Friday, May 30, 2008

ആള്‍ദൈവങ്ങളും സാംസ്‌കാരികദൈവങ്ങളും

'ഇടപെടല്‍' കുഞ്ഞമ്മദ്‌ സഖാവിന്റെ മംഗളത്തിലെ കോളമാകുന്നു. ഇത്തവണ കുഞ്ഞമ്മദ്‌ക്ക ഇടപെട്ട്‌ ചവുട്ടി നടുവൊടിച്ചത്‌ ആള്‍ദൈവങ്ങളുടേതാണ്‌. കാവി, സംഘപരിവാര്‍, ആര്‍.എസ്‌.എസ്‌ കാപാലികര്‍, ഗുജറാത്ത്‌, മോഡി, തുടങ്ങിയ പദാവലികള്‍ കളിയാടേണം തവ നാവിന്‍ തുമ്പില്‍ വാരിധി തന്നില്‍ തിരമാലകളെന്നപോലെ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ. എന്നാലേ സംഗതി പുരോഗമനമാവൂ.

സംഘപരിവാരങ്ങളാണ്‌ കേരളത്തില്‍ ആള്‍ദൈവങ്ങളുടെ സംരക്ഷരെന്നാണ്‌ സാംസ്‌കാരികദൈവത്തിന്റെ വാദം. തങ്ങളെത്തന്നെ സംരക്ഷിക്കാന്‍ പറ്റാത്ത വര്‍ഗമാണ്‌ അവറ്റകള്‍. ദൈവം സഹായിച്ച്‌ നാലുവോട്ട്‌ പണ്ടുമില്ല ഇന്നുമില്ല. ഉള്ളത്‌ കിട്ടിയവിലയ്‌ക്ക്‌ വിറ്റ്‌ കാശാക്കുന്നതുകൊണ്ട്‌ തേക്കടിയിലെ ആനകളുടെ എണ്ണമെടുക്കലാണ്‌ സംഘപരിവാരക്കാരുടെ എണ്ണം പിടിക്കുന്നതിലുമെളുപ്പം. ഇത്രയും കോടികളുടെ കച്ചവടം അവറ്റകളാണ്‌ നടത്തിയിരുന്നെങ്കില്‍ അടി കണ്ണൂരില്‍ ചറപറാ കിട്ടുമ്പോള്‍ നല്ല നാലു കുപ്പി കുഴമ്പെങ്കിലും മേടിക്കാനുള്ള വഹ തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ 10000 പേര്‍ക്കുതന്നെ ഒരു വൈദ്യനില്ലെങ്കിലും ആള്‍ക്കൊന്നുവീതം ആള്‍ദൈവങ്ങളുണ്ടായത്‌ ചില്ലറക്കാര്യമാണോ? ഓരോരുത്തനെ പിടിക്കുമ്പോഴും പോലീസുകാര്‍ക്ക്‌ വിളിവരുന്നത്‌ കൈലാസത്തില്‍ നിന്നോ വെകുണ്‌ഠത്തില്‍ നിന്നോ അല്ല. അനുയായികള്‍ രണ്ടേരണ്ടു വര്‍ഗത്തില്‍ പെട്ടവരാണ്‌. ഒന്ന്‌ കഴുതകള്‍ രണ്ട്‌ കുറുക്കന്‍മാര്‍. കഴുതകള്‍ കിട്ടിയ പേട്ടടി മഹാഭാഗ്യമായി കരുതി സമാധാനിച്ചുകൊള്ളും. കുറുക്കന്‍മാര്‍ തടഞ്ഞത്‌ പോവാതെ നോക്കും. അതാണിപ്പോ നടന്നുകൊണ്ടിരിക്കുനനത്‌.

ഇവറ്റകള്‍ ഇങ്ങിനെ കൊഴുത്ത്‌ ആലപൊളിക്കുന്ന ഘട്ടമെത്തിയിട്ടും ഇന്റര്‍പോള്‍ വരെ അന്വേഷിക്കുന്ന മഹാന്‍മാരായിട്ടും ഇവിടത്തെ പോലീസുകാരറിഞ്ഞില്ല. അവരറിയാത്തതുകൊണ്ട്‌ ഭരണകൂടവും അറിഞ്ഞില്ല. ആരും പത്രസമ്മേളനം വിളിച്ചിക്കാര്യം പറയാത്തതുകൊണ്ട്‌ മാധ്യമങ്ങളുമറിഞ്ഞില്ല. എന്തൊരു ജാഗ്രത.

