയ്‌ത്‌ പൊന്നാനിയിലോ ചങ്ങനാശ്ശേരിയിലോ എത്തും. തെക്കോട്ടുപോയവര്‍ പിന്നീട്‌ ഒരു കവിളും പൊത്തിപ്പിടിച്ച്‌ മറ്റേക്കവിളത്തടിക്കാന്‍ പറ്റിയ ആളെയും നോക്കി തിരിച്ചുനടക്കും. വടക്കോട്ടുപോയവര്‍ നല്ലൊരു തലേക്കെട്ടും കെട്ടി തിരിച്ചുവന്ന്‌ എല്ലാം വിറ്റുപെറുക്കി ദരിദ്രര്‍ക്ക്‌ സക്കാത്തും കൊടുത്ത്‌ ഹജ്ജിന്‌ പോകാന്‍ പറ്റിയ പത്തേമാരിയും കാത്ത്‌ മാനം നോക്കി കിടക്കും.

നാളെയോ? ഏഴാം ക്ലാസിലെ പാഠം പഠിക്കുന്നതോടുകൂടി പിള്ളേരുടെ തലയില്‍നിന്നും മതം അപ്രത്യക്ഷമാവും. ദൈവവിചാരം നേര്‍ത്തുനേര്‍ത്തുവന്ന്‌ തീരെ ഇല്ലാതാകുന്ന ശുഭമുഹൂര്‍ത്തമാവും വര്‍ഷാന്തപരീക്ഷ. ദൈവവിചാരം ഡീലീറ്റായ സ്ഥലത്താണെങ്കില്‍ ശെയ്‌ത്താനായ വൈരുദ്ധ്യാത്മക ഭൗതീകവാദം ഇരമ്പിക്കയറും. അതോടെ പള്ളിക്കൂടം വിടുന്ന പിള്ളാര്‍ പള്ളിക്കെതിരെ തിരിയും. തെക്കോട്ടു പോകുന്നവര്‍ കോട്ടയം അതിരൂപതലക്ഷ്യം വച്ചും വടക്കോട്ട്‌ തിരിഞ്ഞവര്‍ പൊന്നാനിയിലേക്കും കുതിക്കും. പൊന്നാനിയിലെ വിശ്വാസത്തിന്റെ മാറ്റക്കച്ചടവും ചങ്ങനാശ്ശേരിയിലെ മാമോദീസയും അതോടെ അകാലചരമമടയും.

ഭൂമി ഉരുണ്ടതാണെന്ന സത്യം വിളിച്ചുപറഞ്ഞപ്പോള്‍ കത്തോലിക്കാസഭ ജേര്‍ഡനോ ബ്രൂണോയെ ചുട്ടുകൊന്നു. ബൈബിളിലെ പരന്ന ഭൂമി ഉരുണ്ടാല്‍ അരമനകള്‍ നിലം പൊത്തി അച്ചന്‍മാര്‍ പെരുവഴിയാധാരമാവും എന്നായിരുന്നു വിചാരം. ശാസ്‌ത്രത്തിന്റെ തേര്‌ അതിനുശേഷവും പ്രകാശവേഗത്തില്‍ ഉരുണ്ടപ്പോള്‍, കളവുകള്‍ ഒന്നൊന്നായി നിലം പൊത്തിയപ്പോഴും അരമനകള്‍ വിലങ്ങനെ വളര്‍ന്നുവെന്നതാണ്‌ സത്യം.

ഭൂമി ഉരുണ്ടതാണെന്നതിലും വലിയ കണ്ടുപിടുത്തമൊന്നുമല്ലല്ലോ 'മതമില്ലാത്ത ജീവന്‍'. അതുകൊണ്ട്‌ മതമില്ലാത്ത ജീവന്‍ വായിക്കുന്നതോടുകൂടി കണ്‍ട്രോളുവിടുന്ന പിള്ളേര്‍ വിശ്വാസത്തിന്റ അന്ത്യകൂദാശയും ജനാസനമസ്‌കാരവും കഴിഞ്ഞേ എട്ടാം ക്ലാസില്‍ കയറൂ എന്നുപദേശിച്ചു കൊടുത്ത വിഡ്ഡിയാണ്‌ എക്കാലത്തെയും മുന്തിയ പ്രവാചകന്‍.

മനനം കൊണ്ടല്ലാതെ പഠനം കൊണ്ട്‌ മനുഷ്യന്‍ നല്ലവനാവുമെന്നൊരു തെറ്റിദ്ധാരണ ഏതായാലും നിത്യനില്ല. അങ്ങിനെയാണെങ്കില്‍ സമൂഹത്തിന്‌ ഏറ്റവും ഭീഷണിയായ ക്രിമിനലുകളായി ഐ.പി.എസുകാരും ഐ.എ.എസ്സുകാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും മാറുകയില്ലല്ലോ.

ഒരു യഥാര്‍ത്ഥ ഭക്തനും ഒന്നാം തരം അവിശ്വാസിയും ഋഷിതുല്യരായിരിക്കും എന്നാണ്‌ നിത്യന്റെ ധാരണ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ ശ്രീനാരായണഗുരു ബോധവല്‌ക്കരിച്ചപ്പോള്‍ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ബോധവല്‌ക്കരിച്ചത്‌ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌ എന്നായിരുന്നു. ബോധവല്‌ക്കരണത്തിന്റെ ഗുണമെത്താന്‍ വൈകിയില്ല. അയ്യപ്പന്റെ തല വെളിച്ചം കണ്ടാല്‍ അടി പുറത്തുവീഴുന്ന അവസ്ഥ.

അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു - നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌. ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

പണ്ട്‌ മുകുന്ദനെഴുതിയത്‌ വായിച്ച്‌ ഒരു തലമുറ വഴിതെറ്റിപ്പോയിയെന്ന്‌ ഏതോ വിഡ്‌ഢി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. മുകുന്ദന്റെ വരികള്‍ക്ക്‌ ഒരു തലമുറയെ വഴിതെറ്റിക്കാനാവുമെങ്കില്‍ ബൂദ്ധന്റെ പേരുകേട്ടാല്‍ തന്നെ ലോകത്തിന്റെ തന്നെ വഴി നേര്‍ക്കായിപ്പോവണമല്ലോ.

കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടായി എന്നു ഡാര്‍വിന്‍ പറഞ്ഞയുടനെ ജീസസും മുഹമ്മദ്‌ നബിയും അന്ത്യശ്വാസം വലിച്ചിട്ടില്ല. ശാസ്‌ത്രം പുരോഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ കൊട്ടകൊത്തളങ്ങള്‍ നിലം പൊത്തുമെന്നത്‌ മന്ദബുദ്ധികളുടെ ഒരന്ധവിശ്വാസമാണ്‌. അതിന്റെ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ്‌ ബ്രൂണോ.

പോത്തുപെറ്റെന്നു കേട്ടപ്പോള്‍ പണിക്കര്‍ കയറെടുത്തതിന്റെ കാരണമാണ്‌ ഒരു സമസ്യയായി അവശേഷിക്കുന്നത്‌. അദ്ധ്യാത്മികതയുടെ നാലയലത്ത്‌ പണ്ട്‌ അടുപ്പിച്ചുകൂടാത്ത സംഗതിയായിരുന്നു സെക്‌സ്‌. അക്കാലത്ത്‌ കാമശാസ്ര്‌തം വിരചിച്ച വാത്സ്യായന്‌ മഹര്‍ഷിപദം നല്‌കിയ സംസ്‌കാരമാണ്‌ ഹൈന്ദവസംസ്‌കാരം.

ബലികൊടുക്കപ്പെട്ട മൃഗം സ്വര്‍ഗത്തില്‍ പോവുമെങ്കില്‍ നിന്റെ മാതാപിതാക്കളെ വെട്ടി ബലി കൊടുക്ക്‌. അവര്‍ വഴിതെറ്റി നരകത്തിലെത്തിപ്പോകേണ്ട്‌ സ്വര്‍ഗത്തില്‍ തന്നെയാവട്ടെ എന്നു കളിയാക്കിയ ലോകത്തിലെ ആദ്യത്തെ യുക്തിവാദിയായ ചര്‍വ്വാകനും അവിടെ മഹര്‍ഷിപദവിയുണ്ട്‌. അങ്ങിനെ എത്രയോ പേര്‍. യവനനായ അലക്‌സാണ്ടര്‍ തൊട്ടിങ്ങോട്ട്‌ ശീമസായ്‌പ്‌ വരെ ഉഴുതുമറിച്ചിട്ടും ആ ചിന്താധാരയുടെ ഉറവവറ്റാതിരുന്നത്‌ ഇതെല്ലാം കൊണ്ടാണ്‌.

സ്വച്ഛന്ദമൃത്യുവാണ്‌ അത്തരം ആശയങ്ങള്‍. അവയുടെ സംരക്ഷണത്തിന്‌ തത്‌ക്കാലം പണിക്കരുടെയോ കാവികെട്ടിയ കുന്തത്തിന്റെയോ യാതൊരാവശ്യവുമില്ല. അവരുള്ളതാണാപത്ത്‌. ലോകം ഇവറ്റകളെനോക്കി ഹിന്ദുമതത്തെ വിലയിരുത്തിക്കളയും.

ബുദ്ധമതത്തില്‍ ചേരാന്‍പോയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട്‌ ബുദ്ധസന്ന്യാസി താന്‍ ബുദ്ധനുവേണ്ടി എന്തുചെയ്യും എന്നുചോദിച്ചിരുന്നുപോലും. അപ്പോ ഘനഗംഭീര ശബ്ദത്തില്‍ നീണ്ടു നിവര്‍ന്നു നിന്ന്‌ സീരിയല്‍ നായകനെപ്പോലെ ചുള്ളിക്കാട്‌ പറഞ്ഞു "ഞാന്‍ പ്രതിരോധിക്കും. ബുദ്ധനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കും". സന്ന്യാസി പ്രതിവചിച്ചത്‌ നിന്റെ സഹായമില്ലാതെ തന്നെ രണ്ടായിരം കൊല്ലമായി ബുദ്ധന്‍ ജീവിക്കുന്നുണ്ട്‌ എന്നായിരുന്നു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ നശിപ്പിക്കാനേ താലിബാനികള്‍ക്കാവുകയുള്ളൂ. ബുദ്ധനെ തകര്‍ക്കാന്‍ പ്രതിമതകര്‍ത്തവന്‍ ഒരായിരം ജന്‍മം ജനിച്ചാലും നടക്കുമെന്ന്‌ തോന്നുന്നില്ല.

