Wednesday, May 28, 2008

നാടകം : മതേതര ഗൗഡയും നാല്‌പത്തിയൊന്ന്‌ അനുയായികളും

2006 ജനുവരിയില്‍ കര്‍ണാടകയില്‍ ദളം പൊട്ടിച്ച്‌ കൂമാരു ബി.ജെ.പിയോടൊപ്പം കൂടി അരങ്ങേറിയ ഗൗഡ നാടകത്തെപ്പറ്റി അന്നെഴുതി പ്രസിദ്ധീകരിച്ച സംഗതി ഇപ്പോള്‍ ബ്ലോഗിലിടുന്നു. വെറുതെ ഒരു തിരിഞ്ഞുനോട്ടത്തിനായി മാത്രം

നാടകം : മതേതര ഗൗഡയും നാല്‌പത്തിയൊന്ന്‌ അനുയായികളും

മതേതരത്വത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തെക്കെ ഇന്ത്യയിലെ ഒരു കലാകാരന്‍ എന്ന നിലയില്‍ തന്നെയായിരിക്കും ഭാവിയില്‍ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ അറിയപ്പെടുക. അതിനെന്താണ്‌ തെളിവ്‌ എന്നാരെങ്കിലും ചോദിച്ചാല്‍ - ആരും ചോദിക്കാന്‍ വഴിയില്ല - എന്നാലും ഏതെങ്കിലും സംശയാലുക്കള്‍ ചോദിച്ചാല്‍ തന്നെ എന്തിന്‌ നിരവധി ഉദാഹരണങ്ങള്‍ -ആ ഒരൊറ്റ
മാതൃവിലാപം തന്നെ ധാരാളം.

(മകനേ കുമാരൂ തിരിച്ചുവരൂ. മതേതരത്വത്തിന്റെ തലക്കിട്ട്‌ നീ അടിച്ച അടിയുടെ ആഘാതത്തില്‍ ബോധം പോയി അച്ഛന്‍ മൃതപ്രായനായി ഇരിക്കുകയാണ്‌. ഊണും വേണ്ട ഉറക്കവും വേണ്ട. നിന്റെയച്ഛന്‍ എന്നു പറഞ്ഞാല്‍ ചില്ലറപ്പെട്ട മതേതരനൊന്നുമല്ല. അപൂര്‍വ്വ ജനുസ്സില്‍ പെട്ട സാധനമാണ്‌. മൂജ്ജന്‍മ സുകൃതത്തിലും പാപത്തിലും എല്ലാം വിശ്വസിക്കുന്നവനും, ദൈവത്തിലുമുപരിയായി കാര്യസ്ഥനായ കണിയാനില്‍ പരമമായ വിശ്വാസം വച്ചുപുലര്‍ത്തുന്നയാളും മക്കളുടെ ഭാവിയില്‍ മറ്റാരെക്കാളും താത്‌പര്യമുള്ള മഹാത്മാവുമാണ്‌. മഹാത്മാവെന്ന്‌ പറഞ്ഞത്‌ തെറ്റിദ്ധരിച്ച്‌ നീ കത്തിയുമായി വരരുത്‌. നിന്റെയമ്മ ഉദ്ദേശിക്കുന്നത്‌ മഹാത്മാഗാന്ധിയെയല്ല. നിന്റെയച്ഛനും എന്റെ അഭിവന്ദ്യ ഭര്‍ത്താവുമായ ഹരദനഹള്ളി ദൊഡ്‌ഢെ ദേവെഗൗഡരെ തന്നെയാണ്‌. കര്‍ഷകരുടെ കണ്ണിലുണ്ണി. ജന്‍മിഃബൂര്‍ഷ്വാസികളുടെ കണ്ണിലെ കരട്‌.

ഇന്നല്ലെങ്കില്‍ നിനക്ക്‌ പിന്നീടൊരിക്കലും കന്നഡിഗരുടെ മുഖ്യമന്ത്രിയാവാന്‍ പറ്റുകയില്ലെന്ന്‌ ഒരു കണിയാന്‍ പറഞ്ഞതാണല്ലോ എല്ലാറ്റിന്റെയും തുടക്കം. മകനേ നിന്റെയപ്പന്‍ ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്ന്‌ കണിയാന്‍ പോയിട്ട്‌ സാക്ഷാല്‍ ദൈവം കരുതിക്കാണുമോ? കുമാരാ നീ മുഖ്യമന്ത്രിയായി കാണുവാന്‍ മറ്റാരെക്കാളും ആഗ്രഹിക്കുന്ന മഹാത്മാവായ നിന്റെ അഭിവന്ദ്യപിതാവിനോട്‌ ഇതാണ്‌ പറ്റിയ സമയം പാലം വലിക്കുവാന്‍ എന്നൊരു കണിയാനും പറയാതിരുന്നത്‌ അദ്ദേഹത്തിന്റെ കുറ്റമാണോ? അതുകൊണ്ട്‌ അദ്ദേഹത്തെ ഒരിക്കലും തെറ്റിദ്ധരിക്കാതെ അനുസരണയുള്ള കുട്ടിയായ്‌ തിരിച്ചുവരൂ. മകനേ ഇതാണിന്ത്യയുടെ ഭൂപടം, മകനേ ഇതാണിന്ത്യയുടെ നേര്‍പടം.

പ്രിയപ്പെട്ട മകനേ, ദുരന്തപര്യവസായിയായി കലാശിച്ചു എന്നു മതേതരപ്രതിഭകളും ശുഭപര്യവസായിയായി എന്ന്‌ സംഘപരിവാരങ്ങളും കരുതുന്ന ഈ നാടകത്തിന്‌ ഒരേയൊരുകാരണമേയുള്ളൂ. അത്‌ നിങ്ങള്‍ രണ്ടുപേരും കൂടി രണ്ട്‌ കണിയാന്‍മാരെ കണ്ടതാണ്‌. നിനക്ക്‌ ഈ ബുദ്ധിയുപദേശിച്ചുതന്ന ആ മഹാനായ കണിയാനെ വിട്ട്‌ ഇനിമേലില്‍ പിതാവ്‌ മറ്റൊരു കണിയാനെ തേടിപ്പോവുകയില്ല. ആയൊരു ഉറപ്പ്‌ അദ്ദേഹം നല്‍കിയ സ്ഥിതിക്ക്‌ മകനേ നീ താമസിയാതെ പരിശുദ്ധ പിതാവിങ്കലേക്ക്‌ യാത്രയാവുക. അങ്ങിനെ മതേതരത്വത്തിന്റ ഭാവിക്ക്‌ അനിവാര്യമായ ഒരു കോമണ്‍ മിനിമം കണിയാന്‍ എന്ന സങ്കല്‌പം യാഥാര്‍ത്ഥ്യമാക്കുക. മകനേ ഇതാണിന്ത്യയുടെ മാര്‍വ്വിടം. ഉചിതമായത്‌ ചെയ്‌തുകൊള്ളുക.)

റിക്ടര്‍ സ്‌കെയിലില്‍ ഒരു മുഖ്യമന്ത്രിസ്ഥാനം രേഖപ്പെടുത്തിയ അതിശക്തമായ ഒരു മതേതരക്കിലുക്കത്തിന്റെ ആഘാതത്തില്‍ അച്ഛന്‍ ഉറക്കംതൂങ്ങി ബോധം കെട്ട്‌ കിടക്കയില്‍ മകന്‍ മുഖ്യമന്ത്രിക്കസേരയില്‍. സഹമതേതരത്വ പ്രമുഖന്‍മാര്‍ കൊടൈക്കനാലില്‍. കേരളത്തിലെ കാര്യസ്ഥന്‍ കനോളി കനാലില്‍. നാടകം പകുതിയില്‍ തുടങ്ങി ഭൂതത്തിലേക്ക്‌ സഞ്ചരിച്ച്‌ ഭാവിയിലേക്കു കുതിക്കുന്ന രീതിയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ലോകനാടകപ്രസ്ഥാനത്തിന്‌ അതുല്യമായ സംഭാവന നല്‍കിയ നാടകകൃത്താണ്‌ ഷേക്‌സ്‌പിയര്‍. കോമഡിയും ട്രാജഡിയും ഒരേ നാടകത്തില്‍ സംയോജിപ്പിച്ച്‌ അതുവരെ ആരും നടത്താത്ത ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നത്‌ മൂപ്പരാണ്‌. അതിന്റെ പേരില്‍ മൂപ്പരെ പഴിച്ചത്‌ ഡോ.ജോണ്‍സണെപ്പോലുള്ള വിമര്‍ശകരുമായിരുന്നു. ഏതാണ്ട്‌ അതിനോടു സാമ്യമുള്ള ഒരു നാടകം അബ്‌സേര്‍ഡ്‌ തിയേറ്ററിലാണെങ്കില്‍ കൂടി ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്‌ കന്നടദേശത്താണ്‌. നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയെ ഓര്‍മ്മിപ്പിക്കും വിധം ഗൗഡര്‍ പുത്രകളത്രാദികള്‍ക്കൊപ്പം അരങ്ങുതകര്‍ത്തു. പുറത്തുനിന്നെന്ന്‌ പറയുവാന്‍ കുടിയാന്‍മാരായ കുറെ കോമാളികളും. ഷേക്‌സ്‌പീരിയന്‍ ടെക്‌നിക്‌ ഉപയോഗിച്ചതുകാരണം കണിയാന്‍ രംഗത്തില്ല. കഥ നിയന്ത്രിക്കുന്നതാകട്ടെ അദൃശ്യനായ കണിയാന്റെ അതിശക്തമായ ഇടപെടലുകളും.

