Friday, May 23, 2008

സ്വാമിയുടെ ദണ്ഡും നായികമാരുടെ ചൈതന്യവും

അമൃത്‌ പാനം ചെയ്‌ത്‌ അമരത്വം കിട്ടിയ ദേവന്‍മാര്‍ പിന്നെ പാഞ്ഞത്‌ അപ്‌സരസ്സുകളുടെ അധരപാനത്തിനു വേണ്ടിയായിരുന്നു. ഏതായാലും അമരത്വം കിട്ടിയില്ലേ ഇനി രണ്ടുദിവസം കഴിഞ്ഞിട്ടു മതി വിനോദമെന്നു ദേവന്‍മാര്‍ക്കു തോന്നിയിട്ടില്ല. ദേവന്‍മാര്‍ക്കു തോന്നാത്ത സംഗതി മനുഷ്യന്‍മാര്‍ക്കു തോന്നണമെന്ന്‌ ആരും വാശിപിടിക്കരുത്‌.

സഞ്‌ജയന്‍ ശൈലി കടമെടുത്താല്‍, ഉപ്പിലിട്ട കയ്‌പ്പന്‍നാരങ്ങ പോലുള്ള മഹാമുനി അലുവാക്കഷണം പോലത്തെ പെണ്ണിനെയും കൊണ്ടുപോയതിനു തെളിവുകളുണ്ട്‌. മഹാമുനിക്ക്‌ ഇത്രയൊക്കെയാവാമെങ്കില്‍ ഭൂലോകതെമ്മാടിക്ക്‌ ഇത്രയേകാവൂ എന്നാണ്‌ നിത്യന്റെ സംശയം. അതായത്‌ ഒരു സന്ന്യാസിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്തത്‌ നമ്മള്‍ തെമ്മാടിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ തുടങ്ങിയെന്നര്‍ത്ഥം.

ഏത്‌ മഹദ്‌സൃഷ്ടിക്കും എന്തെങ്കിലുമൊരു കുറവുണ്ടാകുകയാണ്‌ ഭംഗി. ചന്ദനത്തിന്‌ പൂവുണ്ടാവുകയില്ല കരിമ്പിനു കായുണ്ടാവുകയില്ല പെണ്ണിന്‌ വിവേകമുണ്ടാവുകയില്ല, ആണിന്‌ ബുദ്ധിയുണ്ടാവുകയില്ല (അതുകൊണ്ടാണല്ലോ പരസ്‌പരപൂരകമായത്‌). ബ്രഹ്മാവിന്റെ ഈ കലാബോധം കൊണ്ടാണ്‌ ആള്‍ദൈവങ്ങള്‍ക്ക്‌ ദാരിദ്രമില്ലാതായത്‌. ഈയൊരു സിദ്ധാന്തം ബാധകമല്ലാത്തത്‌ കള്ളനോട്ടിന്‌ മാത്രമാണ്‌. കണ്ടാല്‍ ഒറിജിനല്‍ കള്ളനാണെന്നു തോന്നും. കള്ളസന്ന്യാസിമാരെപ്പോലെതന്നെ.

"അന്ധന്‌ കാഴ്‌ചയില്ല; കാമാന്ധന്‌ ഒട്ടും കാഴ്‌ചയില്ല; മദ്യപാനിക്ക്‌ തീരെ കാഴ്‌ചയില്ല; സ്വാര്‍ത്ഥതയുള്ളവന്‌ അശേഷം കാഴ്‌ചയില്ല" ചാണക്യന്‍ പറഞ്ഞതാണ്‌. അങ്ങിനെ അവസാനം പറഞ്ഞ അശേഷം കാഴ്‌ചയില്ലാത്തവരാണ്‌ സമൂഹത്തിലെ തൊണ്ണൂറു ശതമാനവും. അവരുടെ സംസ്ഥാനസമ്മേളന റാലി നയിക്കാന്‍ യോഗ്യതയുള്ളവരാണ്‌ തിരുവനന്തപുരത്ത്‌ തമ്പടിച്ചിരിക്കുന്നത്‌. അശേഷം കാഴ്‌ചയില്ലാത്തവരെ നയിക്കാന്‍ സന്തോഷ്‌ മാധവനെയും ബാലേട്ടാബാലേട്ടാ ഭദ്രാനന്ദനെയും കിട്ടിയതുതന്നെ പരമഭാഗ്യമായി കാണേണ്ടതാണ്‌.