`ചെറുകിട ദൈവങ്ങള്‍ വലയില്‍ കുടുങ്ങുമ്പോഴും വന്‍ കുത്തകദൈവങ്ങള്‍ വലയ്‌ക്കു വെളിയിലിരുന്നു ചിരിയ്‌ക്കുകയാണ്‌. ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ എന്ന്‌ ബ്രഹ്‌ത്‌` അങ്ങിനെയാണ്‌ മൂപ്പര്‍ 'ഇടപെടല്‍' അവസാനിപ്പിക്കുന്നത്‌.

അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെ പേരെടുത്തുപറഞ്ഞ കിത്താബ്‌ ഇതിനകം വന്നതാണ്‌. സന്ന്യാസി ശ്രേഷ്‌ഠന്‍മാരുടെ അടികൊണ്ട്‌ മരിച്ചവരില്‍ ഒരാള്‍ ഒരു സൈദ്ധാന്തികാചാര്യന്റെ അനുജനുമാണ്‌. ഇപ്പോ ഭരണമല്ലേ കയ്യിലുള്ളത്‌. ആ വള്ളിക്കാവിലമ്മേന വിലങ്ങുവെച്ച്‌ തെരുവീഥികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കുവാനുള്ള സൂപ്പര്‍ ചാന്‍സല്ലേ കിട്ടിയിട്ടുള്ളത്‌. എന്തിനത്‌ കളഞ്ഞുകുളിക്കണം.

പണ്ട്‌ ഒരു ദണ്ഡനമസ്‌കാരം ഗുരുദക്ഷിണയായി സ്വീകരിച്ച്‌ പതഞ്‌ജലി മഹര്‍ഷി പകര്‍ന്നുകൊടുത്ത യോഗയുടെ നിലവിലുള്ള മാര്‍ക്കറ്റിനെപറ്റി വല്ലതുമറിയോ സഖാവിന്‌. വലിച്ച ശ്വാസത്തിന്റെ എണ്ണത്തിന്‌ കാശുവാങ്ങുന്ന ശ്വാസംവലിയാചാര്യനെ വിപ്ലവകാരികളുടെ ആസ്ഥാനത്തേക്ക്‌ കെട്ടിയെഴുന്നള്ളിച്ചതിന്റെ പൊരുള്‍ പെരിയ വിപ്ലവകാരികളോടാണ്‌ ചോദിക്കേണ്ടത്‌.

കുത്തകകള്‍ക്കെതിരെ വിപ്ലവം നടത്താന്‍ പുറപ്പെട്ട ദരിദ്രവാസികള്‍ എത്തിനില്‍ക്കുന്ന ആസ്‌തി വിവരിക്കാന്‍ ആയിരം നാവുള്ള അനന്തന്‍ തന്നെ പ്രത്യക്ഷപ്പെടേണ്ടിവരുന്ന അവസ്ഥയാണ്‌. കച്ചോടം ചെയ്‌തിട്ടാണെന്നെങ്കിലും പറയാനുള്ള വഹ കുത്തകകള്‍ക്കുണ്ട്‌. ആത്മീയതയിലൂടെ പണമുണ്ടാക്കുന്ന സന്ന്യാസി തെമ്മാടിയാണ്‌. ആദര്‍ശം വിറ്റ്‌ പണമുണ്ടാക്കുന്ന ആദര്‍ശവാദികളാവട്ടെ അതിന്റെ പത്തിരട്ടി തെമ്മാടികളാണ്‌. സന്ന്യാസിക്ക്‌ പത്താളെ പറ്റിക്കാം. എന്നാല്‍ ഒരു ജനതയെ പറ്റിച്ചതിനു വിചാരണചെയ്യപ്പെടേണ്ടവര്‍ പുറത്താണ്‌.