എറ്റവും കൂടുതല്‍ സീറ്റിലേക്ക്‌ ജനം തിരഞ്ഞെടുത്ത വിജയനെ മൂലക്കിരുത്തി ചില്ലറ കിട്ടിയ പരാജിതനെ അധികാരത്തിലേറ്റിയ മഹത്തായ ജനാധിപത്യത്തിന്റെ ഒന്നാംഘട്ടം ആക്ട്‌ വണ്‍ മതേതരവിജയം. ഹണീമൂണ്‍ ആഘോഷങ്ങള്‍ ഗംഭീരമായി നടന്നു. ഒരൊറ്റ അജണ്ടയായിരുന്നു യോജിപ്പിനുകാരണം. മതേതരത്വം നീണാള്‍ വാഴണം. സംഗതി ഇതുവരെയും നീണാള്‍ വാണു. ഇനിയും വാണാല്‍ കുമാരു വാഴുകയില്ല എന്നൊരു അശരീരിയോടെ ആദ്യഭാഗത്തിന്‌ തിരശ്ശീല വീഴുന്നു.

ജനം സസ്‌പെന്‍സിന്റെ മുള്‍മുനയില്‍. അടുത്ത രംഗം തുടങ്ങുകയായി. അദൃശ്യനായ കണിയാന്‍ കാട്ടിക്കൊടുത്ത പാതയിലുടെ കുമാരു മുന്നോട്ട്‌. മതേതരത്വത്തിനെ പുതപ്പിച്ചുകിടത്തുവാന്‍ നല്ലൊരു പട്ട്‌ അച്ഛനെയും അനുജനെയും ഏല്‌പിച്ചുകൊണ്ട്‌ രാജ്യഭാരം ചുമക്കുവാനുള്ള യാത്ര. സംഘപരിവാരത്തിന്റെ പാദുകം തലയില്‍ ഇരുമുടിക്കെട്ടായി വച്ചുകൊണ്ട്‌ നാല്‍പത്തൊന്നു അനുയായികളുമായുള്ള പ്രയാണം. മകനേ തിരിച്ചുവരൂ എന്ന മാതൃവിലാപത്തിന്‌ മുന്നില്‍പോലും പതറാതെ ശങ്കരാചാര്യരുടെ ദൃഢചിത്തതയോടെ കുമാരസ്വാമി മുന്നോട്ട്‌.

നാടകം ശൂഭപര്യവസായിയായി കലാശിക്കുന്നത്‌ ഗൗഡയുടെ സുപ്രസിദ്ധ ഡയലോഗോടുകൂടിയാണ്‌ ഇതെന്റെ കര്‍മഫലം അതായത്‌ പണ്ടേ ഇതു ഞാന്‍ ചെയ്‌ത്‌ മുഖ്യനാവേണ്ടതായിരുന്നു. അല്ലെങ്കില്‍ പിള്ളേര്‍ തമ്മില്‍കുത്തി മരിക്കുകയില്ലെന്ന ഉറപ്പുണ്ടെങ്കില്‍ കുമാരുവിനെ വാഴിക്കേണ്ടതായിരുന്നു. ഇത്രകാലം പാഴായിപ്പോവുകയില്ലായിരുന്നു. മതേതരത്വത്തിനുവേണ്ടി ചെയ്‌ത ഉപകാരം ഫലത്തില്‍ കര്‍ഷകര്‍ക്ക്‌ ചെയ്‌ത ഉപദ്രവമായി. ഇതുതന്നെയാണ്‌ ശരിയായ പ്രായശ്ചിത്തം.

വിദൂഷകന്റെ അവസാനത്തെ ഇടപെടലോടുകൂടിയാണ്‌ നാടകം സമാപിക്കുന്നത്‌. കണിയാന്‍ സഹായിച്ച്‌ കുമാരുവിന്‌ ഒരൊറ്റ അജണ്ട മാത്രം അത്‌ മിനിമം മുഖ്യമന്ത്രിപദം. ഏറ്റവും മുന്തിയ പരിഗണന മതേതരത്വത്തിനാണെങ്കില്‍, പണ്ട്‌ ഗൗഡരെ പ്രധാനമന്ത്രിയാക്കിയപോലെ കുമാരുവിനെ മുഖ്യനാക്കി കോണ്‍ഗ്രസുകാര്‍ക്ക്‌ പിന്തുണച്ചാല്‍ പോരേ എന്ന വിദൂഷകന്റെ ഉത്തരമില്ലാ ചോദ്യത്തോടെ നാടകം സമാപിക്കുന്നു.

ഇനിയെഴുതാന്‍ ബാക്കിയുള്ളത്‌. നാടാറുമാസം കാടാറുമാസം സിദ്ധാന്തപ്രകാരമാണ്‌ ഇനിയങ്ങോട്ടുള്ള പ്രയാണം. സംഘപരിവാരം അങ്ങേയറ്റത്തെ പിന്തിരിപ്പന്‍മാരും സവര്‍ണ ഫാസിസ്റ്റുകളുമായിത്തീരുവാന്‍ ഈ രണ്ടുകൊല്ലം തന്നെ ധാരാളം. നടപ്പുസമ്പ്രദായമനുസരിച്ച്‌ ഇതിന്‌ ഇരുപത്തിനാലുമണിക്കൂര്‍ തന്നെ ആവശ്യമില്ല. അപ്പോള്‍ നാം ഒരു കോമണ്‍മിനിമം അടിയടിച്ച്‌ പിരിയുക. അതോടെ യെഡിയൂരപ്പയുടെ ഭാവി ശോഭനമാവും. അടുത്ത രണ്ടുവര്‍ഷവും കുമാരുതന്നെ വാഴും. കോണ്‍ഗ്രസിന്റെ പിന്തുണയോടെ. മതേതരത്വം ശക്തിപ്പെടുത്തുകയെന്നത്‌ അജണ്ട. കുതിരക്കച്ചവടം എന്നറിയപ്പെടുന്ന സംഗതി അതായിരിക്കുകയില്ല.

5 comments:

NITHYAN said...

മതേതരത്വത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തെക്കെ ഇന്ത്യയിലെ ഒരു കലാകാരന്‍ എന്ന നിലയില്‍ തന്നെയായിരിക്കും ഭാവിയില്‍ ഹരദനഹള്ളി ദൊഡ്ഡെ ദേവെഗൗഡര്‍ അറിയപ്പെടുക. അതിനെന്താണ്‌ തെളിവ്‌ എന്നാരെങ്കിലും ചോദിച്ചാല്‍ - ആരും ചോദിക്കാന്‍ വഴിയില്ല - എന്നാലും ഏതെങ്കിലും സംശയാലുക്കള്‍ ചോദിച്ചാല്‍ തന്നെ എന്തിന്‌ നിരവധി ഉദാഹരണങ്ങള്‍ -

G.MANU said...

പൊളിറ്റിക്കല്‍ സറ്റയറിന്റെ രാജകുമാരാ.. വന്ദനം..

തോന്ന്യാസി said...

അപ്പപ്പോ കാണുന്നോനെ അപ്പാ എന്നു വിളിക്കുന്ന ഈ സ്വഭാവം നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ എന്ന് മാറ്റും?

Unknown said...

“പൊളിറ്റിക്കല്‍ സറ്റയറിന്റെ രാജകുമാരാ” എന്ന സംബോധന നിത്യന് വളരെ ചേരുന്നത് തന്നെ . മനുവിന് അഭിനന്ദനവും നിത്യന് ഊഷ്മളമായ അഭിവാദനങ്ങളും !!

nandakumar said...

പതിവുപോലെ കലക്കി.നിത്യന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല.
(മനുവിന്റെ വിളീ ഞാനെറ്റു വിളിക്കുന്നു, അല്ല അതാണല്ലോ ജനാധിപത്യത്തിലെ ഒരു മര്യാദ !) :-)