സാക്ഷാല്‍ ഇ.എം.എസ്സിനും നായനാര്‍ക്കും മരണം വരെ നിഴലുപോലെ കൂടെ നടന്ന ആര്യാ അന്തര്‍ജനത്തിന്റെയും ശാരദടീച്ചറുടെയും വിശ്വാസം മാറ്റിയെടുക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ പിന്നെ ബാക്കി മാനവരുടെ കാര്യത്തെ പറ്റി ആരും ബേജാറാവേണ്ടതേയില്ല. കിത്താബിന്റെ അണിയറ പ്രവര്‍ത്തകനായ ബേബിസഖാവിന്റെ ഭാര്യ ബെറ്റിക്ക്‌ സഖാവിലുള്ളതിലും വിശ്വാസം കര്‍ത്താവിലുള്ളതുകൊണ്ടാണല്ലോ പരിശുദ്ധപിതാവിന്റെ കൈ മുത്തിയത്‌.

Saturday, June 21, 2008

കേരളസര്‍വ്വകലാശാല അഥവാ കേരളസര്‍വ്വകലാപശാല

കല ഒരു കലാപമാണെങ്കില്‍ തീര്‍ച്ചയായും കലാശാലകള്‍ കലാപശാലകളാണ്‌. സര്‍വ്വകലാശാലകള്‍ സര്‍വ്വകലാപശാലകളുമാണ്‌. ആയിരിക്കുകയും വേണം. എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. തല വെളിച്ചം കണ്ടയുടനെയുള്ള ആ നിലവിളി ബുദ്ധിശക്തിക്കുള്ള ആദ്യത്തെ സര്‍ട്ടിഫിക്കറ്റാണ്‌. തമസ്സല്ലോ സുഖപ്രദം എന്നായിരിക്കണം ആ നിര്‍ത്താതെയുള്ള ആദ്യനിലവിളിയുടെ അര്‍ത്ഥം.

അതായത്‌ എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസം ഭൂരിപക്ഷത്തെയും മന്ദബുദ്ധികളാക്കുന്നു. ലോകത്തിലെ പലേ സര്‍വ്വകലാശാലകളും ആ നാടിന്റെ അഭിമാനസ്‌തംഭങ്ങളാണ്‌. എന്നാല്‍ വേറിട്ടൊരു ചാനലുപോലെ വേറിട്ടൊരു സംഭവമാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകള്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്‌. ഇവിടെ മന്ദബുദ്ധികള്‍ക്കുവേണ്ടി മന്ദബുദ്ധികളാല്‍ നടത്തപ്പെടുന്ന മന്ദബുദ്ധികളുടെ മഹാസംരംഭമാണ്‌ സര്‍വ്വകലാശാലകള്‍ എന്നാണ്‌ അക്കൂട്ടരുടെ പ്രചരണം.

ചുരുക്കിപ്പറഞ്ഞാല്‍
സര്‍വ്വകലാശാലയെന്നു കേട്ടാലോ
അപമാനപൂരിതമാകണമന്തരംഗം
സിണ്ടിക്കേറ്റെന്നുകേട്ടാലോ
ഊരിപ്പിടിക്കണം മെതിയടി കരങ്ങളില്‍
വീസിയെന്നു കേട്ടാലോ
മൂടുതാങ്ങിയെന്നു നിനക്കണം

ഇപ്പോള്‍ കടലാസുകളില്‍ കാണുന്നത്‌ കേരള സര്‍വ്വകലാശാലയുടെ അസിസ്‌റ്റന്റ്‌ നിയമന മാമാങ്കത്തെപ്പറ്റിയാണ്‌. അതായത്‌ നല്ലൊരു പരൂഷ നടത്തി. പരൂഷക്ക്‌ പഠിച്ചവരും പഠിക്കണമെന്നു മനസ്സില്‍ നിനച്ചവരും അപേക്ഷ അയച്ചവരും അയക്കണമെന്നു നിനച്ചവരും എല്ലാം റാങ്കുലിസ്റ്റില്‍. ലോകചരിത്രത്തിലെ ആദ്യത്തെ മഹാ പരൂഷയാണ്‌ നടന്നത്‌. മഹാന്‍മാര്‍ പരൂഷനടത്തുമ്പോള്‍ തീര്‍ച്ചയായും പരീക്ഷിക്കപ്പെടുവാന്‍ മന്ദബുദ്ധികല്ല ക്യൂ നില്‍ക്കുക. നിലവിലുള്ള മഹാന്‍മാരും ഭാവിയിലേക്കുള്ള മഹാന്‍മാരുമാണ്‌. ഇവിടെയും അതുതന്നെ സംഭവിച്ചു. തികച്ചും സ്വാഭാവികം. അങ്ങിനെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്നതുപോലെ പേനയെടുത്തോനെല്ലാം ചിത്രഗുപ്‌തന്‍മാരാവാന്‍ പരൂഷയില്‍ യോഗ്യതനേടി. അങ്ങിനെ യാതൊരു പക്ഷഭേദമോ പക്ഷപാതമോ ഇല്ലാത്ത പ്രാകൃത കമ്മ്യൂണിസം പ്രാകൃതര്‍ നടപ്പിലാക്കിയെന്നാണ്‌ പച്ചപ്പരിഷ്‌കാരികളുടെ അഭിപ്രായം.

പരൂഷക്ക്‌ ഹാജരാവുന്ന എല്ലാ ബൈഹാര്‍ട്ട്‌ ബുദ്ധിജീവികള്‍ക്കും ഒന്നാം റാങ്കുതന്നെ കൊടുക്കണമെന്നായിരുന്നു സോഷ്യലിസ്‌റ്റ്‌ സിണ്ടിക്കേറ്റിന്റെ ആഗ്രഹം. സര്‍വ്വകലാശാലയില്‍ ഒരിക്കലെങ്കിലും കാലുകുത്താന്‍ ഇടയായ ഹതഭാഗ്യന്‍ ഒരു മഹാജ്ഞാനായായാണ്‌ തിരിച്ചിറങ്ങുക. അതായത്‌ നമ്മള്‍ ദര്‍ശിച്ച ഇരുകാലിയുടെ സീറ്റില്‍ ഒരു നാല്‌ക്കാലിയിരുന്നാലും ഇപ്പോഴത്തേതുപോലെ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്ന ബോധോദയത്തോടെ.

അപ്പോള്‍ വന്നവരെല്ലാം യോഗ്യന്‍മാരല്ല ബഹുയോഗ്യന്‍മാര്‍തന്നെയാണെന്ന്‌ സാധാരണക്കാര്‍ക്കെന്നല്ല ഏതു വീസിക്കും തിരുപാടുകിട്ടും. എന്നാലോ ഒന്നാം റാങ്ക്‌ രണ്ടായിരം പേര്‍ പങ്കുവെയ്‌ക്കുന്ന സാങ്കേതികവിദ്യ സോവിയറ്റുയൂണിയന്‍ കൂടി കണ്ടുപിടിക്കാത്തതുകൊണ്ട്‌ രക്ഷയില്ലാണ്ടായി. അതുകൊണ്ട്‌ ഒരു ചിത്രഗുപ്‌തനെ കൂപ്പിട്ടു. റജിസ്‌ട്രേഷന്‍ നമ്പര്‍ കൊടുത്തപോലെതന്നെ റാങ്കുനമ്പറുകള്ളൂം അങ്ങുചാര്‍ത്തിക്കൊടുക്കാന്‍ ഉത്തരവിട്ടു. അതായത്‌ സാങ്കല്‌പിക സോഷ്യലിസം.

തുടര്‍ന്ന്‌ തുടര്‍വിദ്യാഭ്യാസം പോലെ അടുത്തഘട്ടം. അഭിമുഖം മാരത്തോണ്‍. ശാസ്‌ത്രം പഠിച്ചോര്‍ക്ക്‌ മുഴുവന്‍ ഐന്‍സ്‌റ്റെയിനെ വെല്ലുന്ന ബുദ്ധി. ഗണിതം പഠിച്ചവരാകട്ടെ സകലവും ചുരുങ്ങിയത്‌ രാമാനുജന്‍മാര്‍. ചരിത്രം പഠിച്ചവര്‍ കുറുപ്പന്‍മാര്‍. സാഹിത്യം പഠിച്ചോര്‍ പെരിയ അഴീക്കോടായില്ലെങ്കില്‍ ചിന്നകുഞ്ഞമ്മദുമാര്‍. ആരെയാണ്‌ സുഹൃത്തേ തള്ളുക ആരെയാണ്‌ കൊള്ളുക. ഇന്റര്‍വ്യൂ നടത്തിയവര്‍ ഒടുക്കം കയറുമായി മച്ചും തേടി നടന്നു എന്നാണ്‌ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം. ലേശം ശേഷിക്കുറവുള്ളവര്‍ വിഷം കഴിച്ചു മരിക്കാനും തീരുമാനിച്ചതായും.

ആയൊരു ഘട്ടത്തിലാണ്‌ തലപ്പത്തുള്ള രാജ്യസ്‌നേഹികളുടെ ബുദ്ധിയുടെ റിസര്‍വോയര്‍ നിറഞ്ഞുകവിഞ്ഞത്‌. എല്ലാവരും ഒന്നിനൊന്നു മെച്ചമാവുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ അടുത്ത വഴി നോക്കുകയാണ്‌ ബുദ്ധി. ഒരു വിപ്ലവാവബോധ പരീക്ഷ. ആച്ഛന്‍ ആനക്കാരനാണെങ്കില്‍ മോന്റെ ആസനത്തിന്‌ തഴമ്പുണ്ടാവണം എന്നത്‌ യോഗ്യത. അച്ഛനോ അമ്മാവനോ ഇതുമല്ലെങ്കില്‍ പായുമ്പോള്‍ തൊട്ടുപോയ വകേല കാരണവരോ വിപ്ലവകാരിയായി ഉണ്ടങ്കില്‍ രക്ഷപ്പെട്ടു.