പണ്ട്‌ ഗാന്ധിജിയെ കൈയ്യുംപിടിച്ച്‌ കൂട്ടിക്കൊണ്ടുപോയി മദനിക്കൊപ്പമിരുത്താന്‍ പെടാപ്പാടുപെട്ട നമ്പൂതിരിപ്പാടില്ലാതെപോയി. അല്ലെങ്കില്‍ കുന്തവുമെടുത്തു നടന്ന ശങ്കരാചാര്യരും പൊട്ടത്തോക്കും കൊണ്ടു നടന്ന കേഡി ഭദ്രാനന്ദനും അദൈ്വതം എന്നു താത്വികമായി വിശദീകരിക്കുമായിരുന്നു. പോലീസുകാര്‍ ഒന്നുകില്‍ ശങ്കരാചാര്യര്‍ക്കെതിരെ ഒരു കേസെടുക്കുമായിരുന്നു. അല്ലെങ്കില്‍ ഭദ്രാനന്ദനെ വിട്ടയച്ചേക്കുമായിരുന്നു.

നല്ലൊരു സമയമാണിത്‌. ഒരു ശുഭമുഹൂര്‍ത്തം. സമൂഹമനസ്സാക്ഷിയുടെ കണ്ണാടിയിലേക്ക്‌ എല്ലാവരും ഒന്നുനോക്കുക. അറുപത്‌ ശതമാനം കള്ളനല്ലാത്ത ഒരുവന്‌ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക്‌ നാടുനീങ്ങുമ്പോള്‍ ജീവിതവിജയം കൈവരിക്കുക നൂറുശതമാനം കള്ളന്‍മാര്‍ മാത്രമാണ്‌. നൂറു ശതമാനം കള്ളനായതല്ല സ്വാമിക്കുപറ്റിയ പിശക്‌ നൂറ്റൊന്നു ശതമാനം ക്രിമിനലായിപ്പോയതാണ്‌. ചോരശാസ്‌ത്രത്തില്‍ കളവിന്‌ ചില നിയമങ്ങളൊക്കെയുണ്ട്‌. കുട്ടികളുടേതൊന്നും മോഷ്ടിക്കാന്‍ പാടില്ലെന്നൊരു നിയമമുണ്ട്‌. 12-13 വയസ്സുള്ള പെണ്‍കുട്ടികളുടെ വിലമതിക്കാനാവാത്തതെന്തോ അതുതന്നെയാണ്‌ സ്വാമി മോഷ്ടിച്ചത്‌.

അടിയന്തിരമായി വേണ്ടത്‌ സന്തോഷ്‌ മാധവനുമായി ഒരു തവണയെങ്കിലും ബന്ധപ്പെട്ട (തെറ്റിദ്ധരിക്കരുത്‌) മുഴുവനാളുകളെയും ജീവിതാന്ത്യം വരെ ജയിലിലടയ്‌ക്കുകയാണ്‌. അവരാണ്‌ സമൂഹത്തിലെ ഏറ്റവും അപകടകാരികള്‍. 40 ലക്ഷം പോയതിന്റെ തെളിവുകൊടുക്കാന്‍ ഒരു ഗള്‍ഫാന്റി ഇങ്ങോട്ടു വരുന്നുണ്ട്‌. തെളിവിന്റെ കടലാസ്‌ വാങ്ങിയശേഷം നേരെ കൊണ്ടുപോയി ജയിലിലടയ്‌ക്കേണ്ടത്‌ അവരെയാണ്‌.

