Friday, June 27, 2008

മതമില്ലാത്ത 'ജീവനും' ജീവനില്ലാത്ത മതവും

ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച്‌ തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ്‌ ചോദ്യം.

അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട്‌ മീശക്കാരും എല്ലാം ഒത്തൊരുമിച്ച്‌ ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത്‌ ഏഴാം ക്ലാസിലെ പാഠപുസ്‌്‌തകം കത്തിച്ചുകിട്ടുന്ന ചൂടാണ്‌ ഏകരക്ഷ.

ലോകത്തെവിടെയും തെരുവുപിള്ളേര്‍ കൂടി ഒരു പുസ്‌തകം റോഡില്‍ കണ്ടാല്‍ അതെടുത്തൊന്നു വായിച്ചുനോക്കുകയാണ്‌ പതിവ്‌. റോഡിലെ പുസ്‌തകവണ്ടി പിടിച്ചുവച്ച്‌ അതെല്ലാം വാരിവലിച്ച്‌ ചവുട്ടിക്കൊരട്ടി തീവെക്കാന്‍ കഴിയുന്ന യോഗ്യര്‍ താലിബാനികള്‍മാത്രമാണെന്നാണ്‌ നിത്യന്‍ കരുതിയത്‌. അതേ ജനുസ്സില്‍ പെട്ട സുമനസ്സുകളുടെ ഉടമകള്‍ മലബാറിലും ഉണ്ടെന്ന്‌ കടലാസുകാര്‍ കാട്ടിത്തന്നു.

എന്തെങ്കിലും ഒരു ആവശ്യത്തിനുവേണ്ടി തെരുവിലിറങ്ങുന്നവന്റെ തലതല്ലിപ്പൊളിക്കാന്‍ ഉയരുന്ന ഏമാന്‍മാരുടെ ലാത്തികളൊന്നും അന്നവറ്റകളുടെ കാലുതല്ലിയൊടിക്കാന്‍ ഉയരാത്തത്‌ മതനിരാസ (സെക്യുലാറിസം) ത്തിനുള്ള ശരിയായ ഭീഷണിയാണ്‌.

സകല മതഭ്രാന്തന്‍മാരും ഇപ്പോള്‍ 'മതമില്ലാത്ത ജീവനെ' തല്ലിക്കൊല്ലാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്‌. കയ്യുംകെട്ടി ഇരിക്കാന്‍ പറ്റുമോ? എഴാംക്ലാസിലെ ഈ പാഠത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയങ്ങോട്ട്‌ കൃസ്‌തുവിന്റെയും നബിയുടെയും കൃഷ്‌ണന്റെയുമെല്ലാം ഭാവി.

ഇന്നലെ വരെയെന്തായിരുന്നു പാഠപുസ്‌തം കൊണ്ടുണ്ടായ നേട്ടം എന്നാലോചിക്കണമാദ്യം. ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിക്കുന്നതോടുകൂടി കുട്ടികള്‍ ഒന്നടങ്കം പലായനം ചെയ്‌ത്‌ പൊന്നാനിയിലോ ചങ്ങനാശ്ശേരിയിലോ എത്തും. തെക്കോട്ടുപോയവര്‍ പിന്നീട്‌ ഒരു കവിളും പൊത്തിപ്പിടിച്ച്‌ മറ്റേക്കവിളത്തടിക്കാന്‍ പറ്റിയ ആളെയും നോക്കി തിരിച്ചുനടക്കും. വടക്കോട്ടുപോയവര്‍ നല്ലൊരു തലേക്കെട്ടും കെട്ടി തിരിച്ചുവന്ന്‌ എല്ലാം വിറ്റുപെറുക്കി ദരിദ്രര്‍ക്ക്‌ സക്കാത്തും കൊടുത്ത്‌ ഹജ്ജിന്‌ പോകാന്‍ പറ്റിയ പത്തേമാരിയും കാത്ത്‌ മാനം നോക്കി കിടക്കും.