ആകാശത്തെ നക്ഷത്രങ്ങളെപ്പോലെയാണ്‌ വിപ്ലവകാരികള്‍. എത്രയെത്ര ആളുകള്‍ക്കാണ്‌ അക്കൂട്ടര്‍ വഴികാട്ടുക. ഒരു നാട്ടിലേക്കൊന്നുണ്ടെങ്കില്‍ ആ നാടുതന്നെ പ്രകാശമാനമായി. അപ്പോ കുടുംബത്തിലെ കാര്യം പറയണ്ടതുണ്ടോ? അപ്പോള്‍ വിപ്ലവകുടുംബത്തില്‍ പെട്ടവനാണെങ്കില്‍ തീര്‍ച്ചയായും രണ്ടായിരംകാരന്‍ രണ്ടാമനായി വാഴ്‌ത്തപ്പെടും. താങ്ക്‌സ്‌ റ്റു വിപ്ലവവീര്യം ഈതര്‍ ബൈ മക്കത്തായം ഓര്‍ മരുമക്കത്തായം. ഇത്തരം വസ്‌തുതകളൊന്നും വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്യാതെയാണ്‌ മാധ്യമ സിണ്ടിക്കേറ്റുകള്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റുകള്‍ക്കെതിരായി തിരിയുന്നത്‌. അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം ഇതു തള്ളിക്കളഞ്ഞിരിക്കുകയാണ്‌. അതു പക്ഷേ പ്രതിഫലിക്കുക അടുത്ത തിരഞ്ഞെടുപ്പില്‍ മാത്രമായിരിക്കും.

അതു ചീറ്റിയപ്പോള്‍ തൊടുത്തു അടുത്ത ആരോപണം. 2000 പേര്‍ പരൂഷയെഴുതിയ ഉത്തരക്കടലാസുകള്‍ കാണുന്നില്ല. വല്യ കാര്യായിപ്പോയി. ഈ മാധ്യമ പോഴന്‍മാരുടെ ആസനത്തില്‍ ......കാലം കഴിഞ്ഞിരിക്കുകയാണ്‌. (സുധാകരസാഹിത്യവുമായി ഈ വരികള്‍ക്ക്‌ ബന്ധം തോന്നുന്നെങ്കില്‍ അത്‌ തികച്ചും യാദൃച്ഛികമാണ്‌)

ചന്ദ്രനില്‍ കാലുകത്തിയപ്പോള്‍ ആംസ്‌ട്രോങ്‌ പറഞ്ഞത്‌ എ സ്‌മോള്‍ സ്‌റ്റെപ്പ്‌ ഫോര്‍ എ മാന്‍, ബട്ട്‌ എ ജയന്റ്‌ ലീപ്പ്‌ ഫോര്‍ മാന്‍കൈന്‍ഡ്‌ എന്നാണ്‌. അത്രയ്‌ക്കൊന്നും വരില്ലല്ലോ രണ്ടായിരം കടലാസുകള്‍. അന്നുപോയ വാഹനം നാസ കത്തിച്ച്‌ ചിതാഭസ്‌മം ഹിമാലയത്തില്‍ വിക്ഷേപിച്ചു എന്നാണ്‌ പിന്നീട്‌ അതേപ്പറ്റി ചോദിച്ചവര്‍ക്ക്‌ കിട്ടിയ മറുപടി. യാതൊരു വ്യത്യാസവും പറയാനില്ലാത്ത രണ്ടായിരം പേപ്പറുകള്‍ വെറുതെ കെട്ടിവച്ച്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നതിലും ഭേദം അതുതന്നെയാണ്‌. കൂട്ടിയിട്ട്‌ കത്തിച്ച്‌ ആ ചിതാഭസ്‌മം സരസ്വതി നദിയിലങ്ങോട്ടങ്ങ്‌ ഒഴുക്കി.

പിന്നൊന്ന്‌ സര്‍വ്വകലാശാലകളിലെ നിയമനങ്ങളെല്ലാം കുടൂംബക്കാര്‍ക്ക്‌ വീതിച്ചുകൊടുക്കുന്നവെന്നാണ്‌. എന്താണതിലിത്രയ്‌ക്കൊരു തെറ്റ്‌. കലയെപ്പറ്റി ആദ്യം പഠിക്കണം വിഡ്ഡികള്‍.

പാരമ്പര്യമായി കൈമാറപ്പൈടുന്നവയാണ്‌ അനുഷ്‌ഠാന കലകള്‍. കല ഒരു കലാപമാണെങ്കില്‍ കലാബോധവും കലാപബോധവും തലമുറതലമുറയായി കൈമാറപ്പെടും. അപ്പോ കുടുംബക്കാര്‍തന്നെയാണ്‌ സര്‍വ്വഥാ യോഗ്യര്‍. വിപ്ലവവീര്യം നിറഞ്ഞുപതയുന്നവര്‍ അകത്തുനില്‌ക്കുമ്പോള്‍ പുറത്തുള്ളവര്‍ക്ക്‌ കൊടുത്ത്‌ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാത്തതാണ്‌ ബുദ്ധി. അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തുമെല്ലാം കേരളത്തിലെ തനതു കലാരൂപങ്ങളായി അരങ്ങുതകര്‍ക്കുമ്പോള്‍ എല്ലാറ്റിനും കൂടി എക്കാലത്തെയും നല്ലൊരു വേദി കൊടുത്ത വീസിക്കും ടീമിനും അഭിവാദ്യങ്ങള്‍. സുഹൃത്തേ വിപ്ലവം ചുകപ്പുനാടയിലൂടെയാണു ഇനികടന്നു വരിക. അല്ലെങ്കില്‍ ലോട്ടറിടിക്കറ്റിലൂടെ.


Friday, May 30, 2008

ആള്‍ദൈവങ്ങളും സാംസ്‌കാരികദൈവങ്ങളും

'ഇടപെടല്‍' കുഞ്ഞമ്മദ്‌ സഖാവിന്റെ മംഗളത്തിലെ കോളമാകുന്നു. ഇത്തവണ കുഞ്ഞമ്മദ്‌ക്ക ഇടപെട്ട്‌ ചവുട്ടി നടുവൊടിച്ചത്‌ ആള്‍ദൈവങ്ങളുടേതാണ്‌. കാവി, സംഘപരിവാര്‍, ആര്‍.എസ്‌.എസ്‌ കാപാലികര്‍, ഗുജറാത്ത്‌, മോഡി, തുടങ്ങിയ പദാവലികള്‍ കളിയാടേണം തവ നാവിന്‍ തുമ്പില്‍ വാരിധി തന്നില്‍ തിരമാലകളെന്നപോലെ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ. എന്നാലേ സംഗതി പുരോഗമനമാവൂ.

സംഘപരിവാരങ്ങളാണ്‌ കേരളത്തില്‍ ആള്‍ദൈവങ്ങളുടെ സംരക്ഷരെന്നാണ്‌ സാംസ്‌കാരികദൈവത്തിന്റെ വാദം. തങ്ങളെത്തന്നെ സംരക്ഷിക്കാന്‍ പറ്റാത്ത വര്‍ഗമാണ്‌ അവറ്റകള്‍. ദൈവം സഹായിച്ച്‌ നാലുവോട്ട്‌ പണ്ടുമില്ല ഇന്നുമില്ല. ഉള്ളത്‌ കിട്ടിയവിലയ്‌ക്ക്‌ വിറ്റ്‌ കാശാക്കുന്നതുകൊണ്ട്‌ തേക്കടിയിലെ ആനകളുടെ എണ്ണമെടുക്കലാണ്‌ സംഘപരിവാരക്കാരുടെ എണ്ണം പിടിക്കുന്നതിലുമെളുപ്പം. ഇത്രയും കോടികളുടെ കച്ചവടം അവറ്റകളാണ്‌ നടത്തിയിരുന്നെങ്കില്‍ അടി കണ്ണൂരില്‍ ചറപറാ കിട്ടുമ്പോള്‍ നല്ല നാലു കുപ്പി കുഴമ്പെങ്കിലും മേടിക്കാനുള്ള വഹ തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ 10000 പേര്‍ക്കുതന്നെ ഒരു വൈദ്യനില്ലെങ്കിലും ആള്‍ക്കൊന്നുവീതം ആള്‍ദൈവങ്ങളുണ്ടായത്‌ ചില്ലറക്കാര്യമാണോ? ഓരോരുത്തനെ പിടിക്കുമ്പോഴും പോലീസുകാര്‍ക്ക്‌ വിളിവരുന്നത്‌ കൈലാസത്തില്‍ നിന്നോ വെകുണ്‌ഠത്തില്‍ നിന്നോ അല്ല. അനുയായികള്‍ രണ്ടേരണ്ടു വര്‍ഗത്തില്‍ പെട്ടവരാണ്‌. ഒന്ന്‌ കഴുതകള്‍ രണ്ട്‌ കുറുക്കന്‍മാര്‍. കഴുതകള്‍ കിട്ടിയ പേട്ടടി മഹാഭാഗ്യമായി കരുതി സമാധാനിച്ചുകൊള്ളും. കുറുക്കന്‍മാര്‍ തടഞ്ഞത്‌ പോവാതെ നോക്കും. അതാണിപ്പോ നടന്നുകൊണ്ടിരിക്കുനനത്‌.

ഇവറ്റകള്‍ ഇങ്ങിനെ കൊഴുത്ത്‌ ആലപൊളിക്കുന്ന ഘട്ടമെത്തിയിട്ടും ഇന്റര്‍പോള്‍ വരെ അന്വേഷിക്കുന്ന മഹാന്‍മാരായിട്ടും ഇവിടത്തെ പോലീസുകാരറിഞ്ഞില്ല. അവരറിയാത്തതുകൊണ്ട്‌ ഭരണകൂടവും അറിഞ്ഞില്ല. ആരും പത്രസമ്മേളനം വിളിച്ചിക്കാര്യം പറയാത്തതുകൊണ്ട്‌ മാധ്യമങ്ങളുമറിഞ്ഞില്ല. എന്തൊരു ജാഗ്രത.