ലോകത്തെ ഏറ്റവും മെച്ചപ്പെട്ട മതേതരപ്രതിഭ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ കര്‍ണാടകത്തില്‍ സംഘപരിവാരത്തെ ഇപ്പരുവത്തിലാക്കിക്കൊടുത്തതിന്റെ കാരണം കൂടി ഒന്നു നോക്കണം. ഗൗഡര്‍ രാവിലെ എങ്ങോട്ടുതിരിഞ്ഞെഴുന്നേല്‍ക്കണം അനന്തരം മൂത്രം തെക്കുവടക്കായോ വടക്കുകിഴക്കായോ ഒഴിക്കേണ്ടത്‌ എന്ന്‌ കണിയാന്‍ പറയണം. ഇപ്പോ പാലം വലിച്ച്‌ മുഖ്യമന്ത്രിയായില്ലെങ്കില്‍ പിന്നെ ആയുസ്സില്‌ നോക്കേണ്ടെന്ന്‌ കണിയാന്‍ മോനോടു പറഞ്ഞു. മോന്‍ നേരെ പോയി സംഘപരിവാര ക്യാമ്പിലേക്ക്‌്‌. ബുദ്ധി ദാരിദ്ര്യരേഖക്ക്‌ എന്നും താഴെയായിരുന്ന അക്കൂട്ടര്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ചാടിവീണു. യെഡ്യൂരപ്പ പൊക്കി. കുമാരസ്വാമി കയറി. ഗൗഡര്‍ വലതുകൈ കുമാരുവിന്റെ മൂര്‍ദ്ദാവില്‍ വെച്ചനുഗ്രഹിക്കുമ്പോള്‍ ഇടതുകൈകൊണ്ട്‌ നെഞ്ചത്തടിച്ച്‌ ഇടതുപക്ഷത്തിനെ തൃപ്‌തിപ്പെടുത്തി. പിന്നീട്‌ സ്വന്തം കണിയാന്‍ ഗൗഡരെ ഉപദേശിച്ചു. പാലം വലിക്കാന്‍ മതേതരശക്തികളോടൊപ്പം ചേര്‍ന്ന്‌ ഉഗ്രപ്രതാപിയായി കുമാരുവിന്‌ വീണ്ടും മുഖ്യനാവാന്‍. വലിച്ചു പാലം കുമാരു. പതിച്ചു യെഡ്യൂരപ്പ ധരണിയില്‍. പൊട്ടിച്ചു വോട്ടര്‍മാര്‍ കവിളത്ത്‌.

അങ്ങിനെ മൊത്തത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യമെന്ന സംഗതി തന്നെ കറങ്ങുന്നത്‌ പണ്ട്‌ ധീരേന്ദ്ര ബ്രഹ്മചാരി മുതലിങ്ങോട്ട്‌ സായിബാബയും അമൃതാനന്ദമയിയും വരെയുള്ള കോടിപതികള്‍ക്കു ചുറ്റുമാണ്‌. പിന്നെ കുറെ കണിയാന്‍ മാര്‍ക്കു ചുറ്റും. ജനാധിപത്യത്തിന്റ നെടുംതൂണുകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്‌. ജുഡീഷ്യറി, മീഡിയ എല്ലാറ്റിന്റെയും തലപ്പത്തുള്ള കുറെയാളുകളുടെ ഇരിപ്പ്‌ ഇവറ്റകളുടെ പാദാന്തികങ്ങളിലാവുമ്പോള്‍ ബാബയുടെ ആശ്രമത്തിലെ കൊലപാതകം ആരാണന്വേഷിക്കുക? ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംഘപരിവാരം എന്തെങ്കിലും ചില്ലറ പങ്കുവഹിച്ചതായി ശ്‌ത്രുക്കള്‍ കൂടി പറയുകയില്ല.