നാളെയോ? ഏഴാം ക്ലാസിലെ പാഠം പഠിക്കുന്നതോടുകൂടി പിള്ളേരുടെ തലയില്‍നിന്നും മതം അപ്രത്യക്ഷമാവും. ദൈവവിചാരം നേര്‍ത്തുനേര്‍ത്തുവന്ന്‌ തീരെ ഇല്ലാതാകുന്ന ശുഭമുഹൂര്‍ത്തമാവും വര്‍ഷാന്തപരീക്ഷ. ദൈവവിചാരം ഡീലീറ്റായ സ്ഥലത്താണെങ്കില്‍ ശെയ്‌ത്താനായ വൈരുദ്ധ്യാത്മക ഭൗതീകവാദം ഇരമ്പിക്കയറും. അതോടെ പള്ളിക്കൂടം വിടുന്ന പിള്ളാര്‍ പള്ളിക്കെതിരെ തിരിയും. തെക്കോട്ടു പോകുന്നവര്‍ കോട്ടയം അതിരൂപതലക്ഷ്യം വച്ചും വടക്കോട്ട്‌ തിരിഞ്ഞവര്‍ പൊന്നാനിയിലേക്കും കുതിക്കും. പൊന്നാനിയിലെ വിശ്വാസത്തിന്റെ മാറ്റക്കച്ചടവും ചങ്ങനാശ്ശേരിയിലെ മാമോദീസയും അതോടെ അകാലചരമമടയും.

ഭൂമി ഉരുണ്ടതാണെന്ന സത്യം വിളിച്ചുപറഞ്ഞപ്പോള്‍ കത്തോലിക്കാസഭ ജേര്‍ഡനോ ബ്രൂണോയെ ചുട്ടുകൊന്നു. ബൈബിളിലെ പരന്ന ഭൂമി ഉരുണ്ടാല്‍ അരമനകള്‍ നിലം പൊത്തി അച്ചന്‍മാര്‍ പെരുവഴിയാധാരമാവും എന്നായിരുന്നു വിചാരം. ശാസ്‌ത്രത്തിന്റെ തേര്‌ അതിനുശേഷവും പ്രകാശവേഗത്തില്‍ ഉരുണ്ടപ്പോള്‍, കളവുകള്‍ ഒന്നൊന്നായി നിലം പൊത്തിയപ്പോഴും അരമനകള്‍ വിലങ്ങനെ വളര്‍ന്നുവെന്നതാണ്‌ സത്യം.

ഭൂമി ഉരുണ്ടതാണെന്നതിലും വലിയ കണ്ടുപിടുത്തമൊന്നുമല്ലല്ലോ 'മതമില്ലാത്ത ജീവന്‍'. അതുകൊണ്ട്‌ മതമില്ലാത്ത ജീവന്‍ വായിക്കുന്നതോടുകൂടി കണ്‍ട്രോളുവിടുന്ന പിള്ളേര്‍ വിശ്വാസത്തിന്റ അന്ത്യകൂദാശയും ജനാസനമസ്‌കാരവും കഴിഞ്ഞേ എട്ടാം ക്ലാസില്‍ കയറൂ എന്നുപദേശിച്ചു കൊടുത്ത വിഡ്ഡിയാണ്‌ എക്കാലത്തെയും മുന്തിയ പ്രവാചകന്‍.

മനനം കൊണ്ടല്ലാതെ പഠനം കൊണ്ട്‌ മനുഷ്യന്‍ നല്ലവനാവുമെന്നൊരു തെറ്റിദ്ധാരണ ഏതായാലും നിത്യനില്ല. അങ്ങിനെയാണെങ്കില്‍ സമൂഹത്തിന്‌ ഏറ്റവും ഭീഷണിയായ ക്രിമിനലുകളായി ഐ.പി.എസുകാരും ഐ.എ.എസ്സുകാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും മാറുകയില്ലല്ലോ.

ഒരു യഥാര്‍ത്ഥ ഭക്തനും ഒന്നാം തരം അവിശ്വാസിയും ഋഷിതുല്യരായിരിക്കും എന്നാണ്‌ നിത്യന്റെ ധാരണ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌ ശ്രീനാരായണഗുരു ബോധവല്‌ക്കരിച്ചപ്പോള്‍ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ബോധവല്‌ക്കരിച്ചത്‌ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌ എന്നായിരുന്നു. ബോധവല്‌ക്കരണത്തിന്റെ ഗുണമെത്താന്‍ വൈകിയില്ല. അയ്യപ്പന്റെ തല വെളിച്ചം കണ്ടാല്‍ അടി പുറത്തുവീഴുന്ന അവസ്ഥ.