`ചെറുകിട ദൈവങ്ങള്‍ വലയില്‍ കുടുങ്ങുമ്പോഴും വന്‍ കുത്തകദൈവങ്ങള്‍ വലയ്‌ക്കു വെളിയിലിരുന്നു ചിരിയ്‌ക്കുകയാണ്‌. ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ എന്ന്‌ ബ്രഹ്‌ത്‌` അങ്ങിനെയാണ്‌ മൂപ്പര്‍ 'ഇടപെടല്‍' അവസാനിപ്പിക്കുന്നത്‌.

അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെ പേരെടുത്തുപറഞ്ഞ കിത്താബ്‌ ഇതിനകം വന്നതാണ്‌. സന്ന്യാസി ശ്രേഷ്‌ഠന്‍മാരുടെ അടികൊണ്ട്‌ മരിച്ചവരില്‍ ഒരാള്‍ ഒരു സൈദ്ധാന്തികാചാര്യന്റെ അനുജനുമാണ്‌. ഇപ്പോ ഭരണമല്ലേ കയ്യിലുള്ളത്‌. ആ വള്ളിക്കാവിലമ്മേന വിലങ്ങുവെച്ച്‌ തെരുവീഥികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കുവാനുള്ള സൂപ്പര്‍ ചാന്‍സല്ലേ കിട്ടിയിട്ടുള്ളത്‌. എന്തിനത്‌ കളഞ്ഞുകുളിക്കണം.

പണ്ട്‌ ഒരു ദണ്ഡനമസ്‌കാരം ഗുരുദക്ഷിണയായി സ്വീകരിച്ച്‌ പതഞ്‌ജലി മഹര്‍ഷി പകര്‍ന്നുകൊടുത്ത യോഗയുടെ നിലവിലുള്ള മാര്‍ക്കറ്റിനെപറ്റി വല്ലതുമറിയോ സഖാവിന്‌. വലിച്ച ശ്വാസത്തിന്റെ എണ്ണത്തിന്‌ കാശുവാങ്ങുന്ന ശ്വാസംവലിയാചാര്യനെ വിപ്ലവകാരികളുടെ ആസ്ഥാനത്തേക്ക്‌ കെട്ടിയെഴുന്നള്ളിച്ചതിന്റെ പൊരുള്‍ പെരിയ വിപ്ലവകാരികളോടാണ്‌ ചോദിക്കേണ്ടത്‌.

കുത്തകകള്‍ക്കെതിരെ വിപ്ലവം നടത്താന്‍ പുറപ്പെട്ട ദരിദ്രവാസികള്‍ എത്തിനില്‍ക്കുന്ന ആസ്‌തി വിവരിക്കാന്‍ ആയിരം നാവുള്ള അനന്തന്‍ തന്നെ പ്രത്യക്ഷപ്പെടേണ്ടിവരുന്ന അവസ്ഥയാണ്‌. കച്ചോടം ചെയ്‌തിട്ടാണെന്നെങ്കിലും പറയാനുള്ള വഹ കുത്തകകള്‍ക്കുണ്ട്‌. ആത്മീയതയിലൂടെ പണമുണ്ടാക്കുന്ന സന്ന്യാസി തെമ്മാടിയാണ്‌. ആദര്‍ശം വിറ്റ്‌ പണമുണ്ടാക്കുന്ന ആദര്‍ശവാദികളാവട്ടെ അതിന്റെ പത്തിരട്ടി തെമ്മാടികളാണ്‌. സന്ന്യാസിക്ക്‌ പത്താളെ പറ്റിക്കാം. എന്നാല്‍ ഒരു ജനതയെ പറ്റിച്ചതിനു വിചാരണചെയ്യപ്പെടേണ്ടവര്‍ പുറത്താണ്‌.

ലോകത്തെ ഏറ്റവും മെച്ചപ്പെട്ട മതേതരപ്രതിഭ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ കര്‍ണാടകത്തില്‍ സംഘപരിവാരത്തെ ഇപ്പരുവത്തിലാക്കിക്കൊടുത്തതിന്റെ കാരണം കൂടി ഒന്നു നോക്കണം. ഗൗഡര്‍ രാവിലെ എങ്ങോട്ടുതിരിഞ്ഞെഴുന്നേല്‍ക്കണം അനന്തരം മൂത്രം തെക്കുവടക്കായോ വടക്കുകിഴക്കായോ ഒഴിക്കേണ്ടത്‌ എന്ന്‌ കണിയാന്‍ പറയണം. ഇപ്പോ പാലം വലിച്ച്‌ മുഖ്യമന്ത്രിയായില്ലെങ്കില്‍ പിന്നെ ആയുസ്സില്‌ നോക്കേണ്ടെന്ന്‌ കണിയാന്‍ മോനോടു പറഞ്ഞു. മോന്‍ നേരെ പോയി സംഘപരിവാര ക്യാമ്പിലേക്ക്‌്‌. ബുദ്ധി ദാരിദ്ര്യരേഖക്ക്‌ എന്നും താഴെയായിരുന്ന അക്കൂട്ടര്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ചാടിവീണു. യെഡ്യൂരപ്പ പൊക്കി. കുമാരസ്വാമി കയറി. ഗൗഡര്‍ വലതുകൈ കുമാരുവിന്റെ മൂര്‍ദ്ദാവില്‍ വെച്ചനുഗ്രഹിക്കുമ്പോള്‍ ഇടതുകൈകൊണ്ട്‌ നെഞ്ചത്തടിച്ച്‌ ഇടതുപക്ഷത്തിനെ തൃപ്‌തിപ്പെടുത്തി. പിന്നീട്‌ സ്വന്തം കണിയാന്‍ ഗൗഡരെ ഉപദേശിച്ചു. പാലം വലിക്കാന്‍ മതേതരശക്തികളോടൊപ്പം ചേര്‍ന്ന്‌ ഉഗ്രപ്രതാപിയായി കുമാരുവിന്‌ വീണ്ടും മുഖ്യനാവാന്‍. വലിച്ചു പാലം കുമാരു. പതിച്ചു യെഡ്യൂരപ്പ ധരണിയില്‍. പൊട്ടിച്ചു വോട്ടര്‍മാര്‍ കവിളത്ത്‌.

അങ്ങിനെ മൊത്തത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യമെന്ന സംഗതി തന്നെ കറങ്ങുന്നത്‌ പണ്ട്‌ ധീരേന്ദ്ര ബ്രഹ്മചാരി മുതലിങ്ങോട്ട്‌ സായിബാബയും അമൃതാനന്ദമയിയും വരെയുള്ള കോടിപതികള്‍ക്കു ചുറ്റുമാണ്‌. പിന്നെ കുറെ കണിയാന്‍ മാര്‍ക്കു ചുറ്റും. ജനാധിപത്യത്തിന്റ നെടുംതൂണുകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്‌. ജുഡീഷ്യറി, മീഡിയ എല്ലാറ്റിന്റെയും തലപ്പത്തുള്ള കുറെയാളുകളുടെ ഇരിപ്പ്‌ ഇവറ്റകളുടെ പാദാന്തികങ്ങളിലാവുമ്പോള്‍ ബാബയുടെ ആശ്രമത്തിലെ കൊലപാതകം ആരാണന്വേഷിക്കുക? ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഘപരിവാരം എന്തെങ്കിലും ചില്ലറ പങ്കുവഹിച്ചതായി ശ്‌ത്രുക്കള്‍ കൂടി പറയുകയില്ല.

കേരളത്തില്‍ നോക്കുക. തിരഞ്ഞെടുപ്പടുത്താല്‍ തലയില്‍ മുണ്ടിട്ട വിപ്ലവകാരികള്‍ പണ്ടൊരു പള്ളി പൊളിച്ച കഥപറയുന്ന പൊറാട്ടുനാടകവുമായി തലേക്കെട്ടുകാരുടെയും താടിക്കാരുടെയും ആസ്ഥാനവുമന്വേഷിച്ച്‌ പുറപ്പെടും. അവിടുന്നിറങ്ങി അരമനകള്‍ തോറും താണ്ടി അച്ചന്‍മാരുടെ കാലുപിടിച്ച്‌ തിരിച്ചിറങ്ങും. നേരെ പോയി സ്വയം കൊട്ടാതെ കാലാകാലമായി മറ്റുള്ളവരെക്കൊണ്ട്‌ മാത്രം കൊട്ടിക്കുന്ന പണിക്കരുടെ നായര്‍മടയിലേക്ക്‌. അവിടെ പെരുന്നയിലെ മുറ്റത്ത്‌ നിന്ന്‌ നന്നായി നട്ടെല്ലുവളച്ച്‌ കൊട്ടിക്കയറുമ്പോള്‍ പണിക്കരു പറയും മിടുമിടുക്കന്‍. പോയി ജയിച്ചു വാ! രക്ഷപ്പെട്ടു. വിട്ടു നേരെ നടേശ ഗുരു സവിധത്തിലേക്ക്‌. നാരായണഗുരു ഇപ്പോഴുണ്ടെങ്കില്‍ മൂപ്പര്‍ക്ക്‌ ശിഷ്യപ്പെടുമായിരുന്നു എന്നോ മറ്റോ ഒന്നു കാച്ചിയാല്‍ ഉറച്ചു. അല്ലെങ്കില്‍ മൂപ്പരുടെ അപാര ബുദ്ധിയെ ഒന്നു പ്രകീര്‍ത്തിച്ചാല്‍ രക്ഷപ്പെട്ടു. പോക്കിങ്ങനെയാവുമ്പോള്‍ ഭാവിയുണ്ട്‌. വിപ്ലവത്തിന്റെ ഭാവിയെക്കുറിച്ച്‌ ഇനി ചിന്തിക്കേണ്ടെന്ന്‌ തീര്‍പ്പായ സ്ഥിതിക്ക്‌ വിപ്ലവകാരികളുടെ ഭാവിയെപ്പറ്രി ഇനി ആശങ്ക വേണ്ടതില്ല. വെച്ചടി വെച്ചടി കേറ്റം.