12-13 വയസ്സുള്ള പെണ്‍കുട്ടികളെ നിത്യേനയെന്നോണം കൂട്ടിക്കൊണ്ടുപോയി 'ചൈതന്യം' പകര്‍ന്നുകൊടുത്തിട്ടും അതു തിരിച്ചറിയാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ക്ക ജീവപര്യന്തമല്ലാതെ വേറെന്ത്‌ അവാര്‍ഡാണ്‌ കൊടുക്കാന്‍ പറ്റുക?

ലോകത്ത്‌ ഇന്ന്‌ നിലവിലുള്ള അന്ധവിശ്വാസികളിലെ മുന്തിയ ഇനങ്ങളുടെ ആവാസമേഖലയാണ്‌ മലയാളസിനിമ. കഴിവുകൊണ്ടല്ലാതെ ഭാഗ്യംകൊണ്ട്‌ എത്തിപ്പെട്ടവര്‍ അങ്ങിനെയായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പിണറായി പത്രക്കാരെക്കൊണ്ടു പറഞ്ഞതുപോലെ സിനിമയെപ്പറ്റി ഒരു ചുക്കുമറിയാത്ത പണം മാത്രം കൈമുതലായുള്ള പമ്പരവിഡ്‌ഢിയെ തെക്കുംവടക്കും നോക്കാതനുഗ്രഹിക്കാന്‍ ശ്രീരാമകൃഷ്‌ണപരമഹംസരും രമണമഹര്‍ഷിയും ഒന്നിച്ചെഴുന്നള്ളിവരുമോ?

ഭാഗ്യത്തിന്‌ ഒരുത്തനെ ഒത്തുകിട്ടി. നല്ല ലക്ഷണമൊത്തൊരു സന്ന്യാസി. സ്‌പെഷ്യല്‍ ചൈതന്യപൂജ. പിന്നെ തിരിഞ്ഞുനോക്കിയില്ല. ഇരിക്കാന്‍ പറഞ്ഞാല്‍ മലര്‍ന്നടിക്കുന്ന നായികയെ ദക്ഷിണവച്ച്‌ കിട്ടാവുന്ന അനുഗ്രഹം വാങ്ങി. ഒരു വെടിക്ക്‌ പക്ഷി രണ്ട്‌. നിര്‍മ്മാതാവിന്‌ അനുഗ്രഹം. നായികയ്‌ക്ക്‌ വെച്ചടിവെച്ചടി കേറ്റം. അനന്തരം ചൈതന്യം.

എല്ലാതലയിലും പടച്ചോന്‍ പായവിരിച്ചു കിടന്നുറങ്ങുന്നതുപോലെ എല്ലാവരിലും ചൈതന്യവും കുടികൊള്ളുന്നു. അവരവര്‍ അതു കണ്ടെത്തുകയാണ്‌ വേണ്ടത്‌. ഡേറ്റുകളെല്ലാം വിറ്റുപോകുന്നതുകൊണ്ട്‌ അതിനുള്ള സമയവും സാവകാശവും നമ്മുടെ നായികമാര്‍ക്ക്‌ പലപ്പോഴും കിട്ടിയെന്നുവരില്ല. അങ്ങിനെയുള്ളവര്‍ സ്വാമികളെ പോയികണ്ടാല്‍ മാത്രം മതി.

അവരവര്‍ക്കു പിടികൊടുക്കാതെ ആഴത്തില്‍ ഒളിച്ചിരിക്കുന്ന ചൈതന്യത്തെ ഒരു ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായം കൂടിയില്ലാതെ മുങ്ങിത്തപ്പി മന്ത്രവടിയില്‍ ആവാഹിച്ച്‌ ആസാമി കൊണ്ടുവന്നുകൊടുക്കും. പെണ്ണുങ്ങളല്ലേ, സ്വാമി പറഞ്ഞുപറ്റിച്ചു എന്നുപറയുന്നതൊഴിവാക്കാനായി മുങ്ങിത്തപ്പുന്ന രംഗം ഒന്നു സീഡിയിലാക്കി വെയ്‌ക്കുകയും ചെയ്യും.
ആസാമികള്‍ തന്‍ പരമഭാഗ്യം
നാരീമണികള്‍ തന്‍ കീപ്പുയോഗം
പോലീസുകാര്‍ തന്‍ നയനഭാഗ്യം

ആരാണ്‌ സുഹൃത്തേ സമൂഹത്തിന്‌ കൂടുതല്‍ ഭീഷണി? ഭൂരിപക്ഷം സാമൂഹ്യദ്രോഹികളായിക്കൊണ്ടിരിക്കുന്ന സമൂഹമോ അതോ അടിമുടി തെമ്മാടിയായ ഒരു 'സന്ന്യാസി'യോ?

