Friday, July 4, 2008

ഉയരട്ടങ്ങിനെ ഉയരട്ടെ സീലിങ്ങങ്ങിനെ ഉയരട്ടെ

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്‌ വേര്‍ഡ്‌ ക്ലാസസ്‌ ഒരൊന്നന്നര ശുപാര്‍ശയാണ്‌ നടത്തിയിരിക്കുന്നത്‌. ഈ ശുപാര്‍ശ അഥവാ റെക്കമന്റേഷന്‍ എന്നുപറഞ്ഞാല്‍ തന്നെ ഒരുതരം മറ്റേ പണിയാണെന്നാണു പൊതുധാരണ. ശുപാര്‍ശ ചെയ്യുന്നവന്‍ എന്ന പേര്‌ ദോഷം ഏതായാലും വന്നു. അതിലപ്പുറം ഒരു പേരുദോഷം ശുപാര്‍ശക്കുള്ളതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒ.ബി.സി ക്രീമിലേയര്‍ വരുമാനപരിധി 4.5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നേ മേമ്പ്രന്‍മാര്‍ ശുപാര്‍ശിച്ചുള്ളൂ. ആളുകള്‍ കരുതുന്നതുപോലെ തിന്ന അണ്ടിപ്പരിപ്പിന്റെ ഊക്കില്‍ ആയിപ്പോയതാണോ ആവോ?

ശുപാര്‍ശയെ വധിക്കുന്നത്‌ ദൂതനെ കൊല്ലുന്നതുപോലെയാണ്‌. ന്യായമായ ഒരു സംഗതിക്കും ശുപാര്‍ശയുടെ ആവശ്യമില്ല. നേരിട്ടുപോയി ചോദിച്ചാല്‍ അടിമാത്രമോ അതോ ചവുട്ടും കിട്ടുമോ അല്ല ഇനി രണ്ടും ചറപറാ വീഴുമോ എന്നൊക്കെ ചിന്തിക്കേണ്ടിവരുമ്പോഴാണ്‌ ദൂതനെ അയക്കുന്ന കാര്യം ആലോചിക്കുക.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായതുകൊണ്ട്‌ ഈ 4.5 ലച്ചം ശുപാര്‍ശിച്ചതിലാണ്‌ നിത്യന്റെ മനപ്രയാസം. ആ പരിധി ഒന്നുകില്‍ പരിധിയില്ലാതെ അങ്ങുയര്‍ത്തുക. അല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു 45 ലച്ചമാക്കിയെങ്കിലും ഉയര്‍ത്തുക. അതല്ലേ അതിന്റെയൊരു ന്യായം.

പ്രതിമാസം നാല്‌പതിനായിരം രൂപ വരുമാനമുള്ള പരമദരിദ്ര ഒ.ബി.സി മുതലാളിക്കും കെട്ടിയോള്‍ക്കം പിള്ളേര്‍ക്കം സര്‍ക്കാര്‍ ചിലവിനുകൊടുക്കണം എന്നുകൂടി പറയാമായിരുന്നു. ഇപ്പോള്‍ തിന്നതിന്റെ കൂടെ രണ്ടണ്ടിപ്പരിപ്പും കൂടി തിന്നാല്‍ അതിനുള്ള കരുത്തുകിട്ടുമായിരുന്നല്ലോ.

വിവരം ദാരിദ്ര്യരേഖയ്‌ക്ക്‌ ബഹുദൂരം താഴെയാവുമ്പോള്‍ വെളിപാടുകള്‍ ഇപ്പരുവത്തിലായിരിക്കും പുറത്തുവരിക. എന്നാല്‍ പിന്നെ ഈ ക്രീമിലെയര്‍ എന്ന സംഗതി അങ്ങെടുത്തുകളയാന്‍ പറഞ്ഞാല്‍ പോരായിരുന്നോ?