കേരളത്തില്‍ മഹാന്‍മാരുടെ എണ്ണം കോഴിക്കോട്ടെ കൊതികിനെപ്പോലെ പെരുകിക്കൊണ്ടേയിരിക്കുകയാണ്‌. എന്നാല്‍ പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്താനാവശ്യമായത്രയും മന്ദബുദ്ധികളുടെ എണ്ണം ആനുപാതികമായി കൂടുന്നുമില്ല.

മഹാന്‍മാരുടെ അന്തരംഗം ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുപോലെയായിരിക്കണം. മാളത്തില്‍ നിന്ന്‌ വെളിയിലേക്ക്‌ തലയിടുന്ന പാമ്പുകളായി ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ആ ഓര്‍മ്മകള്‍ ഫണം വിരിച്ചാടുമ്പോഴാണല്ലോ മഹദ്വചനങ്ങളുടെ നാഗനൃത്തം നടക്കുക.

കുഞ്ഞമ്മദ്‌ക്കായുടെ പ്രത്യയശാസ്‌ത്രാവബോധം പണ്ടേ പേരുകേട്ടതാണ്‌. അടുത്തകാലത്തൊരു കണ്ടുപിടുത്തം നടത്തി. അച്ചുതാനന്ദന്‍ ആള്‍ദൈവമാണ്‌. സഖാവിന്റെ ഭാവഹാവാദികള്‍ കണ്ടപ്പോള്‍ താമസിയാതെ പ്രത്യയശാസ്‌ത്രപാണ്ഡിത്യത്തിന്‌ വെള്ള പുതപ്പിച്ചുപോവുമെന്നൊരുതോന്നലാണുണ്ടായത്‌. അതുകൊണ്ട്‌ സധൈര്യം പത്തടി പിന്നോട്ടുമാറി. അതിനും വിശദീകരണമുണ്ട്‌. പണ്ട്‌ ഗലീലിയോ സ്വന്തം തല രക്ഷിക്കാന്‍ വേണ്ടി ഭൂമി പരന്നതാണെന്നു പറഞ്ഞില്ലേ? ആ കളവ്‌ അന്നുപറഞ്ഞതുകൊണ്ടാണല്ലോ പിന്നീടത്‌ തെളിയിക്കാന്‍ ഗലീലിയോ ബാക്കിയായത്‌. മഹാന്‍മാര്‍ അങ്ങിനെയാണ്‌. ഭാവിയിലായിരിക്കും കണ്ണ്‌.

പിന്നീട്‌ 'എടോ ഗോപാലകൃഷ്‌ണാ' വിളിയുടെ വാങ്‌മൊഴി സൗന്ദര്യത്തിലായി പഠനം. മാതൃഭൂമിക്കാര്‍ ഇങ്ങോട്ടു വന്ന്‌ വെള്ളപുതപ്പിക്കുമെന്നൊരു ഭയം അസ്ഥാനത്തായതുകൊണ്ട്‌ പഠനം തുടരുന്നുണ്ടാകണം. ലോകത്തിലൊരു പദമോ പദാവലിയോ അശ്ലീലമല്ല. ഉദാഹരണത്തിന്‌ നായും നായിന്റെ മോനും. എന്തൊരു മധുരമനോജ്ഞപദം. ആലയിലുള്ള പശുവിനെ നായേ എന്നു സംബോധനചെയ്യുമ്പോള്‍ മാത്രമാണല്ലോ അത്‌ അശ്ലീലമാവുക.

അദ്ധ്യാപകന്‍ എന്ന സങ്കല്‌പം കാലപ്രവാഹത്തില്‍ ഫെസിലിറ്റേറ്ററായി രൂപാന്തരം പ്രാപിച്ചെന്ന കാര്യത്തില്‍ ഒരു പ്രൊഫെസര്‍ക്കും സംശയത്തിന്‌ വഴിയില്ല. അതായത്‌ ഒരു സുഹൃത്തും വഴികാട്ടിയുമായി അദ്ധ്യാപകന്‍ ഉയര്‍ന്നു അഥവാ താഴ്‌ന്നു. അപ്പോള്‍ ക്ലാസിലെ പിള്ളേര്‍ നാളെ , 'എടോ കുഞ്ഞമ്മദ്‌ക്കാ ജ്ജ്‌ന്താപ്പാ ഇങ്ങ്‌നെ പോയത്തരം പറേണ ഹമുക്കെ' ന്ന്‌ ചോദിക്കുമ്പോഴേക്കും പ്രൊഫസര്‍ വാങ്‌മയ സൗന്ദര്യത്തെപ്പറ്റി പണ്ട്‌ പറഞ്ഞ ആ ഗ്രന്ഥരചനയും മുഴുമിപ്പിച്ചുകളയരുത്‌.

ഇനി, എം.പി. നാരായണപ്പിള്ളാസ്‌ തീയ്യറി വച്ച്‌ സാഹിത്യകാരന്‍ ഒരാവശ്യം വന്നാല്‍ ആരെയും കടിക്കുന്ന തെരുവുനായായിരിക്കണം. കൂട്ടിലിട്ട വാലാട്ടുന്ന അല്‍സേഷ്യനായിരിക്കുകയുമരുത്‌. ഇതേ തീയ്യറിവെച്ചും പ്രയോഗത്തിന്റെ വാങ്‌മയവിസ്‌മയഭംഗി വച്ചും ജനം സാഹിത്യകാരന്‍മാരെ അങ്ങിനെതന്നെ സംബോധനചെയ്യുന്ന കാലം അടുത്തുതന്നെ സമാഗതമാവുമെന്നുതോന്നുന്നു.

സ്‌ത്രീ എപ്പോള്‍ കാമപൂരണത്തിനുമാത്രം ഉപയോഗിക്കുന്നുവോ അപ്പോള്‍ ആ ഗൃഹം വേശ്യാലയമാകുന്നു എന്ന്‌ വിക്ടര്‍ യൂഗോ. ബുദ്ധിയും അറിവും എപ്പോള്‍ തലതിരിഞ്ഞ വാദങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നുവോ അപ്പോള്‍ ബുദ്ധിജീവികള്‍ ചന്ദനം ചുമക്കുന്ന കഴുതകളായി മാറുന്നു എന്നാരും പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. മണ്ടത്തരം പറയുവാനുള്ള ജനാധിപത്യപരമായ അവകാശം എല്ലാ മഹാന്‍മാര്‍ക്കും ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ട്‌. എന്നാല്‍ അത്‌ മറ്റുള്ളവര്‍ വിശ്വസിക്കണമെന്നു പറയുവാനുള്ള അവകാശം മണ്ടന്‍മാര്‍ക്ക്‌ റിസര്‍വ്വ്‌ ചെയ്‌തിട്ടുമുണ്ട്‌. തല്‌ക്കാലം ഇത്രമാത്രം.

Wednesday, May 28, 2008

നാടകം : മതേതര ഗൗഡയും നാല്‌പത്തിയൊന്ന്‌ അനുയായികളും

2006 ജനുവരിയില്‍ കര്‍ണാടകയില്‍ ദളം പൊട്ടിച്ച്‌ കൂമാരു ബി.ജെ.പിയോടൊപ്പം കൂടി അരങ്ങേറിയ ഗൗഡ നാടകത്തെപ്പറ്റി അന്നെഴുതി പ്രസിദ്ധീകരിച്ച സംഗതി ഇപ്പോള്‍ ബ്ലോഗിലിടുന്നു. വെറുതെ ഒരു തിരിഞ്ഞുനോട്ടത്തിനായി മാത്രം

നാടകം : മതേതര ഗൗഡയും നാല്‌പത്തിയൊന്ന്‌ അനുയായികളും

മതേതരത്വത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തെക്കെ ഇന്ത്യയിലെ ഒരു കലാകാരന്‍ എന്ന നിലയില്‍ തന്നെയായിരിക്കും ഭാവിയില്‍ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ അറിയപ്പെടുക. അതിനെന്താണ്‌ തെളിവ്‌ എന്നാരെങ്കിലും ചോദിച്ചാല്‍ - ആരും ചോദിക്കാന്‍ വഴിയില്ല - എന്നാലും ഏതെങ്കിലും സംശയാലുക്കള്‍ ചോദിച്ചാല്‍ തന്നെ എന്തിന്‌ നിരവധി ഉദാഹരണങ്ങള്‍ -ആ ഒരൊറ്റ
മാതൃവിലാപം തന്നെ ധാരാളം.

(മകനേ കുമാരൂ തിരിച്ചുവരൂ. മതേതരത്വത്തിന്റെ തലക്കിട്ട്‌ നീ അടിച്ച അടിയുടെ ആഘാതത്തില്‍ ബോധം പോയി അച്ഛന്‍ മൃതപ്രായനായി ഇരിക്കുകയാണ്‌. ഊണും വേണ്ട ഉറക്കവും വേണ്ട. നിന്റെയച്ഛന്‍ എന്നു പറഞ്ഞാല്‍ ചില്ലറപ്പെട്ട മതേതരനൊന്നുമല്ല. അപൂര്‍വ്വ ജനുസ്സില്‍ പെട്ട സാധനമാണ്‌. മൂജ്ജന്‍മ സുകൃതത്തിലും പാപത്തിലും എല്ലാം വിശ്വസിക്കുന്നവനും, ദൈവത്തിലുമുപരിയായി കാര്യസ്ഥനായ കണിയാനില്‍ പരമമായ വിശ്വാസം വച്ചുപുലര്‍ത്തുന്നയാളും മക്കളുടെ ഭാവിയില്‍ മറ്റാരെക്കാളും താത്‌പര്യമുള്ള മഹാത്മാവുമാണ്‌. മഹാത്മാവെന്ന്‌ പറഞ്ഞത്‌ തെറ്റിദ്ധരിച്ച്‌ നീ കത്തിയുമായി വരരുത്‌. നിന്റെയമ്മ ഉദ്ദേശിക്കുന്നത്‌ മഹാത്മാഗാന്ധിയെയല്ല. നിന്റെയച്ഛനും എന്റെ അഭിവന്ദ്യ ഭര്‍ത്താവുമായ ഹരദനഹള്ളി ദൊഡ്‌ഢെ ദേവെഗൗഡരെ തന്നെയാണ്‌. കര്‍ഷകരുടെ കണ്ണിലുണ്ണി. ജന്‍മിഃബൂര്‍ഷ്വാസികളുടെ കണ്ണിലെ കരട്‌.