ജ്ഞേയസ നിത്യ സന്ന്യാസീ യോ
ന ദ്വേഷ്ടതി ന കാങ്‌ഷതി
സന്ന്യാസിക്ക്‌ ഗീതയിലെ നിര്‍വ്വചനം അതാണ്‌. ക്രോധവും കാമവും അരിയപെരിയ പോകാത്തവനാണ്‌ സന്ന്യാസി. അല്ലാതെ ഇതുരണ്ടിലും മുങ്ങിക്കുളിച്ച്‌ കുറിയും വരച്ചു നടക്കുന്നവനല്ല.

സ്വാമിയെപ്പറ്റിയന്വേഷിച്ച എസ്‌.ഐ യെ വണ്ടിയിടിച്ച്‌ തട്ടിക്കളയാനാണ്‌ പോയത്‌. അതായത്‌ സാധാരണ്‌ ദ്വേഷമല്ല, തികച്ചും അന്യായമായ ക്രോധത്തിന്റെ പരമകാഷ്‌ഠ. ഇതില്‍ സ്വാമിക്ക്‌ കൂട്ടോ? ഡി.വൈ.എസ്‌.പിയും. എസ്‌.ഐ രക്ഷപ്പെട്ടതില്‍ തീര്‍ച്ചയായും ദൈവത്തിന്റെ കൈമാത്രമല്ല കാലുംകൂടിയുണ്ടെന്ന്‌ നിരീശ്വരവാദിയായ നിത്യന്‍ കൂടി സമ്മതിക്കും.

ആരെയാണ്‌ സുഹൃത്തേ മരണം വരെ തൂക്കിലിടേണ്ടത്‌? ജന്മനാ ചെറ്റയായ ആസാമിയേയോ അതോ ജനത്തിന്റെ നികുതിപ്പണം പറ്റി നാടിനെ ഒറ്റുകൊടുത്ത യൂണിഫോമിട്ട പരിഷയേയോ? സുഹൃത്തുക്കളേ നിത്യന്റെ അഭിപ്രായം രണ്ടെണ്ണത്തിനെയും തൂക്കിലിടണമെന്നാണ്‌. എന്നാലും ആദ്യം തൂക്കേണ്ടത്‌ ഏമാനെയാണ്‌. പിന്നെ അമാനുഷനെ.

കരിമ്പ്‌്‌, ചന്ദനം, സ്വര്‍ണം, ഭൂമി, പെണ്ണ്‌, പാന്‍പരാഗ്‌, താംബൂലം, ആള്‍ദൈവം, മീനിട്ട കിഴങ്ങ്‌ ആദിയായ സംഗതികളില്‍ നിന്നും കൂടുതല്‍ ഗുണം കിട്ടുവാന്‍ അവയെ നന്നായി മര്‍ദ്ദിക്കണം എന്ന്‌ ആചാര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ സ്വാമിയില്‍ നിന്നും എന്തെങ്കിലും വെളിയില്‍ കിട്ടണമെങ്കില്‍ മര്‍ദ്ദനം ഗുണവര്‍ദ്ധനം എന്ന സിദ്ധാന്തം പ്രാവര്‍ത്തികമാക്കേണ്ടിവരും. അതില്‍ നമ്മുടെ ഏമാന്‍മാരുടെ മിടുക്ക്‌ അപാരവുമാണ്‌.