അവിശ്വാസിയായ അയ്യപ്പനെ ചുമലിലേറ്റി നടക്കുന്ന കാര്യത്തെപ്പറ്റി ഗുരു മറ്റുശിഷ്യന്‍മാരോട്‌ പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു - നിങ്ങള്‍ക്ക്‌ തെറ്റുചെയ്‌താല്‍ മാപ്പിരക്കാന്‍ ഒരു ദൈവമുണ്ട്‌. ദൈവം സഹായിച്ച്‌ അയ്യപ്പനതില്ലാത്തതുകൊണ്ട്‌ മൂപ്പര്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല.

പണ്ട്‌ മുകുന്ദനെഴുതിയത്‌ വായിച്ച്‌ ഒരു തലമുറ വഴിതെറ്റിപ്പോയിയെന്ന്‌ ഏതോ വിഡ്‌ഢി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. മുകുന്ദന്റെ വരികള്‍ക്ക്‌ ഒരു തലമുറയെ വഴിതെറ്റിക്കാനാവുമെങ്കില്‍ ബൂദ്ധന്റെ പേരുകേട്ടാല്‍ തന്നെ ലോകത്തിന്റെ തന്നെ വഴി നേര്‍ക്കായിപ്പോവണമല്ലോ.

കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടായി എന്നു ഡാര്‍വിന്‍ പറഞ്ഞയുടനെ ജീസസും മുഹമ്മദ്‌ നബിയും അന്ത്യശ്വാസം വലിച്ചിട്ടില്ല. ശാസ്‌ത്രം പുരോഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ കൊട്ടകൊത്തളങ്ങള്‍ നിലം പൊത്തുമെന്നത്‌ മന്ദബുദ്ധികളുടെ ഒരന്ധവിശ്വാസമാണ്‌. അതിന്റെ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ്‌ ബ്രൂണോ.

പോത്തുപെറ്റെന്നു കേട്ടപ്പോള്‍ പണിക്കര്‍ കയറെടുത്തതിന്റെ കാരണമാണ്‌ ഒരു സമസ്യയായി അവശേഷിക്കുന്നത്‌. അദ്ധ്യാത്മികതയുടെ നാലയലത്ത്‌ പണ്ട്‌ അടുപ്പിച്ചുകൂടാത്ത സംഗതിയായിരുന്നു സെക്‌സ്‌. അക്കാലത്ത്‌ കാമശാസ്ര്‌തം വിരചിച്ച വാത്സ്യായന്‌ മഹര്‍ഷിപദം നല്‌കിയ സംസ്‌കാരമാണ്‌ ഹൈന്ദവസംസ്‌കാരം.

ബലികൊടുക്കപ്പെട്ട മൃഗം സ്വര്‍ഗത്തില്‍ പോവുമെങ്കില്‍ നിന്റെ മാതാപിതാക്കളെ വെട്ടി ബലി കൊടുക്ക്‌. അവര്‍ വഴിതെറ്റി നരകത്തിലെത്തിപ്പോകേണ്ട്‌ സ്വര്‍ഗത്തില്‍ തന്നെയാവട്ടെ എന്നു കളിയാക്കിയ ലോകത്തിലെ ആദ്യത്തെ യുക്തിവാദിയായ ചര്‍വ്വാകനും അവിടെ മഹര്‍ഷിപദവിയുണ്ട്‌. അങ്ങിനെ എത്രയോ പേര്‍. യവനനായ അലക്‌സാണ്ടര്‍ തൊട്ടിങ്ങോട്ട്‌ ശീമസായ്‌പ്‌ വരെ ഉഴുതുമറിച്ചിട്ടും ആ ചിന്താധാരയുടെ ഉറവവറ്റാതിരുന്നത്‌ ഇതെല്ലാം കൊണ്ടാണ്‌.

സ്വച്ഛന്ദമൃത്യുവാണ്‌ അത്തരം ആശയങ്ങള്‍. അവയുടെ സംരക്ഷണത്തിന്‌ തത്‌ക്കാലം പണിക്കരുടെയോ കാവികെട്ടിയ കുന്തത്തിന്റെയോ യാതൊരാവശ്യവുമില്ല. അവരുള്ളതാണാപത്ത്‌. ലോകം ഇവറ്റകളെനോക്കി ഹിന്ദുമതത്തെ വിലയിരുത്തിക്കളയും.