ഇന്നല്ലെങ്കില്‍ നിനക്ക്‌ പിന്നീടൊരിക്കലും കന്നഡിഗരുടെ മുഖ്യമന്ത്രിയാവാന്‍ പറ്റുകയില്ലെന്ന്‌ ഒരു കണിയാന്‍ പറഞ്ഞതാണല്ലോ എല്ലാറ്റിന്റെയും തുടക്കം. മകനേ നിന്റെയപ്പന്‍ ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്ന്‌ കണിയാന്‍ പോയിട്ട്‌ സാക്ഷാല്‍ ദൈവം കരുതിക്കാണുമോ? കുമാരാ നീ മുഖ്യമന്ത്രിയായി കാണുവാന്‍ മറ്റാരെക്കാളും ആഗ്രഹിക്കുന്ന മഹാത്മാവായ നിന്റെ അഭിവന്ദ്യപിതാവിനോട്‌ ഇതാണ്‌ പറ്റിയ സമയം പാലം വലിക്കുവാന്‍ എന്നൊരു കണിയാനും പറയാതിരുന്നത്‌ അദ്ദേഹത്തിന്റെ കുറ്റമാണോ? അതുകൊണ്ട്‌ അദ്ദേഹത്തെ ഒരിക്കലും തെറ്റിദ്ധരിക്കാതെ അനുസരണയുള്ള കുട്ടിയായ്‌ തിരിച്ചുവരൂ. മകനേ ഇതാണിന്ത്യയുടെ ഭൂപടം, മകനേ ഇതാണിന്ത്യയുടെ നേര്‍പടം.

പ്രിയപ്പെട്ട മകനേ, ദുരന്തപര്യവസായിയായി കലാശിച്ചു എന്നു മതേതരപ്രതിഭകളും ശുഭപര്യവസായിയായി എന്ന്‌ സംഘപരിവാരങ്ങളും കരുതുന്ന ഈ നാടകത്തിന്‌ ഒരേയൊരുകാരണമേയുള്ളൂ. അത്‌ നിങ്ങള്‍ രണ്ടുപേരും കൂടി രണ്ട്‌ കണിയാന്‍മാരെ കണ്ടതാണ്‌. നിനക്ക്‌ ഈ ബുദ്ധിയുപദേശിച്ചുതന്ന ആ മഹാനായ കണിയാനെ വിട്ട്‌ ഇനിമേലില്‍ പിതാവ്‌ മറ്റൊരു കണിയാനെ തേടിപ്പോവുകയില്ല. ആയൊരു ഉറപ്പ്‌ അദ്ദേഹം നല്‍കിയ സ്ഥിതിക്ക്‌ മകനേ നീ താമസിയാതെ പരിശുദ്ധ പിതാവിങ്കലേക്ക്‌ യാത്രയാവുക. അങ്ങിനെ മതേതരത്വത്തിന്റ ഭാവിക്ക്‌ അനിവാര്യമായ ഒരു കോമണ്‍ മിനിമം കണിയാന്‍ എന്ന സങ്കല്‌പം യാഥാര്‍ത്ഥ്യമാക്കുക. മകനേ ഇതാണിന്ത്യയുടെ മാര്‍വ്വിടം. ഉചിതമായത്‌ ചെയ്‌തുകൊള്ളുക.)

റിക്ടര്‍ സ്‌കെയിലില്‍ ഒരു മുഖ്യമന്ത്രിസ്ഥാനം രേഖപ്പെടുത്തിയ അതിശക്തമായ ഒരു മതേതരക്കിലുക്കത്തിന്റെ ആഘാതത്തില്‍ അച്ഛന്‍ ഉറക്കംതൂങ്ങി ബോധം കെട്ട്‌ കിടക്കയില്‍ മകന്‍ മുഖ്യമന്ത്രിക്കസേരയില്‍. സഹമതേതരത്വ പ്രമുഖന്‍മാര്‍ കൊടൈക്കനാലില്‍. കേരളത്തിലെ കാര്യസ്ഥന്‍ കനോളി കനാലില്‍. നാടകം പകുതിയില്‍ തുടങ്ങി ഭൂതത്തിലേക്ക്‌ സഞ്ചരിച്ച്‌ ഭാവിയിലേക്കു കുതിക്കുന്ന രീതിയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ലോകനാടകപ്രസ്ഥാനത്തിന്‌ അതുല്യമായ സംഭാവന നല്‍കിയ നാടകകൃത്താണ്‌ ഷേക്‌സ്‌പിയര്‍. കോമഡിയും ട്രാജഡിയും ഒരേ നാടകത്തില്‍ സംയോജിപ്പിച്ച്‌ അതുവരെ ആരും നടത്താത്ത ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നത്‌ മൂപ്പരാണ്‌. അതിന്റെ പേരില്‍ മൂപ്പരെ പഴിച്ചത്‌ ഡോ.ജോണ്‍സണെപ്പോലുള്ള വിമര്‍ശകരുമായിരുന്നു. ഏതാണ്ട്‌ അതിനോടു സാമ്യമുള്ള ഒരു നാടകം അബ്‌സേര്‍ഡ്‌ തിയേറ്ററിലാണെങ്കില്‍ കൂടി ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്‌ കന്നടദേശത്താണ്‌. നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയെ ഓര്‍മ്മിപ്പിക്കും വിധം ഗൗഡര്‍ പുത്രകളത്രാദികള്‍ക്കൊപ്പം അരങ്ങുതകര്‍ത്തു. പുറത്തുനിന്നെന്ന്‌ പറയുവാന്‍ കുടിയാന്‍മാരായ കുറെ കോമാളികളും. ഷേക്‌സ്‌പീരിയന്‍ ടെക്‌നിക്‌ ഉപയോഗിച്ചതുകാരണം കണിയാന്‍ രംഗത്തില്ല. കഥ നിയന്ത്രിക്കുന്നതാകട്ടെ അദൃശ്യനായ കണിയാന്റെ അതിശക്തമായ ഇടപെടലുകളും.

എറ്റവും കൂടുതല്‍ സീറ്റിലേക്ക്‌ ജനം തിരഞ്ഞെടുത്ത വിജയനെ മൂലക്കിരുത്തി ചില്ലറ കിട്ടിയ പരാജിതനെ അധികാരത്തിലേറ്റിയ മഹത്തായ ജനാധിപത്യത്തിന്റെ ഒന്നാംഘട്ടം ആക്ട്‌ വണ്‍ മതേതരവിജയം. ഹണീമൂണ്‍ ആഘോഷങ്ങള്‍ ഗംഭീരമായി നടന്നു. ഒരൊറ്റ അജണ്ടയായിരുന്നു യോജിപ്പിനുകാരണം. മതേതരത്വം നീണാള്‍ വാഴണം. സംഗതി ഇതുവരെയും നീണാള്‍ വാണു. ഇനിയും വാണാല്‍ കുമാരു വാഴുകയില്ല എന്നൊരു അശരീരിയോടെ ആദ്യഭാഗത്തിന്‌ തിരശ്ശീല വീഴുന്നു.

ജനം സസ്‌പെന്‍സിന്റെ മുള്‍മുനയില്‍. അടുത്ത രംഗം തുടങ്ങുകയായി. അദൃശ്യനായ കണിയാന്‍ കാട്ടിക്കൊടുത്ത പാതയിലുടെ കുമാരു മുന്നോട്ട്‌. മതേതരത്വത്തിനെ പുതപ്പിച്ചുകിടത്തുവാന്‍ നല്ലൊരു പട്ട്‌ അച്ഛനെയും അനുജനെയും ഏല്‌പിച്ചുകൊണ്ട്‌ രാജ്യഭാരം ചുമക്കുവാനുള്ള യാത്ര. സംഘപരിവാരത്തിന്റെ പാദുകം തലയില്‍ ഇരുമുടിക്കെട്ടായി വച്ചുകൊണ്ട്‌ നാല്‍പത്തൊന്നു അനുയായികളുമായുള്ള പ്രയാണം. മകനേ തിരിച്ചുവരൂ എന്ന മാതൃവിലാപത്തിന്‌ മുന്നില്‍പോലും പതറാതെ ശങ്കരാചാര്യരുടെ ദൃഢചിത്തതയോടെ കുമാരസ്വാമി മുന്നോട്ട്‌.

നാടകം ശൂഭപര്യവസായിയായി കലാശിക്കുന്നത്‌ ഗൗഡയുടെ സുപ്രസിദ്ധ ഡയലോഗോടുകൂടിയാണ്‌ ഇതെന്റെ കര്‍മഫലം അതായത്‌ പണ്ടേ ഇതു ഞാന്‍ ചെയ്‌ത്‌ മുഖ്യനാവേണ്ടതായിരുന്നു. അല്ലെങ്കില്‍ പിള്ളേര്‍ തമ്മില്‍കുത്തി മരിക്കുകയില്ലെന്ന ഉറപ്പുണ്ടെങ്കില്‍ കുമാരുവിനെ വാഴിക്കേണ്ടതായിരുന്നു. ഇത്രകാലം പാഴായിപ്പോവുകയില്ലായിരുന്നു. മതേതരത്വത്തിനുവേണ്ടി ചെയ്‌ത ഉപകാരം ഫലത്തില്‍ കര്‍ഷകര്‍ക്ക്‌ ചെയ്‌ത ഉപദ്രവമായി. ഇതുതന്നെയാണ്‌ ശരിയായ പ്രായശ്ചിത്തം.