കേരളത്തില്‍ നോക്കുക. തിരഞ്ഞെടുപ്പടുത്താല്‍ തലയില്‍ മുണ്ടിട്ട വിപ്ലവകാരികള്‍ പണ്ടൊരു പള്ളി പൊളിച്ച കഥപറയുന്ന പൊറാട്ടുനാടകവുമായി തലേക്കെട്ടുകാരുടെയും താടിക്കാരുടെയും ആസ്ഥാനവുമന്വേഷിച്ച്‌ പുറപ്പെടും. അവിടുന്നിറങ്ങി അരമനകള്‍ തോറും താണ്ടി അച്ചന്‍മാരുടെ കാലുപിടിച്ച്‌ തിരിച്ചിറങ്ങും. നേരെ പോയി സ്വയം കൊട്ടാതെ കാലാകാലമായി മറ്റുള്ളവരെക്കൊണ്ട്‌ മാത്രം കൊട്ടിക്കുന്ന പണിക്കരുടെ നായര്‍മടയിലേക്ക്‌. അവിടെ പെരുന്നയിലെ മുറ്റത്ത്‌ നിന്ന്‌ നന്നായി നട്ടെല്ലുവളച്ച്‌ കൊട്ടിക്കയറുമ്പോള്‍ പണിക്കരു പറയും മിടുമിടുക്കന്‍. പോയി ജയിച്ചു വാ! രക്ഷപ്പെട്ടു. വിട്ടു നേരെ നടേശ ഗുരു സവിധത്തിലേക്ക്‌. നാരായണഗുരു ഇപ്പോഴുണ്ടെങ്കില്‍ മൂപ്പര്‍ക്ക്‌ ശിഷ്യപ്പെടുമായിരുന്നു എന്നോ മറ്റോ ഒന്നു കാച്ചിയാല്‍ ഉറച്ചു. അല്ലെങ്കില്‍ മൂപ്പരുടെ അപാര ബുദ്ധിയെ ഒന്നു പ്രകീര്‍ത്തിച്ചാല്‍ രക്ഷപ്പെട്ടു. പോക്കിങ്ങനെയാവുമ്പോള്‍ ഭാവിയുണ്ട്‌. വിപ്ലവത്തിന്റെ ഭാവിയെക്കുറിച്ച്‌ ഇനി ചിന്തിക്കേണ്ടെന്ന്‌ തീര്‍പ്പായ സ്ഥിതിക്ക്‌ വിപ്ലവകാരികളുടെ ഭാവിയെപ്പറ്രി ഇനി ആശങ്ക വേണ്ടതില്ല. വെച്ചടി വെച്ചടി കേറ്റം.

കേരളത്തില്‍ മഹാന്‍മാരുടെ എണ്ണം കോഴിക്കോട്ടെ കൊതികിനെപ്പോലെ പെരുകിക്കൊണ്ടേയിരിക്കുകയാണ്‌. എന്നാല്‍ പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്താനാവശ്യമായത്രയും മന്ദബുദ്ധികളുടെ എണ്ണം ആനുപാതികമായി കൂടുന്നുമില്ല.

മഹാന്‍മാരുടെ അന്തരംഗം ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുപോലെയായിരിക്കണം. മാളത്തില്‍ നിന്ന്‌ വെളിയിലേക്ക്‌ തലയിടുന്ന പാമ്പുകളായി ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ആ ഓര്‍മ്മകള്‍ ഫണം വിരിച്ചാടുമ്പോഴാണല്ലോ മഹദ്വചനങ്ങളുടെ നാഗനൃത്തം നടക്കുക.

കുഞ്ഞമ്മദ്‌ക്കായുടെ പ്രത്യയശാസ്‌ത്രാവബോധം പണ്ടേ പേരുകേട്ടതാണ്‌. അടുത്തകാലത്തൊരു കണ്ടുപിടുത്തം നടത്തി. അച്ചുതാനന്ദന്‍ ആള്‍ദൈവമാണ്‌. സഖാവിന്റെ ഭാവഹാവാദികള്‍ കണ്ടപ്പോള്‍ താമസിയാതെ പ്രത്യയശാസ്‌ത്രപാണ്ഡിത്യത്തിന്‌ വെള്ള പുതപ്പിച്ചുപോവുമെന്നൊരുതോന്നലാണുണ്ടായത്‌. അതുകൊണ്ട്‌ സധൈര്യം പത്തടി പിന്നോട്ടുമാറി. അതിനും വിശദീകരണമുണ്ട്‌. പണ്ട്‌ ഗലീലിയോ സ്വന്തം തല രക്ഷിക്കാന്‍ വേണ്ടി ഭൂമി പരന്നതാണെന്നു പറഞ്ഞില്ലേ? ആ കളവ്‌ അന്നുപറഞ്ഞതുകൊണ്ടാണല്ലോ പിന്നീടത്‌ തെളിയിക്കാന്‍ ഗലീലിയോ ബാക്കിയായത്‌. മഹാന്‍മാര്‍ അങ്ങിനെയാണ്‌. ഭാവിയിലായിരിക്കും കണ്ണ്‌.