ബുദ്ധമതത്തില്‍ ചേരാന്‍പോയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട്‌ ബുദ്ധസന്ന്യാസി താന്‍ ബുദ്ധനുവേണ്ടി എന്തുചെയ്യും എന്നുചോദിച്ചിരുന്നുപോലും. അപ്പോ ഘനഗംഭീര ശബ്ദത്തില്‍ നീണ്ടു നിവര്‍ന്നു നിന്ന്‌ സീരിയല്‍ നായകനെപ്പോലെ ചുള്ളിക്കാട്‌ പറഞ്ഞു "ഞാന്‍ പ്രതിരോധിക്കും. ബുദ്ധനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കും". സന്ന്യാസി പ്രതിവചിച്ചത്‌ നിന്റെ സഹായമില്ലാതെ തന്നെ രണ്ടായിരം കൊല്ലമായി ബുദ്ധന്‍ ജീവിക്കുന്നുണ്ട്‌ എന്നായിരുന്നു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ നശിപ്പിക്കാനേ താലിബാനികള്‍ക്കാവുകയുള്ളൂ. ബുദ്ധനെ തകര്‍ക്കാന്‍ പ്രതിമതകര്‍ത്തവന്‍ ഒരായിരം ജന്‍മം ജനിച്ചാലും നടക്കുമെന്ന്‌ തോന്നുന്നില്ല.

സാക്ഷാല്‍ ഇ.എം.എസ്സിനും നായനാര്‍ക്കും മരണം വരെ നിഴലുപോലെ കൂടെ നടന്ന ആര്യാ അന്തര്‍ജനത്തിന്റെയും ശാരദടീച്ചറുടെയും വിശ്വാസം മാറ്റിയെടുക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ പിന്നെ ബാക്കി മാനവരുടെ കാര്യത്തെ പറ്റി ആരും ബേജാറാവേണ്ടതേയില്ല. കിത്താബിന്റെ അണിയറ പ്രവര്‍ത്തകനായ ബേബിസഖാവിന്റെ ഭാര്യ ബെറ്റിക്ക്‌ സഖാവിലുള്ളതിലും വിശ്വാസം കര്‍ത്താവിലുള്ളതുകൊണ്ടാണല്ലോ പരിശുദ്ധപിതാവിന്റെ കൈ മുത്തിയത്‌.

21 comments:

NITHYAN said...

ഭൂമി ഉരുണ്ടതാണെന്നതിലും വലിയ കണ്ടുപിടുത്തമൊന്നുമല്ലല്ലോ 'മതമില്ലാത്ത ജീവന്‍'. അതുകൊണ്ട്‌ മതമില്ലാത്ത ജീവന്‍ വായിക്കുന്നതോടുകൂടി കണ്‍ട്രോളുവിടുന്ന പിള്ളേര്‍ വിശ്വാസത്തിന്റ അന്ത്യകൂദാശയും ജനാസനമസ്‌കാരവും കഴിഞ്ഞേ എട്ടാം ക്ലാസില്‍ കയറൂ എന്നുപദേശിച്ചു കൊടുത്ത വിഡ്ഡിയാണ്‌ എക്കാലത്തെയും മുന്തിയ പ്രവാചകന്‍.

G.MANU said...

രണ്ടായിരം വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമ നശിപ്പിക്കാനേ താലിബാനികള്‍ക്കാവുകയുള്ളൂ. ബുദ്ധനെ തകര്‍ക്കാന്‍ പ്രതിമതകര്‍ത്തവന്‍ ഒരായിരം ജന്‍മം ജനിച്ചാലും നടക്കുമെന്ന്‌ തോന്നുന്നില്ല.

ഇതിനൊരു തേങ്ങ ഉടച്ചില്ലെങ്കില്‍ പിന്നെന്തോന്ന്.
സകല തിരക്കിലും വന്നു വായിക്കുന്ന ഒരേ ഒരു ബ്ലോഗ്.


നമഹ:

അനാഗതശ്മശ്രു said...

U said It..Nithyan

യാരിദ്‌|~|Yarid said...

ഒരു കയ്യൊപ്പ്...

ശ്രീ said...

നല്ല പോസ്റ്റ് മാഷേ

Unknown said...

പ്രിയ നിത്യന്‍ , ഈ കോലാഹലങ്ങള്‍ക്കിടയില്‍ കേള്‍ക്കാന്‍ കഴിഞ്ഞ സത്യസന്ധവും ഘനഗംഭീരവുമായ ഒരേയൊരു ശബ്ദം ! ഇത് ഇവിടെ ഈ ബ്ലോഗില്‍ മാത്രം ഒടുങ്ങാതെ കേരളത്തിലങ്ങോളമിങ്ങോളം മാറ്റൊലിക്കൊണ്ടെങ്കില്‍ എന്നാശിച്ചു പോകുന്നു !!