വിദൂഷകന്റെ അവസാനത്തെ ഇടപെടലോടുകൂടിയാണ്‌ നാടകം സമാപിക്കുന്നത്‌. കണിയാന്‍ സഹായിച്ച്‌ കുമാരുവിന്‌ ഒരൊറ്റ അജണ്ട മാത്രം അത്‌ മിനിമം മുഖ്യമന്ത്രിപദം. ഏറ്റവും മുന്തിയ പരിഗണന മതേതരത്വത്തിനാണെങ്കില്‍, പണ്ട്‌ ഗൗഡരെ പ്രധാനമന്ത്രിയാക്കിയപോലെ കുമാരുവിനെ മുഖ്യനാക്കി കോണ്‍ഗ്രസുകാര്‍ക്ക്‌ പിന്തുണച്ചാല്‍ പോരേ എന്ന വിദൂഷകന്റെ ഉത്തരമില്ലാ ചോദ്യത്തോടെ നാടകം സമാപിക്കുന്നു.

ഇനിയെഴുതാന്‍ ബാക്കിയുള്ളത്‌. നാടാറുമാസം കാടാറുമാസം സിദ്ധാന്തപ്രകാരമാണ്‌ ഇനിയങ്ങോട്ടുള്ള പ്രയാണം. സംഘപരിവാരം അങ്ങേയറ്റത്തെ പിന്തിരിപ്പന്‍മാരും സവര്‍ണ ഫാസിസ്റ്റുകളുമായിത്തീരുവാന്‍ ഈ രണ്ടുകൊല്ലം തന്നെ ധാരാളം. നടപ്പുസമ്പ്രദായമനുസരിച്ച്‌ ഇതിന്‌ ഇരുപത്തിനാലുമണിക്കൂര്‍ തന്നെ ആവശ്യമില്ല. അപ്പോള്‍ നാം ഒരു കോമണ്‍മിനിമം അടിയടിച്ച്‌ പിരിയുക. അതോടെ യെഡിയൂരപ്പയുടെ ഭാവി ശോഭനമാവും. അടുത്ത രണ്ടുവര്‍ഷവും കുമാരുതന്നെ വാഴും. കോണ്‍ഗ്രസിന്റെ പിന്തുണയോടെ. മതേതരത്വം ശക്തിപ്പെടുത്തുകയെന്നത്‌ അജണ്ട. കുതിരക്കച്ചവടം എന്നറിയപ്പെടുന്ന സംഗതി അതായിരിക്കുകയില്ല.

Friday, May 23, 2008

സ്വാമിയുടെ ദണ്ഡും നായികമാരുടെ ചൈതന്യവും

അമൃത്‌ പാനം ചെയ്‌ത്‌ അമരത്വം കിട്ടിയ ദേവന്‍മാര്‍ പിന്നെ പാഞ്ഞത്‌ അപ്‌സരസ്സുകളുടെ അധരപാനത്തിനു വേണ്ടിയായിരുന്നു. ഏതായാലും അമരത്വം കിട്ടിയില്ലേ ഇനി രണ്ടുദിവസം കഴിഞ്ഞിട്ടു മതി വിനോദമെന്നു ദേവന്‍മാര്‍ക്കു തോന്നിയിട്ടില്ല. ദേവന്‍മാര്‍ക്കു തോന്നാത്ത സംഗതി മനുഷ്യന്‍മാര്‍ക്കു തോന്നണമെന്ന്‌ ആരും വാശിപിടിക്കരുത്‌.

സഞ്‌ജയന്‍ ശൈലി കടമെടുത്താല്‍, ഉപ്പിലിട്ട കയ്‌പ്പന്‍നാരങ്ങ പോലുള്ള മഹാമുനി അലുവാക്കഷണം പോലത്തെ പെണ്ണിനെയും കൊണ്ടുപോയതിനു തെളിവുകളുണ്ട്‌. മഹാമുനിക്ക്‌ ഇത്രയൊക്കെയാവാമെങ്കില്‍ ഭൂലോകതെമ്മാടിക്ക്‌ ഇത്രയേകാവൂ എന്നാണ്‌ നിത്യന്റെ സംശയം. അതായത്‌ ഒരു സന്ന്യാസിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്തത്‌ നമ്മള്‍ തെമ്മാടിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ തുടങ്ങിയെന്നര്‍ത്ഥം.

ഏത്‌ മഹദ്‌സൃഷ്ടിക്കും എന്തെങ്കിലുമൊരു കുറവുണ്ടാകുകയാണ്‌ ഭംഗി. ചന്ദനത്തിന്‌ പൂവുണ്ടാവുകയില്ല കരിമ്പിനു കായുണ്ടാവുകയില്ല പെണ്ണിന്‌ വിവേകമുണ്ടാവുകയില്ല, ആണിന്‌ ബുദ്ധിയുണ്ടാവുകയില്ല (അതുകൊണ്ടാണല്ലോ പരസ്‌പരപൂരകമായത്‌). ബ്രഹ്മാവിന്റെ ഈ കലാബോധം കൊണ്ടാണ്‌ ആള്‍ദൈവങ്ങള്‍ക്ക്‌ ദാരിദ്രമില്ലാതായത്‌. ഈയൊരു സിദ്ധാന്തം ബാധകമല്ലാത്തത്‌ കള്ളനോട്ടിന്‌ മാത്രമാണ്‌. കണ്ടാല്‍ ഒറിജിനല്‍ കള്ളനാണെന്നു തോന്നും. കള്ളസന്ന്യാസിമാരെപ്പോലെതന്നെ.

"അന്ധന്‌ കാഴ്‌ചയില്ല; കാമാന്ധന്‌ ഒട്ടും കാഴ്‌ചയില്ല; മദ്യപാനിക്ക്‌ തീരെ കാഴ്‌ചയില്ല; സ്വാര്‍ത്ഥതയുള്ളവന്‌ അശേഷം കാഴ്‌ചയില്ല" ചാണക്യന്‍ പറഞ്ഞതാണ്‌. അങ്ങിനെ അവസാനം പറഞ്ഞ അശേഷം കാഴ്‌ചയില്ലാത്തവരാണ്‌ സമൂഹത്തിലെ തൊണ്ണൂറു ശതമാനവും. അവരുടെ സംസ്ഥാനസമ്മേളന റാലി നയിക്കാന്‍ യോഗ്യതയുള്ളവരാണ്‌ തിരുവനന്തപുരത്ത്‌ തമ്പടിച്ചിരിക്കുന്നത്‌. അശേഷം കാഴ്‌ചയില്ലാത്തവരെ നയിക്കാന്‍ സന്തോഷ്‌ മാധവനെയും ബാലേട്ടാബാലേട്ടാ ഭദ്രാനന്ദനെയും കിട്ടിയതുതന്നെ പരമഭാഗ്യമായി കാണേണ്ടതാണ്‌.

പണ്ട്‌ ഗാന്ധിജിയെ കൈയ്യുംപിടിച്ച്‌ കൂട്ടിക്കൊണ്ടുപോയി മദനിക്കൊപ്പമിരുത്താന്‍ പെടാപ്പാടുപെട്ട നമ്പൂതിരിപ്പാടില്ലാതെപോയി. അല്ലെങ്കില്‍ കുന്തവുമെടുത്തു നടന്ന ശങ്കരാചാര്യരും പൊട്ടത്തോക്കും കൊണ്ടു നടന്ന കേഡി ഭദ്രാനന്ദനും അദൈ്വതം എന്നു താത്വികമായി വിശദീകരിക്കുമായിരുന്നു. പോലീസുകാര്‍ ഒന്നുകില്‍ ശങ്കരാചാര്യര്‍ക്കെതിരെ ഒരു കേസെടുക്കുമായിരുന്നു. അല്ലെങ്കില്‍ ഭദ്രാനന്ദനെ വിട്ടയച്ചേക്കുമായിരുന്നു.

നല്ലൊരു സമയമാണിത്‌. ഒരു ശുഭമുഹൂര്‍ത്തം. സമൂഹമനസ്സാക്ഷിയുടെ കണ്ണാടിയിലേക്ക്‌ എല്ലാവരും ഒന്നുനോക്കുക. അറുപത്‌ ശതമാനം കള്ളനല്ലാത്ത ഒരുവന്‌ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക്‌ നാടുനീങ്ങുമ്പോള്‍ ജീവിതവിജയം കൈവരിക്കുക നൂറുശതമാനം കള്ളന്‍മാര്‍ മാത്രമാണ്‌. നൂറു ശതമാനം കള്ളനായതല്ല സ്വാമിക്കുപറ്റിയ പിശക്‌ നൂറ്റൊന്നു ശതമാനം ക്രിമിനലായിപ്പോയതാണ്‌. ചോരശാസ്‌ത്രത്തില്‍ കളവിന്‌ ചില നിയമങ്ങളൊക്കെയുണ്ട്‌. കുട്ടികളുടേതൊന്നും മോഷ്ടിക്കാന്‍ പാടില്ലെന്നൊരു നിയമമുണ്ട്‌. 12-13 വയസ്സുള്ള പെണ്‍കുട്ടികളുടെ വിലമതിക്കാനാവാത്തതെന്തോ അതുതന്നെയാണ്‌ സ്വാമി മോഷ്ടിച്ചത്‌.

അടിയന്തിരമായി വേണ്ടത്‌ സന്തോഷ്‌ മാധവനുമായി ഒരു തവണയെങ്കിലും ബന്ധപ്പെട്ട (തെറ്റിദ്ധരിക്കരുത്‌) മുഴുവനാളുകളെയും ജീവിതാന്ത്യം വരെ ജയിലിലടയ്‌ക്കുകയാണ്‌. അവരാണ്‌ സമൂഹത്തിലെ ഏറ്റവും അപകടകാരികള്‍. 40 ലക്ഷം പോയതിന്റെ തെളിവുകൊടുക്കാന്‍ ഒരു ഗള്‍ഫാന്റി ഇങ്ങോട്ടു വരുന്നുണ്ട്‌. തെളിവിന്റെ കടലാസ്‌ വാങ്ങിയശേഷം നേരെ കൊണ്ടുപോയി ജയിലിലടയ്‌ക്കേണ്ടത്‌ അവരെയാണ്‌.