അതായത്‌ ലോക്കപ്പുമുറി പാലാഴിയായും നല്ലൊരു ഉലക്ക കടകോലായും നീതിബോധം കയറായും കെട്ടി സ്വാമികളെ നന്നായൊന്നു കടഞ്ഞാല്‍ വേണ്ടതിനോടൊപ്പം ചിലപ്പോ വേണ്ടാത്ത കാളകൂടവും തികട്ടിവന്നുകൂടെന്നില്ല. അതു നിലം തൊടാതെ ഏമാന്‍മാര്‍ നോക്കണം. നിലം തൊട്ടാല്‍ പിന്നെ അസ്‌തുവാകുക ദരിദ്രവാസികളായിരിക്കില്ല ഭൂമിയിലെ രാജാക്കന്‍മാരായിരിക്കും. അതുകൊണ്ട്‌ കടച്ചില്‍ തുടങ്ങുന്നതിനുമുന്‍പുതന്നെ കാളകൂടം തൊള്ളയില്‍ താങ്ങാന്‍ നാളും പേരും മേല്‍വിലാസവുമില്ലാത്ത ഒരു നീലകണ്‌ഠനെ എവിടുന്നെങ്കിലും പൊക്കിക്കൊണ്ടുവരിക. നീലകണ്‌ഠന്‍ കാളകൂടം വിഴുങ്ങുമ്പോള്‍ വേള പിടിക്കാന്‍ പറ്റിയ ഒരു മലമകളെയും കിട്ടിയാല്‍ സംഗതി ഗ്രാന്റ്‌.

ഇഹലോകത്തില്‍ സ്വാമിക്കും സകലശിഷ്യഗണങ്ങള്‍ക്കും ഏമാന്‍മാര്‍ക്കും പരമസുഖം. ചൈതന്യം പോയിപ്പോയ നടിമാര്‍ക്ക്‌ സ്വാമിജി പുറത്തെത്തിയാല്‍ കടലുകടന്ന ചൈതന്യം പൂര്‍വ്വാധികം ഭംഗിയായി വീണ്ടെടുക്കാവുന്നതേയുള്ളൂ. ചൈതന്യം വീണ്ടെടുക്കുന്ന സ്വാമുയുടെ ആ മാന്ത്രിക ദണ്ഡിന്‌ കേടുപാടുകളൊന്നൂം പറ്റിപ്പോകാതെ കാത്തുകൊള്ളേണമേ പരംപൊരുളേ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ.


14 comments:

NITHYAN said...

ചൈതന്യം വീണ്ടെടുക്കുന്ന സ്വാമുയുടെ ആ മാന്ത്രിക ദണ്ഡിന്‌ കേടുപാടുകളൊന്നൂം പറ്റിപ്പോകാതെ കാത്തുകൊള്ളേണമേ പരംപൊരുളേ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ.

G.MANU said...

അറുപത്‌ ശതമാനം കള്ളനല്ലാത്ത ഒരുവന്‌ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക്‌ നാടുനീങ്ങുമ്പോള്‍ ജീവിതവിജയം കൈവരിക്കുക നൂറുശതമാനം കള്ളന്‍മാര്‍ മാത്രമാണ്‌

മാഷേ വണക്കം..

പത്താംക്ലാസ് ജയിക്കാന്‍ പുടവയഴിച്ചാല്‍ മതി എന്ന് സാമി പറയുമ്പോള്‍ ‘എന്നാല്‍ ഞങ്ങള്‍ കൂടി അഴിക്കാം മഹര്‍ഷീ’ എന്ന് മാതാപിതാക്കള്‍ കോറസ് പാടുന്ന ഒരു നശിച്ച നാടിന്റെ സന്തതിയാണു ഈയുള്ളവന്‍ എന്നു പറയാന്‍ പോലും ലജ്ജ തോന്നുന്നു...

ജയ് മാഫിയാ...

കൊല്ലം കോടമ്മയ്ക്ക് ശക്തി കുറയവേ
ചക്കുളത്തമ്മയ്ക്ക് നേദ്യം കഴിച്ചുഞാന്‍
ചക്കുളത്തമ്മയും കൈവിട്ടു പോകവേ
വള്ളിക്കാവമ്മയ്ക്ക് നേര്‍ച്ച പറഞ്ഞു ഞാന്‍
തൊട്ടടുത്തുള്ളോരു ചാമിയാര്‍ സ്വാമിക്ക്
തൊട്ടുനക്കാന്‍ പിന്നെ പെണ്ണിനെ നല്‍കി ഞാന്‍..

യാനം തുടരട്ടെ

(നിത്യായനത്തിനു ഭാവുകങ്ങള്‍.. ഈ ഭാഷയ്ക്കും..

ഗുരുജി said...

എത്ര സുന്ദരമായ ആഖ്യാനം. ഇനി സ്‌പര്‍ശിക്കാനിടമില്ല എങ്ങും. എല്ലായിടവും നിത്യന്റെ സ്പര്‍ശനമേറ്റിരിക്കുന്നു.
സൂപ്പര്‍.

nandakumar said...

നിത്യജി..സന്തോഷം. നന്നായിട്ടുണ്ട് എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും.

“സ്വാമുയുടെ ആ മാന്ത്രിക ദണ്ഡിന്‌ കേടുപാടുകളൊന്നൂം പറ്റിപ്പോകാതെ കാത്തുകൊള്ളേണമേ“
അതു തന്നെയാകണം ചൈതന്യം വീണ്ടെടുക്കാന്‍ കാത്തിരിക്കുന്നവര്‍ പ്രാര്‍ത്ഥിക്കുന്നത്. അടുത്ത ഒരു സെന്‍സേഷനിലൂടെ ഇതൊക്കെ മാറ്റിമറിക്കാന്‍ ഇവിടത്തെ മീഡിയ പിമ്പുകള്‍ക്കാവുമെന്നതില്‍ സംശയമേതുമില്ല. ഒന്നുരണ്ടു രാത്രിയുറക്കം കൊണ്ടു ഇതെല്ലാം മറക്കാ‍ന്‍ മലയാളിക്കും അപാരകഴിവുണ്ട്. മറവിയാണല്ലോ മാധ്യമങ്ങളുടെ ആയുധം. ജനത്തിന്റെ കഴിവുകേടും.
ചാട്ടുള്ളിപോലുള്ള വാചകങ്ങള്‍ക്ക്, കൂര്‍മ്പിന്റെ മുനയുള്ള ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍

കണ്ണൂരാന്‍ - KANNURAN said...

ശാസ്ത്രം എത്രത്തോളം പുരോഗമിക്കുന്നോ അത്രത്തോളം എതിര്‍ദിശയിലാണ് നമ്മുടെ പോക്ക്. സ്വാമിമാരും, പൂജാരികളും, ഉപ്പാപ്പമാരും ഒക്കെ കൂടി പൂജയും, ഹോമവും, ഊതലും ഒക്കെയായി നമ്മെ നയിക്കുന്നു.. ലജ്ജാവഹം എന്നു പറഞ്ഞാല്‍ പോര. എനത്തെപ്പോലെ ഇതും കുറിക്കു കൊള്ളുന്നതായി.

Cartoonist said...

നിത്യന് നമസ്ക്കാരം !
ഒരു ക്ലീന്‍ദണ്ഡ നമസ്ക്കാരം !

യാരിദ്‌|~|Yarid said...

ഈ പോസ്റ്റിന്റെ കീഴെ ഒരൊപ്പിട്ടിട്ടു പോകുന്നു..:)

എതിരന്‍ കതിരവന്‍ said...

“റിയല്‍ എസ്റ്റേറ്റ് മാഫിയായും കപടസന്യാസിമാരും കൂടെ സംസ്ഥാനത്തെ നശിപ്പിച്ചു’ എന്നര്‍ഥം വരുന്ന ഒരു പ്രസ്താവന മുഖ്യമന്ത്രി ഇറക്കി. “പോലീസുള്‍‍പ്പെടെ എല്ലാത്തിന്റേം ചെത്തി ഉപ്പിലിടൂം” എന്നൊമറ്റോ ആയിരുന്നു പറയേണ്ടിയിരുന്നത്. ഏത് പാര്‍ട്ടി ഭരിച്ചാലും ഇങ്ങനെ വിലപിക്കുന്ന ഭരണസാരഥികള്‍ മാത്രമേ നമുക്കുണ്ടാവൂ.