പുസ്തകം വാരിവലിച്ചു ആര്‍ത്തുവിളിച്ച് തെരുവില്‍ കത്തിക്കുന്ന ദൃശ്യം ചാനലുകളില്‍ കണ്ടപ്പോള്‍ ഞെട്ടാതിരിക്കാന്‍ കഴിഞ്ഞില്ല . താലിബാനെ നോക്കിയാണല്ലോ കേരളം മുന്നേറുന്നത് . നടക്കട്ടെ !

തോന്ന്യാസി said...

ലോകത്തെവിടെയും തെരുവുപിള്ളേര്‍ കൂടി ഒരു പുസ്‌തകം റോഡില്‍ കണ്ടാല്‍ അതെടുത്തൊന്നു വായിച്ചുനോക്കുകയാണ്‌ പതിവ്‌. റോഡിലെ പുസ്‌തകവണ്ടി പിടിച്ചുവച്ച്‌ അതെല്ലാം വാരിവലിച്ച്‌ ചവുട്ടിക്കൊരട്ടി തീവെക്കാന്‍ കഴിയുന്ന യോഗ്യര്‍ താലിബാനികള്‍മാത്രമാണെന്നാണ്‌ നിത്യന്‍ കരുതിയത്‌. അതേ ജനുസ്സില്‍ പെട്ട സുമനസ്സുകളുടെ ഉടമകള്‍ മലബാറിലും ഉണ്ടെന്ന്‌ കടലാസുകാര്‍ കാട്ടിത്തന്നു.


വിദ്യ കൊണ്ട് പ്രബുദ്ധരായ ഒരു ജനത !!!!!!!!

ലജ്ജ തോന്നുന്നു......

കണ്ണൂരാന്‍ - KANNURAN said...

പാഠപുസ്തക വിവാദത്തിലെ ഇതുവരെ കണ്ടതിൽ വച്ചേറ്റവും നല്ല ലേഖനം.

എം.വി.രാഘവന്റെ പ്രസ്താവനയും നന്നായി, അതിനു പിന്നിലെ അജണ്ടകളെക്കുറിച്ചറിവില്ലെങ്കിൽ കൂടി.

നിത്യായനത്തിലെ ഇടവേളകൾ കുറക്കൂ..

Inji Pennu said...

:-)

Roby said...

മുകുന്ദന്റെ വരികള്‍ക്ക്‌ ഒരു തലമുറയെ വഴിതെറ്റിക്കാനാവുമെങ്കില്‍

മുകുന്ദനും വരിയുണ്ടായിരുന്നോ?

നിത്യാ, നല്ല ലേഖനം.

പാമരന്‍ said...

നല്ല ലേഖനം.

Rajeeve Chelanat said...

നിത്യാ

ഇതുപോലെ കുറിക്കുകൊള്ളുന്ന എഴുത്തുകൊണ്ടൊന്നും പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാകില്ല. എഴുത്തും വായനയും ബോധവും, മനനവുമൊന്നും, വിശ്വജന്തുക്കള്‍ക്കും,കുഞ്ഞാലിക്കുട്ടിയുടെ ജാരസന്തികള്‍ക്കും, തരം കിട്ടിയാല്‍ കന്യാമറിയത്തിനെയും ഒരു കൈ നോക്കാന്‍ മിനക്കെട്ടിരിക്കുന്ന പാതിരിമാര്‍ക്കും പറഞ്ഞിട്ടുള്ളതല്ല.

പക്ഷേ ഒരു ഗുണമുണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റിലൂ‍ടെയും മറ്റും, ഈ പാഠപുസ്തക ഉള്ളടക്കത്തിന്റെ നിജസ്ഥിതി പുറത്തുവന്നതോ‍ടെ ഈ വര്‍ഗ്ഗീയവിഷങ്ങള്‍ക്ക് പബ്ലിക്ക് സപ്പോര്‍ട്ട് കുറഞ്ഞിട്ടൂണ്ട്.

Insanity gets uncontested

അഭിവാദ്യങ്ങളോടെ

ഒരു സ്നേഹിതന്‍ said...

ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിക്കുന്നതോടുകൂടി കുട്ടികള്‍ ഒന്നടങ്കം പലായനം ചെയ്‌ത്‌ പൊന്നാനിയിലോ ചങ്ങനാശ്ശേരിയിലോ എത്തും.

കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല....

അങ്കിള്‍ said...

:)

chithrakaran:ചിത്രകാരന്‍ said...

പ്രിയ നിത്യന്‍,
വളരെ ഭംഗിയായി,സരസമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
“ജീവനില്ലാത്ത മതം” നല്ല പ്രയോഗം!
മത വിശ്വാസത്തിന്റെ വേരുകള്‍ പള്ളീലച്ഛന്മാരും,മൊല്ലാക്കമാരും,ഉമ്മഞ്ചാണ്ടിയും,മനോരമയുടെ നേതൃത്വത്തില്‍ അരിഞ്ഞുകൊണ്ടിരിക്കുന്നത് വളരെ ഭംഗിയായി ജനം കാണുന്നു. സ്വന്തം പൊള്ളത്തരങ്ങളല്ലാതെ അവര്‍ക്കൊന്നും പുറത്തുകാണിക്കാനില്ല.

ഡി .പ്രദീപ് കുമാർ said...

ഇല്ലാപ്രശ്നങ്ങളുണ്ടാക്കി എല്ലാം കുളമാക്കുന്നവരാണു നമ്മുടെ മത-ജാതി സംഘടനകള്‍.അവരെ നേരെയാക്കാന്‍ ആര്‍ക്കും കഴിയില്ല.ഈയ്യിടെയായി ഇവര്‍ക്ക് സഹിഷ്ണുത തീരെയില്ല.അവരില്‍ വെളിയുള്ള ആരെങ്കില്ലുമുണ്ടെങ്കില്‍‍ ഈ ലേഖനം വായിക്കട്ടെ.ഒന്നാംതരമായിരിക്കുന്നു,നിത്യന്‍.

Manikandan said...

സ്വന്തം പൌരന്മാരെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും തിരിച്ചു; അതില്‍ ഓരോ പക്ഷത്തിനും വ്യത്യസ്തമായ അവകാശങ്ങളും, നിയമങ്ങളും സൃഷ്ടിച്ച് വിഭാഗീയതക്കു ആക്കം കൂട്ടുന്ന ഒരു ഭരണഘടനയും; അധികാരത്തിനു വേണ്ടി വീണ്ടും വീണ്ടും ഓരോപക്ഷത്തും കൂടുതല്‍ വിഭാഗങ്ങളെ കൂട്ടിച്ചേര്‍‌ത്തു പുതിയ പുതിയ വോട്ടുബാങ്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വങ്ങളും ഇതെല്ലാം എന്നും ഈ നാടിന്റെ ശാപം ആണ്. നനാത്വത്തില്‍ ഏകത്വം എന്നും ഒരു മാലയിലെ മുത്തുകള്‍ എന്നും പണ്ടേ തലമുറകളെ പഠിപ്പിച്ചു വന്നു. എന്നിട്ടും എന്തേ ഇപ്പോഴും ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ദേശ, ഭാഷാ വ്യത്യാസങ്ങള്‍ പണ്ടത്തേക്കാള്‍‌ കൂടുതലായി നിലനില്‍ക്കുന്നു. ദേശീയപാ‍ര്‍‌ട്ടികളെക്കാള്‍ കൂടുതല്‍ ആയി പ്രദേശീകപാര്‍ട്ടികളില് ജനങ്ങള്‍‌ക്കുള്ള വിശ്വാസം കൂടുന്നു. ഒരു വശത്തു സമത്വത്തെപ്പറ്റി പറയുമ്പോളും ഇതേ രാഷ്ട്രീയപാര്‍‌ട്ടികള്‍ തന്നെ പൌരന്മാരെ ജാതിയുടേയും മതത്തിന്റേയും പേരില്‍‌ ഭിന്നിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പാഠപുസ്തകങ്ങളിലൂടെ, വിദ്യാഭ്യാസത്തിലൂടെ ജാതി മത ചിന്തകള്‍‌ക്കതീതമായ ഒരു സമൂഹം ഉണ്ടാക്കാനുള്ള ശ്രമമാണിതെന്ന വാദം തികച്ചും പൊള്ളയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഭാരതത്തില്‍ ഭരണം നടത്തുന്നതിന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗം “ഭിന്നിപ്പിച്ചു ഭരിക്കുക” (divide and rule)എന്നതാണെന്ന ബ്രിട്ടീഷ് നയം പിന്തുടരുന്നവരാണ് ഇപ്പോഴും നമ്മുടെ ഭരണാധികാരികള്‍‌. വോട്ടു ബാങ്കുകളെ കൈവിട്ടുള്ള ഒരു കളിക്കും അവര്‍‌ തയ്യാറാവും എന്ന പ്രതീക്ഷ എനിക്കില്ല. national integrity എന്നത്‌ ഒരിക്കലും അവരുടെ അന്തിമ ലക്ഷ്യവും ആവില്ല.