രാജ്യം ഇന്ത്യയാണെന്നും ഭരിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും താങ്ങുന്നവര്‍ മതേതര-വിപ്ലവ കുറുനരികളാണെന്നും വച്ച്‌ ഇങ്ങിനെയും ഒരു വഷളത്തരം എഴുന്നള്ളിച്ചുകളയാമോ? ഇന്ത്യയ്‌ക്കും പുറത്തും ഒരു ലോകമുള്ള വിവരം നമ്മള്‌ മനസ്സിലാക്കേണ്ടേ? ആ പ്രദേശത്തിനല്ലേ വിദേശം എന്നൊക്കെ പറയുക. ഇങ്ങിനെയുള്ള മന്ദബുദ്ധികളാണ്‌ ഇവിടം വാഴുന്നത്‌. അതുകൊണ്ട്‌ നമുക്ക്‌ ഇവറ്റകളെ ഒന്നും കൂടി കീഴടക്കിക്കളയാം എന്ന്‌ ആര്‍ക്കെങ്കിലും തോന്നിപ്പോയാലെന്താ ചെയ്യ്‌ക? പണ്ട്‌ മുഹമ്മദ്‌ ഘസ്‌നി 12 തവണ സോമനാഥക്ഷേത്രം കൊള്ളയടിച്ചെന്നാണ്‌ പറയപ്പെടുന്നത്‌. 12 തവണയും ഇന്ത്യയിലെ വിഡ്‌ഢികള്‍ ഘസ്‌നിയദ്ദേഹത്തിന്‌ എടുക്കാന്‍മാത്രം കാണിക്ക അതില്‍ കിറുകൃത്യമായി നിറച്ചുകൊണ്ടേയിരുന്നുവെന്നാണ്‌ ഐതിഹ്യം.

4.5ലച്ചമായല്ല സത്യമായും 45 ലക്ഷമായി ഉയര്‍ത്തണമെന്നാണ്‌ നിത്യന്‍ വാദിക്കുന്നത്‌. അല്ലെങ്കില്‍ മേലേന്ന്‌ ആ സീലിങ്ങ്‌ പറിച്ചുകളഞ്ഞ്‌ സ്‌കൈ ഈസ്‌ ദി ലിമിറ്റ്‌ എന്നൊരു ബോര്‍ഡ്‌ വെയ്‌ക്കുക.

കാരണം, മാസം നാല്‌പതിനായിരം വരുമാനമുള്ള ദരിദ്ര ഒ.ബി.സി ക്കാരന്‌ 80000 അടിച്ചുപൊളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അവന്‍ ഈസ്‌ ദരിദ്രന്‍ റ്റു ദ എക്‌റ്റന്‍ഡ്‌ ഓഫ്‌ ദ ഫോര്‍ട്ടി തൗസണ്ട്‌. അസീം പ്രേംജി കഴിഞ്ഞകൊല്ലം ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും ദരിദ്രനായ സമ്പന്നനായിരുന്നു. ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ്‌ വിലക്കെടുക്കണമെന്നാണ്‌ മൂപ്പരുടെ ആഗ്രഹം. കഴിയുന്നില്ല. എന്തുകൊണ്ടാണ്‌? ദാരിദ്ര്യം കൊണ്ട്‌. ്‌ മൂപ്പരും അത്രകണ്ട ദരിദ്രനാണ്‌.

നാല്‌പതിനായിരം നിത്യവരുമാനമുള്ള നടേശനായാലും സര്‍ക്കാര്‍ കൊടുക്കണം ഒരു ഗുമസ്‌തപ്പണി. കൊടുത്താല്‍ മാത്രം പോരാ ചില്ലറ ഭേദഗതിയും കൂടി വരുത്തണം. നാല്‌പതിനായിരം കിട്ടി ശീലിച്ചുപോയ ഒ.ബി.സിക്കാര്‍ക്ക്‌ തുടര്‍ന്നും ജീവിക്കണ്ടേ. ചെറിയൊരു ശമ്പള പരിഷ്‌കാരം.
അധോമണ്ഡല ഗുമസ്‌തന്‍ : ശമ്പളം. നാല്‌പതിനായിരം (ഒ.ബി.സിക്കുമാത്രം), 4000 (മറ്റുള്ളവര്‍ക്ക്‌). അല്ലെങ്കില്‍ പിന്നെ ജോലി കൊടുക്കുന്നത്‌ കയര്‍വാങ്ങിക്കൊടുക്കുന്നതിന്‌ സമമായിപ്പോകും.

ഏതായാലും ഇതെല്ലാം നടത്തുമ്പോള്‍, പണ്ട്‌ കുഞ്ചന്‍ പാടിയ കള്ളുകുടിപ്പാനല്ലാതൊന്നിന്‌ കൊള്ളരുതാത്തൊരു നായന്‍മാരുടെ ഗതിയുടെ ഗ്രാഫൊന്നു വരയ്‌ക്കുക. ബ്രഹ്മജ്ഞാനം സിദ്ധിച്ചപാടെ ഭൂസ്വാമിമാരായിമാറി പിന്നീട്‌ വേണ്ടസമയത്ത്‌ രാഷ്ട്രീയജ്ഞാനം സിദ്ധിക്കാത്തതുകൊണ്ട്‌ കബറടക്കാന്‍ ആറടിമണ്ണുകൂടിയില്ലാത്ത, ഇപ്പോള്‍ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത ബ്രഹ്മജ്ഞന്‍മാരുടെ തലയെണ്ണവും നടക്കട്ടെ. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത, അല്ലാഹുവും കര്‍ത്താവും സംയുക്തമായി രംഗത്തിറങ്ങിയാലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത മുസ്ലീങ്ങളുടെയും കൃസ്‌ത്യാനികളുടെയും കണക്കെടുപ്പുകള്‍ കൂടി നടക്കട്ടെ. റിസര്‍വേഷന്‍ എന്ന സംഗതി റെയില്‍വേസ്റ്റേഷനില്‍ കൂടി ഇന്നോളം കാണാനിടയില്ലാത്ത പണിയന്റെയും വേട്ടനായ്‌ക്കന്റെയും നാടിയുടെയും ....... ജീവിതത്തിന്റെ ചിത്രമെടുക്കട്ടെ.

ഇവര്‍ക്കൊന്നും റേഷന്‍കാര്‍ഡില്ലെങ്കില്‍, വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ജീവിക്കുന്നുവെന്നതിന്‌ തെളിവുണ്ടാവണമെന്നില്ല. അങ്ങിനെ വന്നാല്‍ അവര്‍ നരവംശത്തില്‍ പെടുന്ന ജീവജാലങ്ങളും നിലവില്‍ ജീവന്റെ തുടിപ്പുള്ളവരുമാണെന്ന്‌ ധര്‍മ്മാശുപത്രിയിലെ അപ്പോത്തിക്കിരിയെക്കൊണ്ട്‌ സാക്ഷ്യപ്പെടുത്താവുന്നതാണ്‌. ആയൊരൊപ്പു കിട്ടുവാന്‍ ഉള്ള കോണകം കഴിച്ചുകൊടുക്കേണ്ട്‌ ഗതിയാണെങ്കില്‍ പിന്നെ നല്ലത്‌ നേരെ അംശം അധികാരിയുടെ അടുത്തുപോയി കഴുത്തിന്‌ വെട്ടി ചോരയുണ്ടെന്ന്‌ കാണിക്കലാണ്‌. ജീവനില്ലെങ്കില്‍ ചോരവരികയില്ലല്ലോ.

അവകാശപ്പെടുന്നതുപോലെ മതേതരരാണ്‌ നമ്മളെങ്കില്‍ വേണ്ടത്‌ ഇക്കൂട്ടരെ മൊത്തം ഒരു കാലത്തും ഗുണംപിടിക്കാ മൈക്രോ ന്യൂനപക്ഷമാക്കി ജീവിക്കാനാവശ്യമായതെല്ലാം ഖജനാവില്‍ നിന്നു കൊടുക്കുകയാണ്‌. അല്ലാതെ നിലവില്‍ വലിയ വായില്‍ വെള്ളിക്കരണ്ടിയുള്ളവന്റെ അണ്ണാക്കിലേക്ക്‌ സ്വര്‍ണക്കരണ്ടി തിരുകിക്കൊടുക്കലല്ല.

5 comments:

NITHYAN said...

കാരണം, മാസം നാല്‌പതിനായിരം വരുമാനമുള്ള ദരിദ്ര ഒ.ബി.സി ക്കാരന്‌ 80000 അടിച്ചുപൊളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അവന്‍ ഈസ്‌ ദരിദ്രന്‍ റ്റു ദ എക്‌റ്റന്‍ഡ്‌ ഓഫ്‌ ദ ഫോര്‍ട്ടി തൗസണ്ട്‌. അസീം പ്രേംജി കഴിഞ്ഞകൊല്ലം ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും ദരിദ്രനായ സമ്പന്നനായിരുന്നു. ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ്‌ വിലക്കെടുക്കണമെന്നാണ്‌ മൂപ്പരുടെ ആഗ്രഹം. കഴിയുന്നില്ല. എന്തുകൊണ്ടാണ്‌? ദാരിദ്ര്യം കൊണ്ട്‌. ്‌ മൂപ്പരും അത്രകണ്ട ദരിദ്രനാണ്‌.

Anonymous said...

"uNDava-nata-kittaanjittu`
uNNaaththava-nila-kittaanjittu`...."

Cashewnut is really rejuvenating....

A little 'aana-mayakki' will do the rest.

Considering the fate of women's reservation bill, a reservation of 33.3% of 'them' to the creamy layer side by side will ensure the 'upliftment' of the 'poor' muthalaalys.....

Nithyan, as usual, you said it most appropriately. I have no more words to comment.

Narayana Swamy (Goa)

തോന്ന്യാസി said...

നിത്യേട്ടാ..

ഇപ്പളെങ്കിലും മനസ്സിലായോ ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്ന്............

Manikandan said...

നിത്യന്‍‌ജി സംവരണം കൊണ്ടു ഒരു പ്രയോജനവും ഇല്ലെന്നും, അന്‍പതുകൊല്ലം സംവരണം നടപ്പാക്കിയിട്ടും കൂടുതല്‍‌ വിഭാഗങ്ങള്‍‌ അതിന് അര്‍‌ഹരായി എന്നല്ലാതെ സംവരണം ലഭിച്ച ആരും നന്നായിട്ടില്ലേന്നാണ് ഈയുള്ളവനും വിചാരിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോള്‍‌ വന്നിരിക്കുന്ന ഈ ശുപാര്‍‌ശ ഈയുള്ളവന്റെ കണ്ണു തുറപ്പിച്ചു. സംവരണം ഏറ്റവും ഗുണംചെയ്തത്‌ “മറ്റു പിന്നോക്ക വിഭാഗങ്ങള്‍‌“ എന്ന ഒ ബി സി ക്കാണെന്നു ഇപ്പോള്‍‌ വ്യക്തമായി. സംവരണത്തിന്റെ ഗുണം ഈ വിഭാഗത്തിനു കിട്ടണമെങ്കില്‍ മേല്‍‌ത്തട്ടു പരിധി 4.5ലക്ഷം ആക്കണം എന്നു പറഞ്ഞാല്‍‌ ഈ സമുദായങ്ങള്‍‌ക്കുണ്ടായ അഭിവൃദ്ധി എത്രമാത്രമാണെന്നു ഒന്നോര്‍ത്തു നോക്കൂ. ഓര്‍‌ക്കുമ്പോഴേ രോമാഞ്ചം ഉണ്ടാവുന്നു. മറ്റൊന്നുകൂടി മനസ്സിലാക്കുന്നു ഒ ബി സി വിഭാഗത്തില്‍‌ പെടുന്ന മുഴുവന്‍ ആളുകളും വരുമാനനികുതിദായകരും ആവും. കാരണം ആദാ‍യനികുതി പരിധി ഒരു 1.5 ലക്ഷം ആണല്ലോ. ബി ആര്‍ അംബവാടേക്കര്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം കൃതാര്‍‌ത്ഥനായേനെ.

വിപിന്‍ said...

നിത്യന്‍ ജി
കമന്റാന്‍ വൈകി. ഇന്റര്‍നെറ്റ് ദേവത വിളിപ്പുറത്തില്ലാത്ത ദേശത്താണു ജോലി.
ഇന്‍ഡ്യാ ഈസ് ഏ പൂവര്‍ കണ്ട്രി!