കുഞ്ഞന്‍ said...

നിത്യന്‍ മാഷെ,

വളരെ ലളിതമായ ഭാഷയില്‍ തീജ്വാല വമിപ്പിക്കുന്ന അമ്പുകള്‍ തറക്കുന്നത് എന്റെ ഹൃദയത്തിലും..!

രണ്ടാം ക്ലാസ്സില്‍ പഠിച്ച ഒരു കഥയുണ്ട്..ദൈവം പ്രത്യക്ഷപ്പെട്ട് അവരോട് വരം ചോദിച്ചുകൊള്ളാന്‍ പറഞ്ഞു പക്ഷെ നിങ്ങള്‍ ചോദിക്കുന്നതിന്റെ ഇരട്ടി മറ്റേയാള്‍ക്ക് കിട്ടും..! എന്നാല്‍ എന്റെ ഒരു കണ്ണ് പൊട്ടിപോകട്ടേ....

അല്ല പറഞ്ഞുവന്നത് സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ അടുത്ത വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോകുന്ന ഹിന്ദുത്വവാദികള്‍.ഫൂ.....ബ്രദര്‍ണ്ണന്മാരുടെയും വെള്ളമോതുന്നവരുടേയും ചൈതന്യ ദണ്ട് പിടിച്ചെടുത്ത് ആല്‍മരത്തില്‍ തലകീഴായി ഒരു കണ്ണടച്ചുപിടിച്ച് തപസ്സുചെയ്യുന്ന മുനിമാര്‍ക്കു കൊടുക്കുവാന്‍..!

ഇനി ബ്ലോഗെഴുതാന്‍ ഞാന്‍ ഏതെങ്കിലും വിധേയന്റെ അനുഗ്രഹം വാങ്ങട്ടെ..

തോന്ന്യാസി said...

എറിയുന്നതെല്ലാം കൊള്ളേണ്ടിടത്തു തന്നെ കൊള്ളുന്നതു കൊണ്ട് അഭിപ്രായങ്ങള്‍ പറയുന്നില്ല...

പക്ഷേ ലജ്ജ തോന്നുന്നു......സമൂഹത്തെക്കുറിച്ചോര്‍ത്ത്.....

സ്വന്തം അച്ഛനേയുമമ്മയേയും കണ്ട അനാഥാലയങ്ങളിലേക്കും വൃദ്ധസദനങ്ങളിലേക്കും തള്ളിയിട്ട് , കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുന്ന അമ്മയെക്കാണാന്‍ കാതങ്ങള്‍ താണ്ടുന്ന മക്കളുള്ള നാട്ടില്‍ ഇതല്ല ഇതിനപ്പുറവും സംഭവിയ്ക്കും.....

തോന്ന്യാസി said...
This comment has been removed by the author.
yousufpa said...

ആര്‍ക്കാണ്‌ ചമ്മട്ടി കൊണ്ട് അടി കിട്ടേണ്ടതെന്ന് മനസ്സിലാകുന്നില്ല സഹോദരാ....
ജനങ്ങള്‍ സ്വയം പറ്റിക്കപ്പെടുകയാണല്ലോ.എന്നിരുന്നാലും ,എവിടെയൊക്കെയോ ചില തിരിച്ചറിവുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു.ചിലപ്പോളിത് ഒരു നല്ല നാളെയുടെ പിറവി ആയിരിക്കാം .നമുക്ക് പ്രത്യാശിക്കാം അല്ലേ...?

കുറുമാന്‍ said...

നമിച്ചു മാഷെ, നമിച്ചു.

നിത്യായനത്തെ അഗ്രഗേറ്ററുകള്‍ തള്ളുന്നതെന്തെന്ന് ആരേലും ഒന്നു കണ്ടുപിടിച്ച് തായോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

shahir chennamangallur said...

ഗംഭീരം സര് , അതി ഗംഭിരം . ദൈര്ഘ്യം ചുരുക്കാന് ശ്രമിച്ചാല് നന്നായിരിക്കും