പിന്നീട്‌ 'എടോ ഗോപാലകൃഷ്‌ണാ' വിളിയുടെ വാങ്‌മൊഴി സൗന്ദര്യത്തിലായി പഠനം. മാതൃഭൂമിക്കാര്‍ ഇങ്ങോട്ടു വന്ന്‌ വെള്ളപുതപ്പിക്കുമെന്നൊരു ഭയം അസ്ഥാനത്തായതുകൊണ്ട്‌ പഠനം തുടരുന്നുണ്ടാകണം. ലോകത്തിലൊരു പദമോ പദാവലിയോ അശ്ലീലമല്ല. ഉദാഹരണത്തിന്‌ നായും നായിന്റെ മോനും. എന്തൊരു മധുരമനോജ്ഞപദം. ആലയിലുള്ള പശുവിനെ നായേ എന്നു സംബോധനചെയ്യുമ്പോള്‍ മാത്രമാണല്ലോ അത്‌ അശ്ലീലമാവുക.

അദ്ധ്യാപകന്‍ എന്ന സങ്കല്‌പം കാലപ്രവാഹത്തില്‍ ഫെസിലിറ്റേറ്ററായി രൂപാന്തരം പ്രാപിച്ചെന്ന കാര്യത്തില്‍ ഒരു പ്രൊഫെസര്‍ക്കും സംശയത്തിന്‌ വഴിയില്ല. അതായത്‌ ഒരു സുഹൃത്തും വഴികാട്ടിയുമായി അദ്ധ്യാപകന്‍ ഉയര്‍ന്നു അഥവാ താഴ്‌ന്നു. അപ്പോള്‍ ക്ലാസിലെ പിള്ളേര്‍ നാളെ , 'എടോ കുഞ്ഞമ്മദ്‌ക്കാ ജ്ജ്‌ന്താപ്പാ ഇങ്ങ്‌നെ പോയത്തരം പറേണ ഹമുക്കെ' ന്ന്‌ ചോദിക്കുമ്പോഴേക്കും പ്രൊഫസര്‍ വാങ്‌മയ സൗന്ദര്യത്തെപ്പറ്റി പണ്ട്‌ പറഞ്ഞ ആ ഗ്രന്ഥരചനയും മുഴുമിപ്പിച്ചുകളയരുത്‌.

ഇനി, എം.പി. നാരായണപ്പിള്ളാസ്‌ തീയ്യറി വച്ച്‌ സാഹിത്യകാരന്‍ ഒരാവശ്യം വന്നാല്‍ ആരെയും കടിക്കുന്ന തെരുവുനായായിരിക്കണം. കൂട്ടിലിട്ട വാലാട്ടുന്ന അല്‍സേഷ്യനായിരിക്കുകയുമരുത്‌. ഇതേ തീയ്യറിവെച്ചും പ്രയോഗത്തിന്റെ വാങ്‌മയവിസ്‌മയഭംഗി വച്ചും ജനം സാഹിത്യകാരന്‍മാരെ അങ്ങിനെതന്നെ സംബോധനചെയ്യുന്ന കാലം അടുത്തുതന്നെ സമാഗതമാവുമെന്നുതോന്നുന്നു.

സ്‌ത്രീ എപ്പോള്‍ കാമപൂരണത്തിനുമാത്രം ഉപയോഗിക്കുന്നുവോ അപ്പോള്‍ ആ ഗൃഹം വേശ്യാലയമാകുന്നു എന്ന്‌ വിക്ടര്‍ യൂഗോ. ബുദ്ധിയും അറിവും എപ്പോള്‍ തലതിരിഞ്ഞ വാദങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നുവോ അപ്പോള്‍ ബുദ്ധിജീവികള്‍ ചന്ദനം ചുമക്കുന്ന കഴുതകളായി മാറുന്നു എന്നാരും പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. മണ്ടത്തരം പറയുവാനുള്ള ജനാധിപത്യപരമായ അവകാശം എല്ലാ മഹാന്‍മാര്‍ക്കും ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ട്‌. എന്നാല്‍ അത്‌ മറ്റുള്ളവര്‍ വിശ്വസിക്കണമെന്നു പറയുവാനുള്ള അവകാശം മണ്ടന്‍മാര്‍ക്ക്‌ റിസര്‍വ്വ്‌ ചെയ്‌തിട്ടുമുണ്ട്‌. തല്‌ക്കാലം ഇത്രമാത്രം.

5 comments:

NITHYAN said...

'ഇടപെടല്‍' കുഞ്ഞമ്മദ്‌ സഖാവിന്റെ മംഗളത്തിലെ കോളമാകുന്നു. ഇത്തവണ കുഞ്ഞമ്മദ്‌ക്ക ഇടപെട്ട്‌ ചവുട്ടി നടുവൊടിച്ചത്‌ ആള്‍ദൈവങ്ങളുടേതാണ്‌. കാവി, സംഘപരിവാര്‍, ആര്‍.എസ്‌.എസ്‌ കാപാലികര്‍, ഗുജറാത്ത്‌, മോഡി, തുടങ്ങിയ പദാവലികള്‍ കളിയാടേണം തവ നാവിന്‍ തുമ്പില്‍ വാരിധി തന്നില്‍ തിരമാലകളെന്നപോലെ എന്നൊരു പ്രാര്‍ത്ഥനയേ നിത്യനുള്ളൂ. എന്നാലേ സംഗതി പുരോഗമനമാവൂ.

G.MANU said...

വലിച്ച ശ്വാസത്തിന്റെ എണ്ണത്തിന്‌ കാശുവാങ്ങുന്ന ശ്വാസംവലിയാചാര്യനെ വിപ്ലവകാരികളുടെ ആസ്ഥാനത്തേക്ക്‌ കെട്ടിയെഴുന്നള്ളിച്ചതിന്റെ പൊരുള്‍ പെരിയ വിപ്ലവകാരികളോടാണ്‌ ചോദിക്കേണ്ടത്‌.

wow nithyaaaaaaa

തോന്ന്യാസി said...

അങ്ങിനെ മൊത്തത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യമെന്ന സംഗതി തന്നെ കറങ്ങുന്നത്‌ പണ്ട്‌ ധീരേന്ദ്ര ബ്രഹ്മചാരി മുതലിങ്ങോട്ട്‌ സായിബാബയും അമൃതാനന്ദമയിയും വരെയുള്ള കോടിപതികള്‍ക്കു ചുറ്റുമാണ്‌.............

തികച്ചും ശരിയാണ് ഈ നിരീക്ഷണം....ചന്ദ്രസ്വാമിക്കുമുന്നില്‍ തലതാഴ്ത്തിനിന്ന ഒരു ഭരണകൂടം......

പ്രസിഡന്റു മോനേ എന്നു വിളിച്ചപ്പോ കോള്‍മയിര്‍ കൊണ്ട് കാലില്‍ വീണ മിസൈല്‍മാന്‍....

അമ്മത്തായക്കു മുന്നില്‍ കുപ്പായമൂരി കുമ്പിട്ടു നില്‍ക്കുന്ന (പിന്‍‌ വാതിലിലൂടെയാണെങ്കിലും കയറിയ) മുന്‍ കേന്ദ്രമന്ത്രി........

നിലമ്പൂരിലെ വൈലാശ്ശേരിയില്‍ വന്ന് കുടിപാര്‍ക്കുന്ന വേറൊരു പത്രമുതലാളി കം കേന്ദ്രമന്ത്രി....

നമുക്കു നമ്മുടെ നിഴലുകളെ നോക്കി കാര്‍ക്കിച്ചു തുപ്പാം......

പ്രതിബിംബങ്ങളെ നോക്കി കൊഞ്ഞനം കുത്താം....

Unknown said...

നന്നായിട്ടുണ്ട് നിത്യന്‍ , പക്ഷെ അല്പം നീണ്ടുപോയോ എന്നൊരു സംശയം !
സ്നേഹാശംസകളോടെ,

Mr. K# said...

പതിവു പോലെ കലക്കി.

യോഗ പഠിപ്പിക്കുന്നതിനു കാശു വാങ്ങുന്നത് തെറ്റാണോ?