Anonymous said...

ചിലരുടെ കമന്റുകള്‍ കണ്ടാല്‍ കേരളത്തിന്റെ മൊത്തം പ്രശനവും മതം കാരണം ആണെന്ന് തോന്നും ....വളര്‍ന്നു വരുന്ന കുട്ടികള്‍ യുക്തിവാദികല്‍ ആയാല്‍ കമ്മ്യൂണിസ്റ്റ്കാര്‍ ഹാപ്പി ..കാരണം പിന്നെ വരും തിരഞ്ഞെടുപുകളില്‍ മത പാര്‍ടികള്‍ക്ക് [മുസ്ലിം ലീഗ് ,ബി ജെ പി ]വോട്ട് ഇല്ലാലോ ...ഈ വരും തിരഞെടുപ്പില്‍ പൊട്ടും എന്ന് ഏതാണ്ട് ഉറപായി കഴിഞ്ഞു .ഇപ്പോ ഏഴാം ക്ലാസിലെ കുട്ടികള്ക്ക് 12 വയസ്സ് ...

ഒരു 6 കൊല്ലം കഴിഞ്ഞാല്‍ എല്ലാവരും യുക്തിവാതികള്‍ ..നിരീശ്വരവാദികല്‍ .എല്ലാ തിരഞ്ഞെടുപുകളിലും കമ്മ്യൂണിസ്റ്റ്കാര്‍ ഭരണത്തില്‍ .. ഇതു വരെ വിചാരിച്ചിരുന്നത് അമേരിക്കകും ഇസ്രായേലിനുമൊക്കെ മാത്രമേ ദീര്‍ഖ കാലടിഷ്ടാനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തയാറാക്കാന്‍ കഴിയു എന്നാണു ...കേരളത്തിലെ കമ്മ്യൂണിസ്റ്റുക്കാരും ഈ കാര്യത്തില്‍ മോശം അല്ല എന്ന് തെളിയിചിരുക്കുന്നു .....

Anonymous said...


കമന്റടിക്കാരെല്ലാം സഖാക്കളാണെന്നു തോന്നുന്നു.

Anonymous said...

You took me back to 1960. My fifth standard class. My first English text book.

It had a chapter on Nehru family. With a photo of Nehru with Indira Gandhi and her small children (No Mrs Nehru or Mr Indira in it). Rajiv with a toy aeroplane and 'Sanjeev' (at least that is how we called him then; it is (hi)story that Sanjeev later changed his name to Sanjay in London with the help of VKKM)on a toy car, with detailed descriptions of the children's interest in planes and cars respectively(and nothing else, please). We used to stare at this photo and envy those lucky children of our age!

By then the golden family had already cut the royal road for the offsprings.

Did all of us become Congress later? Did we atleast become I-Gandhians?

If text books could change our lives, we would be quite different by now!

Congratulations Nithyan, for putting the facts in the right track.

Anonymous said...

You took me back to 1960. My fifth standard class. My first English text book.

It had a chapter on Nehru family. With a photo of Nehru with Indira Gandhi and her small children (No Mrs Nehru or Mr Indira in it). Rajiv with a toy aeroplane and 'Sanjeev' (at least that is how we called him then; it is (hi)story that Sanjeev later changed his name to Sanjay in London with the help of VKKM)on a toy car, with detailed descriptions of the children's interest in planes and cars respectively(and nothing else, please). We used to stare at this photo and envy those lucky children of our age!

By then the golden family had already cut the royal road for the offsprings.

Did all of us become Congress later? Did we atleast become I-Gandhians?

If text books could change our lives, we would be quite different by now!

Congratulations Nithyan, for putting the facts in the right track.

Narayana Swamy (Goa)
gnswamy@email.com