12-13 വയസ്സുള്ള പെണ്‍കുട്ടികളെ നിത്യേനയെന്നോണം കൂട്ടിക്കൊണ്ടുപോയി 'ചൈതന്യം' പകര്‍ന്നുകൊടുത്തിട്ടും അതു തിരിച്ചറിയാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ക്ക ജീവപര്യന്തമല്ലാതെ വേറെന്ത്‌ അവാര്‍ഡാണ്‌ കൊടുക്കാന്‍ പറ്റുക?

ലോകത്ത്‌ ഇന്ന്‌ നിലവിലുള്ള അന്ധവിശ്വാസികളിലെ മുന്തിയ ഇനങ്ങളുടെ ആവാസമേഖലയാണ്‌ മലയാളസിനിമ. കഴിവുകൊണ്ടല്ലാതെ ഭാഗ്യംകൊണ്ട്‌ എത്തിപ്പെട്ടവര്‍ അങ്ങിനെയായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പിണറായി പത്രക്കാരെക്കൊണ്ടു പറഞ്ഞതുപോലെ സിനിമയെപ്പറ്റി ഒരു ചുക്കുമറിയാത്ത പണം മാത്രം കൈമുതലായുള്ള പമ്പരവിഡ്‌ഢിയെ തെക്കുംവടക്കും നോക്കാതനുഗ്രഹിക്കാന്‍ ശ്രീരാമകൃഷ്‌ണപരമഹംസരും രമണമഹര്‍ഷിയും ഒന്നിച്ചെഴുന്നള്ളിവരുമോ?

ഭാഗ്യത്തിന്‌ ഒരുത്തനെ ഒത്തുകിട്ടി. നല്ല ലക്ഷണമൊത്തൊരു സന്ന്യാസി. സ്‌പെഷ്യല്‍ ചൈതന്യപൂജ. പിന്നെ തിരിഞ്ഞുനോക്കിയില്ല. ഇരിക്കാന്‍ പറഞ്ഞാല്‍ മലര്‍ന്നടിക്കുന്ന നായികയെ ദക്ഷിണവച്ച്‌ കിട്ടാവുന്ന അനുഗ്രഹം വാങ്ങി. ഒരു വെടിക്ക്‌ പക്ഷി രണ്ട്‌. നിര്‍മ്മാതാവിന്‌ അനുഗ്രഹം. നായികയ്‌ക്ക്‌ വെച്ചടിവെച്ചടി കേറ്റം. അനന്തരം ചൈതന്യം.

എല്ലാതലയിലും പടച്ചോന്‍ പായവിരിച്ചു കിടന്നുറങ്ങുന്നതുപോലെ എല്ലാവരിലും ചൈതന്യവും കുടികൊള്ളുന്നു. അവരവര്‍ അതു കണ്ടെത്തുകയാണ്‌ വേണ്ടത്‌. ഡേറ്റുകളെല്ലാം വിറ്റുപോകുന്നതുകൊണ്ട്‌ അതിനുള്ള സമയവും സാവകാശവും നമ്മുടെ നായികമാര്‍ക്ക്‌ പലപ്പോഴും കിട്ടിയെന്നുവരില്ല. അങ്ങിനെയുള്ളവര്‍ സ്വാമികളെ പോയികണ്ടാല്‍ മാത്രം മതി.

അവരവര്‍ക്കു പിടികൊടുക്കാതെ ആഴത്തില്‍ ഒളിച്ചിരിക്കുന്ന ചൈതന്യത്തെ ഒരു ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായം കൂടിയില്ലാതെ മുങ്ങിത്തപ്പി മന്ത്രവടിയില്‍ ആവാഹിച്ച്‌ ആസാമി കൊണ്ടുവന്നുകൊടുക്കും. പെണ്ണുങ്ങളല്ലേ, സ്വാമി പറഞ്ഞുപറ്റിച്ചു എന്നുപറയുന്നതൊഴിവാക്കാനായി മുങ്ങിത്തപ്പുന്ന രംഗം ഒന്നു സീഡിയിലാക്കി വെയ്‌ക്കുകയും ചെയ്യും.
ആസാമികള്‍ തന്‍ പരമഭാഗ്യം
നാരീമണികള്‍ തന്‍ കീപ്പുയോഗം
പോലീസുകാര്‍ തന്‍ നയനഭാഗ്യം

ആരാണ്‌ സുഹൃത്തേ സമൂഹത്തിന്‌ കൂടുതല്‍ ഭീഷണി? ഭൂരിപക്ഷം സാമൂഹ്യദ്രോഹികളായിക്കൊണ്ടിരിക്കുന്ന സമൂഹമോ അതോ അടിമുടി തെമ്മാടിയായ ഒരു 'സന്ന്യാസി'യോ?

ജ്ഞേയസ നിത്യ സന്ന്യാസീ യോ
ന ദ്വേഷ്ടതി ന കാങ്‌ഷതി
സന്ന്യാസിക്ക്‌ ഗീതയിലെ നിര്‍വ്വചനം അതാണ്‌. ക്രോധവും കാമവും അരിയപെരിയ പോകാത്തവനാണ്‌ സന്ന്യാസി. അല്ലാതെ ഇതുരണ്ടിലും മുങ്ങിക്കുളിച്ച്‌ കുറിയും വരച്ചു നടക്കുന്നവനല്ല.

സ്വാമിയെപ്പറ്റിയന്വേഷിച്ച എസ്‌.ഐ യെ വണ്ടിയിടിച്ച്‌ തട്ടിക്കളയാനാണ്‌ പോയത്‌. അതായത്‌ സാധാരണ്‌ ദ്വേഷമല്ല, തികച്ചും അന്യായമായ ക്രോധത്തിന്റെ പരമകാഷ്‌ഠ. ഇതില്‍ സ്വാമിക്ക്‌ കൂട്ടോ? ഡി.വൈ.എസ്‌.പിയും. എസ്‌.ഐ രക്ഷപ്പെട്ടതില്‍ തീര്‍ച്ചയായും ദൈവത്തിന്റെ കൈമാത്രമല്ല കാലുംകൂടിയുണ്ടെന്ന്‌ നിരീശ്വരവാദിയായ നിത്യന്‍ കൂടി സമ്മതിക്കും.

ആരെയാണ്‌ സുഹൃത്തേ മരണം വരെ തൂക്കിലിടേണ്ടത്‌? ജന്മനാ ചെറ്റയായ ആസാമിയേയോ അതോ ജനത്തിന്റെ നികുതിപ്പണം പറ്റി നാടിനെ ഒറ്റുകൊടുത്ത യൂണിഫോമിട്ട പരിഷയേയോ? സുഹൃത്തുക്കളേ നിത്യന്റെ അഭിപ്രായം രണ്ടെണ്ണത്തിനെയും തൂക്കിലിടണമെന്നാണ്‌. എന്നാലും ആദ്യം തൂക്കേണ്ടത്‌ ഏമാനെയാണ്‌. പിന്നെ അമാനുഷനെ.

കരിമ്പ്‌്‌, ചന്ദനം, സ്വര്‍ണം, ഭൂമി, പെണ്ണ്‌, പാന്‍പരാഗ്‌, താംബൂലം, ആള്‍ദൈവം, മീനിട്ട കിഴങ്ങ്‌ ആദിയായ സംഗതികളില്‍ നിന്നും കൂടുതല്‍ ഗുണം കിട്ടുവാന്‍ അവയെ നന്നായി മര്‍ദ്ദിക്കണം എന്ന്‌ ആചാര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ സ്വാമിയില്‍ നിന്നും എന്തെങ്കിലും വെളിയില്‍ കിട്ടണമെങ്കില്‍ മര്‍ദ്ദനം ഗുണവര്‍ദ്ധനം എന്ന സിദ്ധാന്തം പ്രാവര്‍ത്തികമാക്കേണ്ടിവരും. അതില്‍ നമ്മുടെ ഏമാന്‍മാരുടെ മിടുക്ക്‌ അപാരവുമാണ്‌.

അതായത്‌ ലോക്കപ്പുമുറി പാലാഴിയായും നല്ലൊരു ഉലക്ക കടകോലായും നീതിബോധം കയറായും കെട്ടി സ്വാമികളെ നന്നായൊന്നു കടഞ്ഞാല്‍ വേണ്ടതിനോടൊപ്പം ചിലപ്പോ വേണ്ടാത്ത കാളകൂടവും തികട്ടിവന്നുകൂടെന്നില്ല. അതു നിലം തൊടാതെ ഏമാന്‍മാര്‍ നോക്കണം. നിലം തൊട്ടാല്‍ പിന്നെ അസ്‌തുവാകുക ദരിദ്രവാസികളായിരിക്കില്ല ഭൂമിയിലെ രാജാക്കന്‍മാരായിരിക്കും. അതുകൊണ്ട്‌ കടച്ചില്‍ തുടങ്ങുന്നതിനുമുന്‍പുതന്നെ കാളകൂടം തൊള്ളയില്‍ താങ്ങാന്‍ നാളും പേരും മേല്‍വിലാസവുമില്ലാത്ത ഒരു നീലകണ്‌ഠനെ എവിടുന്നെങ്കിലും പൊക്കിക്കൊണ്ടുവരിക. നീലകണ്‌ഠന്‍ കാളകൂടം വിഴുങ്ങുമ്പോള്‍ വേള പിടിക്കാന്‍ പറ്റിയ ഒരു മലമകളെയും കിട്ടിയാല്‍ സംഗതി ഗ്രാന്റ്‌.

ഇഹലോകത്തില്‍ സ്വാമിക്കും സകലശിഷ്യഗണങ്ങള്‍ക്കും ഏമാന്‍മാര്‍ക്കും പരമസുഖം. ചൈതന്യം പോയിപ്പോയ നടിമാര്‍ക്ക്‌ സ്വാമിജി പുറത്തെത്തിയാല്‍ കടലുകടന്ന ചൈതന്യം പൂര്‍വ്വാധികം ഭംഗിയായി വീണ്ടെടുക്കാവുന്നതേയുള്ളൂ. ചൈതന്യം വീണ്ടെടുക്കുന്ന സ്വാമുയുടെ ആ മാന്ത്രിക ദണ്ഡിന്‌ കേടുപാടുകളൊന്നൂം പറ്റിപ്പോകാതെ കാത്തുകൊള്ളേണമേ പരംപൊരുളേ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ.