Saturday, June 21, 2008

കേരളസര്‍വ്വകലാശാല അഥവാ കേരളസര്‍വ്വകലാപശാല

കല ഒരു കലാപമാണെങ്കില്‍ തീര്‍ച്ചയായും കലാശാലകള്‍ കലാപശാലകളാണ്‌. സര്‍വ്വകലാശാലകള്‍ സര്‍വ്വകലാപശാലകളുമാണ്‌. ആയിരിക്കുകയും വേണം. എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. തല വെളിച്ചം കണ്ടയുടനെയുള്ള ആ നിലവിളി ബുദ്ധിശക്തിക്കുള്ള ആദ്യത്തെ സര്‍ട്ടിഫിക്കറ്റാണ്‌. തമസ്സല്ലോ സുഖപ്രദം എന്നായിരിക്കണം ആ നിര്‍ത്താതെയുള്ള ആദ്യനിലവിളിയുടെ അര്‍ത്ഥം.

അതായത്‌ എല്ലാവരും ബുദ്ധിമാന്‍മാരായി ജനിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസം ഭൂരിപക്ഷത്തെയും മന്ദബുദ്ധികളാക്കുന്നു. ലോകത്തിലെ പലേ സര്‍വ്വകലാശാലകളും ആ നാടിന്റെ അഭിമാനസ്‌തംഭങ്ങളാണ്‌. എന്നാല്‍ വേറിട്ടൊരു ചാനലുപോലെ വേറിട്ടൊരു സംഭവമാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകള്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്‌. ഇവിടെ മന്ദബുദ്ധികള്‍ക്കുവേണ്ടി മന്ദബുദ്ധികളാല്‍ നടത്തപ്പെടുന്ന മന്ദബുദ്ധികളുടെ മഹാസംരംഭമാണ്‌ സര്‍വ്വകലാശാലകള്‍ എന്നാണ്‌ അക്കൂട്ടരുടെ പ്രചരണം.

ചുരുക്കിപ്പറഞ്ഞാല്‍
സര്‍വ്വകലാശാലയെന്നു കേട്ടാലോ
അപമാനപൂരിതമാകണമന്തരംഗം
സിണ്ടിക്കേറ്റെന്നുകേട്ടാലോ
ഊരിപ്പിടിക്കണം മെതിയടി കരങ്ങളില്‍
വീസിയെന്നു കേട്ടാലോ
മൂടുതാങ്ങിയെന്നു നിനക്കണം

ഇപ്പോള്‍ കടലാസുകളില്‍ കാണുന്നത്‌ കേരള സര്‍വ്വകലാശാലയുടെ അസിസ്‌റ്റന്റ്‌ നിയമന മാമാങ്കത്തെപ്പറ്റിയാണ്‌. അതായത്‌ നല്ലൊരു പരൂഷ നടത്തി. പരൂഷക്ക്‌ പഠിച്ചവരും പഠിക്കണമെന്നു മനസ്സില്‍ നിനച്ചവരും അപേക്ഷ അയച്ചവരും അയക്കണമെന്നു നിനച്ചവരും എല്ലാം റാങ്കുലിസ്റ്റില്‍. ലോകചരിത്രത്തിലെ ആദ്യത്തെ മഹാ പരൂഷയാണ്‌ നടന്നത്‌. മഹാന്‍മാര്‍ പരൂഷനടത്തുമ്പോള്‍ തീര്‍ച്ചയായും പരീക്ഷിക്കപ്പെടുവാന്‍ മന്ദബുദ്ധികല്ല ക്യൂ നില്‍ക്കുക. നിലവിലുള്ള മഹാന്‍മാരും ഭാവിയിലേക്കുള്ള മഹാന്‍മാരുമാണ്‌. ഇവിടെയും അതുതന്നെ സംഭവിച്ചു. തികച്ചും സ്വാഭാവികം. അങ്ങിനെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്നതുപോലെ പേനയെടുത്തോനെല്ലാം ചിത്രഗുപ്‌തന്‍മാരാവാന്‍ പരൂഷയില്‍ യോഗ്യതനേടി. അങ്ങിനെ യാതൊരു പക്ഷഭേദമോ പക്ഷപാതമോ ഇല്ലാത്ത പ്രാകൃത കമ്മ്യൂണിസം പ്രാകൃതര്‍ നടപ്പിലാക്കിയെന്നാണ്‌ പച്ചപ്പരിഷ്‌കാരികളുടെ അഭിപ്രായം.

പരൂഷക്ക്‌ ഹാജരാവുന്ന എല്ലാ ബൈഹാര്‍ട്ട്‌ ബുദ്ധിജീവികള്‍ക്കും ഒന്നാം റാങ്കുതന്നെ കൊടുക്കണമെന്നായിരുന്നു സോഷ്യലിസ്‌റ്റ്‌ സിണ്ടിക്കേറ്റിന്റെ ആഗ്രഹം. സര്‍വ്വകലാശാലയില്‍ ഒരിക്കലെങ്കിലും കാലുകുത്താന്‍ ഇടയായ ഹതഭാഗ്യന്‍ ഒരു മഹാജ്ഞാനായായാണ്‌ തിരിച്ചിറങ്ങുക. അതായത്‌ നമ്മള്‍ ദര്‍ശിച്ച ഇരുകാലിയുടെ സീറ്റില്‍ ഒരു നാല്‌ക്കാലിയിരുന്നാലും ഇപ്പോഴത്തേതുപോലെ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്ന ബോധോദയത്തോടെ.

അപ്പോള്‍ വന്നവരെല്ലാം യോഗ്യന്‍മാരല്ല ബഹുയോഗ്യന്‍മാര്‍തന്നെയാണെന്ന്‌ സാധാരണക്കാര്‍ക്കെന്നല്ല ഏതു വീസിക്കും തിരുപാടുകിട്ടും. എന്നാലോ ഒന്നാം റാങ്ക്‌ രണ്ടായിരം പേര്‍ പങ്കുവെയ്‌ക്കുന്ന സാങ്കേതികവിദ്യ സോവിയറ്റുയൂണിയന്‍ കൂടി കണ്ടുപിടിക്കാത്തതുകൊണ്ട്‌ രക്ഷയില്ലാണ്ടായി. അതുകൊണ്ട്‌ ഒരു ചിത്രഗുപ്‌തനെ കൂപ്പിട്ടു. റജിസ്‌ട്രേഷന്‍ നമ്പര്‍ കൊടുത്തപോലെതന്നെ റാങ്കുനമ്പറുകള്ളൂം അങ്ങുചാര്‍ത്തിക്കൊടുക്കാന്‍ ഉത്തരവിട്ടു. അതായത്‌ സാങ്കല്‌പിക സോഷ്യലിസം.

തുടര്‍ന്ന്‌ തുടര്‍വിദ്യാഭ്യാസം പോലെ അടുത്തഘട്ടം. അഭിമുഖം മാരത്തോണ്‍. ശാസ്‌ത്രം പഠിച്ചോര്‍ക്ക്‌ മുഴുവന്‍ ഐന്‍സ്‌റ്റെയിനെ വെല്ലുന്ന ബുദ്ധി. ഗണിതം പഠിച്ചവരാകട്ടെ സകലവും ചുരുങ്ങിയത്‌ രാമാനുജന്‍മാര്‍. ചരിത്രം പഠിച്ചവര്‍ കുറുപ്പന്‍മാര്‍. സാഹിത്യം പഠിച്ചോര്‍ പെരിയ അഴീക്കോടായില്ലെങ്കില്‍ ചിന്നകുഞ്ഞമ്മദുമാര്‍. ആരെയാണ്‌ സുഹൃത്തേ തള്ളുക ആരെയാണ്‌ കൊള്ളുക. ഇന്റര്‍വ്യൂ നടത്തിയവര്‍ ഒടുക്കം കയറുമായി മച്ചും തേടി നടന്നു എന്നാണ്‌ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം. ലേശം ശേഷിക്കുറവുള്ളവര്‍ വിഷം കഴിച്ചു മരിക്കാനും തീരുമാനിച്ചതായും.

ആയൊരു ഘട്ടത്തിലാണ്‌ തലപ്പത്തുള്ള രാജ്യസ്‌നേഹികളുടെ ബുദ്ധിയുടെ റിസര്‍വോയര്‍ നിറഞ്ഞുകവിഞ്ഞത്‌. എല്ലാവരും ഒന്നിനൊന്നു മെച്ചമാവുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ അടുത്ത വഴി നോക്കുകയാണ്‌ ബുദ്ധി. ഒരു വിപ്ലവാവബോധ പരീക്ഷ. ആച്ഛന്‍ ആനക്കാരനാണെങ്കില്‍ മോന്റെ ആസനത്തിന്‌ തഴമ്പുണ്ടാവണം എന്നത്‌ യോഗ്യത. അച്ഛനോ അമ്മാവനോ ഇതുമല്ലെങ്കില്‍ പായുമ്പോള്‍ തൊട്ടുപോയ വകേല കാരണവരോ വിപ്ലവകാരിയായി ഉണ്ടങ്കില്‍ രക്ഷപ്പെട്ടു.

ആകാശത്തെ നക്ഷത്രങ്ങളെപ്പോലെയാണ്‌ വിപ്ലവകാരികള്‍. എത്രയെത്ര ആളുകള്‍ക്കാണ്‌ അക്കൂട്ടര്‍ വഴികാട്ടുക. ഒരു നാട്ടിലേക്കൊന്നുണ്ടെങ്കില്‍ ആ നാടുതന്നെ പ്രകാശമാനമായി. അപ്പോ കുടുംബത്തിലെ കാര്യം പറയണ്ടതുണ്ടോ? അപ്പോള്‍ വിപ്ലവകുടുംബത്തില്‍ പെട്ടവനാണെങ്കില്‍ തീര്‍ച്ചയായും രണ്ടായിരംകാരന്‍ രണ്ടാമനായി വാഴ്‌ത്തപ്പെടും. താങ്ക്‌സ്‌ റ്റു വിപ്ലവവീര്യം ഈതര്‍ ബൈ മക്കത്തായം ഓര്‍ മരുമക്കത്തായം. ഇത്തരം വസ്‌തുതകളൊന്നും വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്യാതെയാണ്‌ മാധ്യമ സിണ്ടിക്കേറ്റുകള്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റുകള്‍ക്കെതിരായി തിരിയുന്നത്‌. അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം ഇതു തള്ളിക്കളഞ്ഞിരിക്കുകയാണ്‌. അതു പക്ഷേ പ്രതിഫലിക്കുക അടുത്ത തിരഞ്ഞെടുപ്പില്‍ മാത്രമായിരിക്കും.

അതു ചീറ്റിയപ്പോള്‍ തൊടുത്തു അടുത്ത ആരോപണം. 2000 പേര്‍ പരൂഷയെഴുതിയ ഉത്തരക്കടലാസുകള്‍ കാണുന്നില്ല. വല്യ കാര്യായിപ്പോയി. ഈ മാധ്യമ പോഴന്‍മാരുടെ ആസനത്തില്‍ ......കാലം കഴിഞ്ഞിരിക്കുകയാണ്‌. (സുധാകരസാഹിത്യവുമായി ഈ വരികള്‍ക്ക്‌ ബന്ധം തോന്നുന്നെങ്കില്‍ അത്‌ തികച്ചും യാദൃച്ഛികമാണ്‌)

ചന്ദ്രനില്‍ കാലുകത്തിയപ്പോള്‍ ആംസ്‌ട്രോങ്‌ പറഞ്ഞത്‌ എ സ്‌മോള്‍ സ്‌റ്റെപ്പ്‌ ഫോര്‍ എ മാന്‍, ബട്ട്‌ എ ജയന്റ്‌ ലീപ്പ്‌ ഫോര്‍ മാന്‍കൈന്‍ഡ്‌ എന്നാണ്‌. അത്രയ്‌ക്കൊന്നും വരില്ലല്ലോ രണ്ടായിരം കടലാസുകള്‍. അന്നുപോയ വാഹനം നാസ കത്തിച്ച്‌ ചിതാഭസ്‌മം ഹിമാലയത്തില്‍ വിക്ഷേപിച്ചു എന്നാണ്‌ പിന്നീട്‌ അതേപ്പറ്റി ചോദിച്ചവര്‍ക്ക്‌ കിട്ടിയ മറുപടി. യാതൊരു വ്യത്യാസവും പറയാനില്ലാത്ത രണ്ടായിരം പേപ്പറുകള്‍ വെറുതെ കെട്ടിവച്ച്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നതിലും ഭേദം അതുതന്നെയാണ്‌. കൂട്ടിയിട്ട്‌ കത്തിച്ച്‌ ആ ചിതാഭസ്‌മം സരസ്വതി നദിയിലങ്ങോട്ടങ്ങ്‌ ഒഴുക്കി.

പിന്നൊന്ന്‌ സര്‍വ്വകലാശാലകളിലെ നിയമനങ്ങളെല്ലാം കുടൂംബക്കാര്‍ക്ക്‌ വീതിച്ചുകൊടുക്കുന്നവെന്നാണ്‌. എന്താണതിലിത്രയ്‌ക്കൊരു തെറ്റ്‌. കലയെപ്പറ്റി ആദ്യം പഠിക്കണം വിഡ്ഡികള്‍.

പാരമ്പര്യമായി കൈമാറപ്പൈടുന്നവയാണ്‌ അനുഷ്‌ഠാന കലകള്‍. കല ഒരു കലാപമാണെങ്കില്‍ കലാബോധവും കലാപബോധവും തലമുറതലമുറയായി കൈമാറപ്പെടും. അപ്പോ കുടുംബക്കാര്‍തന്നെയാണ്‌ സര്‍വ്വഥാ യോഗ്യര്‍. വിപ്ലവവീര്യം നിറഞ്ഞുപതയുന്നവര്‍ അകത്തുനില്‌ക്കുമ്പോള്‍ പുറത്തുള്ളവര്‍ക്ക്‌ കൊടുത്ത്‌ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാത്തതാണ്‌ ബുദ്ധി. അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തുമെല്ലാം കേരളത്തിലെ തനതു കലാരൂപങ്ങളായി അരങ്ങുതകര്‍ക്കുമ്പോള്‍ എല്ലാറ്റിനും കൂടി എക്കാലത്തെയും നല്ലൊരു വേദി കൊടുത്ത വീസിക്കും ടീമിനും അഭിവാദ്യങ്ങള്‍. സുഹൃത്തേ വിപ്ലവം ചുകപ്പുനാടയിലൂടെയാണു ഇനികടന്നു വരിക. അല്ലെങ്കില്‍ ലോട്ടറിടിക്കറ്റിലൂടെ.


7 comments:

NITHYAN said...

സര്‍വ്വകലാശാലയെന്നു കേട്ടാലോ
അപമാനപൂരിതമാകണമന്തരംഗം
സിണ്ടിക്കേറ്റെന്നുകേട്ടാലോ
ഊരിപ്പിടിക്കണം മെതിയടി കരങ്ങളില്‍
വീസിയെന്നു കേട്ടാലോ
മൂടുതാങ്ങിയെന്നു നിനക്കണം

തോന്ന്യാസി said...

നിത്യേട്ടാ.............

അപ്പു ആദ്യാക്ഷരി said...

ചിരിയും ചിന്തയും !!!

cp aboobacker said...

2005ല്‍ പരീക്ഷനടത്തി. ആ പേപ്പറുകള്‍ കാണാതായി. ഇപ്പോള്‍ ഇന്റര്‍വ്യൂ നടത്തി. ഇന്റര്‍വ്യൂവിന്‌ ആകെ 20 മാര്‍ക്ക്‌. അല്ലെങ്കില്‍ ആകെ 25.
അതില്‍ 15 എക്‌സ്‌പീരിയന്‍സ്‌, അധികവിദ്യാഭ്‌.യാസം തുടഹ്‌ങിയവയ്‌ക്ക്‌. ബാക്കി പത്തിലാണ്‌ ഈ പറഞ്ഞ കൃത്രിമം നടന്നെതന്ന്‌ ആരെങ്കിലും ആലോചിച്ചുവോ? ഇന്‌റര്‍വ്യൂവിന്‌ അത്ര മാര്‍ക്കേ കൊടുക്കാന്‍ പാടുള്ളു. അതാണ്‌ എന്റെ അറിവ്‌.
ഏതായാലും ഞാനൊരു സിന്റിക്കറ്റായതിനാല്‍ ഈവിഷയത്തില്‍ കസന്റ്‌ പറയുന്നില്ല. കമന്‌ററിക്കാരെ ഒരു കാര്യം അറിയിക്കുന്നുൂവെന്ന്‌ മാത്രം.

ഡി .പ്രദീപ് കുമാർ said...

അട്ടിമറിയിലൂടെ ഗുമസ്ഥപ്പണി സംഘടിപ്പിക്കുന്നതില്‍ കവിഞ്ഞു എന്തു വിപ്ലവമാണുള്ളത്?

കണ്ണൂരാന്‍ - KANNURAN said...

നിത്യൻ എന്നത്തേയും പോലെ ഫോമിൽ തന്നെ.. എന്റെ കൊളവയലേ (അതോ കൊലവയലോ) ആ പേപ്പർ കാണാത്തതെന്താ.. 25 മാർക്കേ ഇന്റർവ്യൂവിനുള്ളൂ, പക്ഷെ എഴുത്തു പരൂക്ഷക്കെത്രയാ മാർക്ക്? നാടകമേയുലകം...

Unknown said...

സര്‍വ്വകലാശാലയെന്നു കേട്ടാലോ
അപമാനപൂരിതമാകണമന്തരംഗം
സിണ്ടിക്കേറ്റെന്നുകേട്ടാലോ
ഊരിപ്പിടിക്കണം മെതിയടി കരങ്ങളില്‍
വീസിയെന്നു കേട്ടാലോ
മൂടുതാങ്ങിയെന്നു നിനക്കണം



എന്താണ് സര്‍ ഇപ്പോഴീ ക്ഷോഭത്തിനു കാരണം?